Connect with us

പ്രമാദമായൊരു കൊ ലക്കേസിലെ പ്രതിയെ വീട്ടിൽ ഒളിവിൽ പാർപ്പിക്കണമെന്നാവശ്യപ്പെട്ട് മോഹൻലാൽ വന്നു; പിന്നീട് സംഭവിച്ചത്; സത്യൻ അന്തിക്കാട്

Malayalam

പ്രമാദമായൊരു കൊ ലക്കേസിലെ പ്രതിയെ വീട്ടിൽ ഒളിവിൽ പാർപ്പിക്കണമെന്നാവശ്യപ്പെട്ട് മോഹൻലാൽ വന്നു; പിന്നീട് സംഭവിച്ചത്; സത്യൻ അന്തിക്കാട്

പ്രമാദമായൊരു കൊ ലക്കേസിലെ പ്രതിയെ വീട്ടിൽ ഒളിവിൽ പാർപ്പിക്കണമെന്നാവശ്യപ്പെട്ട് മോഹൻലാൽ വന്നു; പിന്നീട് സംഭവിച്ചത്; സത്യൻ അന്തിക്കാട്

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാൽ. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങൾ അവസ്മരണീയമാക്കിയ താരത്തിന് ആരാധകർ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല. കൊച്ചുകുട്ടികൾ മുതൽ പ്രായഭേദ വ്യത്യാസമില്ലാതെ എല്ലാവരുടെയും പ്രിയപ്പെട്ട ഏട്ടനാണ് മോഹൻലാൽ. ഇപ്പോഴിതാ മോഹൻലാലിനെ കുറിച്ചുള്ള ഒരു രസകരമായ കഥ പങ്കുവെച്ച് എത്തിയിരിക്കുകയാണ് സത്യൻ അന്തിക്കാട്. ഒരിക്കൽ ഒരു കൊലക്കേസ് പ്രതിയെ തന്റെ വീട്ടിൽ ഒളിവിൽ പാർപ്പിക്കണമെന്ന ആവശ്യവുമായി മോഹൻലാൽ കാണാൻ വന്നതിനെ കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നത്.

അന്തിക്കാട് അന്നു കുറെക്കൂടി വിശാലമായ ഗ്രാമമായിരുന്നു. വീടുകളും കെട്ടിടങ്ങളുമൊക്കെ താരതമ്യേന കുറവ്. പാടങ്ങളും നാട്ടുവഴികളും ധാരാളം. അത്തരമൊരു നാട്ടുവഴിക്കരികിലായിരുന്നു എന്റെ വീട്. കാറുകളും അത്യാവശ്യം ചെറിയ ലോറികളും പോകാവുന്ന ഇടവഴി. അവിടെനിന്ന് അല്പം മുകളിലേക്കു കയറിയാൽ ചെറിയൊരു തെങ്ങിൻതോപ്പ്. അതിന്റെ അറ്റത്തൊരു ഓടിട്ട വീട്. വരാന്തയിലിരുന്നാൽ റോഡിലൂടെ പോകുന്നവരുടെ തല കാണാം. അച്ഛന്റെ ചാരുകസേരയിലുന്ന് വഴിപോക്കരെ നോക്കിയിരിക്കുക എന്റെ പതിവായിരുന്നു. ചിലർ അവിടെനിന്ന് വിളിച്ചു ചോദിക്കും:

‘ഇപ്പോ പടമൊന്നുമില്ല അല്ലേ?’

തിരക്കുപിടിച്ച ഷൂട്ടിങ് കഴിഞ്ഞ് അന്നു രാവിലെ ഞാൻ വീട്ടിലെത്തിയിട്ടേ ഉണ്ടാകൂ. എങ്കിലും അവരെ സമാധാനിപ്പിക്കാനായി പറയും:
‘ഇല്ല.’

അങ്ങനെ ഒരുച്ചനേരത്ത് വരാന്തയിലിക്കുമ്പോഴാണ് വഴിയരികിൽ ഒരു കാർ വന്നുനിൽക്കുന്നത്. കാറിന്റെ മുകൾഭാഗമേ കാണാൻ പറ്റൂ. രണ്ടുപേർ ഇറങ്ങി പറമ്പിലേക്കു കയറി എന്റെ വീട് ലക്ഷ്യമാക്കി നടന്നുവരുന്നു. ഒരാൾ തോൾ അല്പം ചരിച്ചിട്ടാണ് നടക്കുന്നത്. ഒരു മോഹൻലാൽ സ്റ്റൈൽ. മുറ്റത്തെത്തുമ്പോൾ ഞെട്ടലോടെ മനസ്സിലാക്കുന്നു. സ്റ്റൈലല്ല. അത് മോഹൻലാൽതന്നെയാണ്. ഒപ്പമുള്ളത് സെഞ്ച്വറി ഫിലിംസിലെ കൊച്ചുമോനും. ഞാൻ ചാടിയെഴുന്നേറ്റു.

‘എന്താ ഒരു മുന്നറിയിപ്പുമില്ലാതെ?’
‘വരേണ്ടിവന്നു.’ ലാൽ പറഞ്ഞു.
അവർക്ക് ഇരിക്കാൻ കസേരയിട്ടുകൊടുത്തുകൊണ്ട് ഞാൻ ചോദിച്ചു:
‘ലാലു വരുന്നത് നാട്ടുകാർ ആരെങ്കിലും കണ്ടോ?’
‘ഇല്ല. ഞാൻ മുഖം മറച്ചുപിടിച്ചിട്ടാണ് വഴി ചോദിച്ചത്.’

എത്ര മുഖം മറച്ചുപിടിച്ചാലും മോഹൻലാലിന്റെ കൈവിരൽ കണ്ടാൽപ്പോലും ജനം തിരിച്ചറിയുമല്ലോ എന്ന് ഞാൻ ഭയന്നു. നാടോടിക്കാറ്റ് തിയേറ്ററുകളിൽ തകർത്ത് ഓടിക്കൊണ്ടിരിക്കുന്ന സമയമാണ്. ‘എന്നാലും വരുന്നത് ഒന്നറിയിക്കാമായിരുന്നു.’ ‘ഒന്നിനും സമയമുണ്ടായിരുന്നില്ല. പെട്ടെന്നാണ് ഒരത്യാവശ്യം വന്നത്.’ ‘അല്ലെങ്കിലും ഒന്ന് വിളിച്ചുപറയണമെങ്കിൽ ഇവിടെ ഫോണൊന്നുമില്ലല്ലോ’ എന്ന് കൊച്ചുമോൻ പറഞ്ഞു.

ശരിയാണ് അന്നെന്റെ വീട്ടിൽ ഫോണില്ല. ഇലക്ട്രിസിറ്റി തന്നെ ആയിടയ്ക്കാണ് വന്നത്. സംവിധാനം തുടങ്ങിയിട്ട് കൊല്ലം ആറായെങ്കിലും കാറും വാങ്ങിച്ചിട്ടില്ല. സിനിമകൾ റിലീസ് ചെയ്താൽ റിപ്പോർട്ട് അറിയണമെങ്കിൽ അന്തിക്കാട്ടുനിന്ന് കെ.കെ. മേനോൻ ബസ്സിൽ കയറി തൃശ്ശൂർ ടൗണിലെ പോസ്റ്റോഫീസിലെത്തും. അവിടെനിന്ന് എസ്.ടി.ഡി. ബൂത്ത് ഉണ്ട്.

വിളിക്കാവുന്നവരെയൊക്കെ വിളിച്ച് തിരിച്ചുപോരും. അതാണ് പതിവ്. അതിന്റെ ഒരു ശാന്തത പക്ഷേ, മനസ്സിനുണ്ടായിരുന്നു. വീട്ടിലെത്തിക്കഴിഞ്ഞാൽ നിശ്ശബ്ദതയുടെ ഉത്സവമാണ്. ഫോൺവിളികളില്ല. വാട്സ് ആപ്പ് സന്ദേശങ്ങളില്ല. സ്വസ്ഥം! സിനിമ, ദൂരെ മറ്റേതോ ലോകത്തുനടക്കുന്ന ഒന്നാണെന്ന് തോന്നും. എന്നാലും മോഹൻലാലും കൊച്ചുമോനുമൊക്കെ പെട്ടെന്ന് അന്തിക്കാട് വരാനുള്ള അത്യാവശ്യമെന്താണ്?

ലാൽ എന്നെ വിളിച്ച് മാറ്റിനിർത്തി ചെവിയിൽ സ്വകാര്യം പറഞ്ഞു:

‘ഒരാളെ കുറച്ചു ദിവസം സത്യേട്ടന്റെ വീട്ടിലൊന്ന് ഒളിച്ചു താമസിപ്പിക്കണം. കാറിലിരിപ്പുണ്ട്. വേറെ വഴിയില്ലാത്തതുകൊണ്ടാണ്. എതിരു പറയരുത്.’
ആളുടെ പേര് കേട്ടപ്പോൾ എന്റെ പാതി ജീവൻ പോയി. അക്കാലത്ത് പ്രമാദമായ കൊലക്കേസിലെ ഒന്നാം പ്രതി മോഹൻലാൽ നായകനായി അഭിനയിച്ച സിനിമയുടെ നിർമാതാവായിരുന്നു. എനിക്ക് വ്യക്തിപരമായി ഒരു പരിചയവുമില്ലാത്ത ആളാണ്.

എന്നും പത്രങ്ങളിൽ കാണാം- പ്രതി ഒളിവിലാണ്, പോലീസ് നാട്ടിലാകെ അരിച്ചുപെറുക്കുന്നു. ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നു എന്നൊക്കെ. അയാളെയാണ് എന്റെ വീട്ടിൽ ഒളിപ്പിക്കണമെന്ന ദൗത്യവുമായി ലാൽ എത്തിയിരിക്കുന്നത്. ‘നടക്കില്ല,’ ഞാൻ തറപ്പിച്ചുപറഞ്ഞു. ‘അങ്ങനെ പറയരുത്. സത്യേട്ടനുമായി യാതൊരു ബന്ധവുമില്ലാത്ത ആളാണെന്ന് എല്ലാവർക്കുമറിയാം. അതുകൊണ്ട് ഇവിടെ സേഫ് ആണ്. രണ്ടുദിവസം മതി. മുൻകൂർ ജാമ്യത്തിനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്.’

‘ലാലേ, ഒരു കൊലക്കേസ് പ്രതിയെ ഒളിപ്പിക്കുക എന്നു പറയുന്നതും വലിയ കുറ്റംതന്നെയാണ്. കേസിൽ പ്രതിചേർക്കപ്പെടാവുന്ന കുറ്റം. വെറുതെ എന്റെ സമാധാനം കളയരുത്.’ ലാൽ എന്റെ രണ്ടുകൈയും നെഞ്ചിൽ ചേർത്തുപിടിച്ച് ഇടറിയ ശബ്ദത്തിൽ പറഞ്ഞു: ‘ഞാനദ്ദേഹത്തിന് വാക്കുകൊടുത്തു. അതുകൊണ്ടാണ്. രണ്ടേരണ്ടു ദിവസം.’ മറുപടിക്ക് വാക്കുകൾ കിട്ടാതെ ഞാൻ പതറി. എങ്കിലും പെട്ടെന്നു കിട്ടിയ ന്യായം പറഞ്ഞു:

‘ഇതെന്റെ തറവാടാണ്. ഇവിടെയെന്റെ ചേട്ടനും കുടുംബവുമൊക്കെയുണ്ട്. അവർക്ക് ബുദ്ധിമുട്ടാകും. ഞാനൊരു വീട് പണിതുകൊണ്ടിരിക്കുകയാണ്. അത് പൂർത്തിയായിട്ടാണെങ്കിൽ എനിക്കുമാത്രം തീരുമാനമെടുക്കാമായിരുന്നു. ഇവിടെ എന്തായാലും പറ്റില്ല. ചേട്ടനും അമ്മയുമൊന്നും സമ്മതിക്കില്ല.’ അപ്പൊ ലാലിന്റെ അടുത്ത നിർദേശം: ‘വീട്ടുപണിക്കാരുടെകൂടെ നിർത്തിയാൽ മതി. ഒരു കൈലിമുണ്ടും ബനിയനും കൊടുത്താൽ പുള്ളി അവിടെ പണിക്കാരനായി നിന്നോളും. മണ്ണ് ചുമക്കുകയോ സിമന്റ് കൂട്ടുകയോ എന്തുവേണമെങ്കിലും ചെയ്യും. രണ്ടുദിവസം ഒന്ന് കടന്നു കിട്ടിയാൽ മതി.’

സൗമ്യത വെടിയാൻ തന്നെ ഞാൻ തീരുമാനിച്ചു. ഇനിയിപ്പൊ ഈ കാരണംകൊണ്ട് മോഹൻലാൽ പിണങ്ങിയാലും വിരോധമില്ല.
‘പറ്റില്ല ലാലേ. വേറെ ഏതെങ്കിലും വഴി നോക്ക്. അയാളെ കാറിലിരുത്തി വെറുതെ പ്രശ്നമുണ്ടാക്കണ്ട. വേഗം സ്ഥലംവിട്.’
‘അയ്യോ… ഇവിടെവരെ എത്തിയിട്ട് ഒരു ചായപോലും തരാതെ പറഞ്ഞുവിടുകയാണോ?’ അപ്പോൾ ലാലിന്റെ കണ്ണുകളിൽ ഒരു കള്ളച്ചിരി ഞാൻ കണ്ടു. കള്ളച്ചിരി പൊട്ടിച്ചിരിയായി മാറി. കൊച്ചുമോനും ആർത്തലച്ച് ചിരിക്കാൻ തുടങ്ങി. കാറിൽ പ്രതി പോയിട്ട് ഒരു സാക്ഷിപോലുമില്ലെന്ന് അപ്പോഴാണ് എനിക്ക് മനസ്സിലാവുന്നത്. അഭിനയം മോഹൻലാലിനെ ആരും പഠിപ്പിക്കേണ്ടതില്ലല്ലോ.

More in Malayalam

Trending

Recent

To Top