Malayalam
ഒരു സിനിമ പരാജയപ്പെട്ടാൽ അതിന്റെ മുഴുവൻ കുറ്റപ്പെടുത്തലുകളും അഭിനേതാക്കൾക്ക് നേരെയാണ്; മോഹൻലാൽ
ഒരു സിനിമ പരാജയപ്പെട്ടാൽ അതിന്റെ മുഴുവൻ കുറ്റപ്പെടുത്തലുകളും അഭിനേതാക്കൾക്ക് നേരെയാണ്; മോഹൻലാൽ
മലയാളുകളുടെ പ്രിയപ്പെട്ട താരമാണ് മോഹൻലാൽ. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങൾ അവസ്മരണീയമാക്കിയ താരത്തിന് ആരാധകർ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല. വലിയൊരു ആരാധകവൃന്തം തന്നെ മോഹൻലാലിനുണ്ട്. എന്നാൽ അദ്ദേഹം പലപ്പോഴും പുതുമുഖ സംവിധായകർക്കൊപ്പം പ്രവർത്തിക്കാൻ വിസമ്മതിക്കുന്നുവെന്നത്. അദ്ദേഹത്തെ സംബന്ധിച്ച് 2024 എന്ന വർഷം അത്ര നല്ലതായിരുന്നില്ല.
വളരെ പ്രതീക്ഷയോടെ തിയേറ്ററുകളിലെത്തിയ ചിത്രങ്ങൾ വരെ പരാജയപ്പെട്ടിരുന്നു. ഇതിനുള്ള കാരണമായി, പുതിയ സംവിധായകരുമായി മോഹൻലാൽ സിനിമ ചെയ്യാത്തതും കരിയറിലെ ഇപ്പോഴത്തെ വീഴ്ചയ്ക്ക് കാരണമാണെന്ന് അഭിപ്രായപ്പെടുന്നവർ ഏറെയാണ്. മറുവശത്ത് മമ്മൂട്ടി നവാഗത സംവിധായകർക്കൊപ്പം ചേർന്ന് ഹിറ്റുകൾ സൃഷ്ടിക്കുന്നതും പ്രേക്ഷകർ ചൂണ്ടിക്കാണിക്കുന്നു. ഇപ്പോഴിതാ പുതിയ സംവിധായകർക്കൊപ്പം സിനിമകൾ ചെയ്യുന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് മോഹൻലാൽ.
പുതിയ സംവിധായകർ മറ്റൊരു രീതിയിലാണ് ചെയ്യുന്നത്. പുതിയ സംവിധായകർക്കൊപ്പം താൻ സിനിമ ചെയ്യുന്നുണ്ട്. പുതിയ ചിത്രമായ തുടരും പുതിയ സംവിധായകന്റെ സിനിമയാണ്. ആവേശത്തിന്റെ സംവിധായകനൊപ്പം സിനിമ ചെയ്യാൻ പോകുന്നു. ഒരുപാട് കഥകൾ കേൾക്കുന്നുണ്ട്. ബ്ലെസിയുടെ ആദ്യ സിനിമ നമുക്ക് പാർക്കാൻ മുന്തിരിതോപ്പുകൾ എനിക്കൊപ്പമായിരുന്നു. ഒരുപാട് നല്ല സംവിധായകർ വരുന്നുണ്ട്.
പക്ഷെ അവർ കഥ പറയുമ്പോൾ അതിൽ ഞാൻ മോഹൻലാലിനെ കാണുന്നു. അതവർ തുടച്ച് നീക്കണം. ഇനി ഒരു പുതിയ സംവിധായകനൊപ്പം സിനിമ ചെയ്യുകയെന്നത് എനിക്ക് ചലഞ്ചിംഗ് ആണ്. പ്രോപ്പറായ സിനിമ തെരഞ്ഞെടുക്കണം. ഏറെ പ്രതീക്ഷയോടെ മലൈക്കോട്ടെ വാലിബൻ എന്ന സിനിമ ചെയ്തു. അത് നല്ല സിനിമയാണ്. പക്ഷെ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ല.
എന്നേക്കാൾ എന്റെ പ്രേക്ഷകരും ആരാധകരും വിഷമിക്കും. അതിനാൽ തെരഞ്ഞെടുക്കുമ്പോൾ വളരെ ശ്രദ്ധ കാണിക്കണം. അല്ലെങ്കിൽ ഭാരം എനിക്കാണ്. ഒരു സിനിമ പരാജയപ്പെട്ടാൽ അതിന്റെ മുഴുവൻ കുറ്റപ്പെടുത്തലുകളും അഭിനേതാക്കൾക്ക് നേരെയാണ് വരികയെന്നും മോഹൻലാൽ അഭിമുഖത്തിൽ പറഞ്ഞു.
പല സംവിധായകരും എന്നോട് കഥകൾ പറയാൻ വരാറുണ്ട്. എന്നാൽ അവയെല്ലാം മോഹൻലാലിന് വേണ്ടി തയ്യാറാക്കിയ കഥകളാണ്. തന്റെ പഴയ സിനിമകളെ ഓർമിപ്പിക്കുന്ന തരത്തിലാണ് പല കഥകളും. ഫ്രഷ് ആയിട്ടുള്ള വേഷങ്ങൾ ചെയ്യാനാണ് താത്പര്യം. പുതിയ സംവിധായകർക്കൊപ്പം പ്രവർത്തിക്കാൻ എനിക്ക് ആഗ്രഹമുണ്ട്. ഒരു സിനിമ ചെയ്യുമ്പോൾ അതിൽ എന്തെങ്കിലും പുതുമ വേണമല്ലോ.
മുമ്പ് ചെയ്തതുപോലുള്ള വേഷം വീണ്ടും കൊണ്ടുവന്നാൽ പ്രേക്ഷകർക്ക് ബോറടിക്കില്ലേ. പുതിയ സംവിധായകനായ തരുൺ മൂർത്തിയാണ് എന്റെ പുതിയ സിനിമ ചെയ്യുന്നത്. എട്ടുവർഷത്തോളമെടുത്താണ് ഈ സിനിമ തയ്യാറാവുന്നത്. ഇത്തരത്തിലുള്ള കഥകൾക്കാണ് ഞാൻ കാത്തിരിക്കുന്നതെന്നും മോഹൻലാൽ നേരത്തെ പറഞ്ഞിരുന്നു.
അതേസമയം, ബറോസ് എന്ന സിനിമയിലൂടെ സംവിധായകനായി തുടക്കം കുറിക്കുകയാണ് നടൻ. ഡിസംബർ 25 നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ബറോസ്: ഗാർഡിയൻ ഓഫ് ഡി’ഗാമാസ് ട്രഷർ എന്ന നോവലിനെ അടിസ്ഥാനമാക്കി ജിജോ പുന്നൂസാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്. മലയാളത്തിലെ ഇതുവരെ കാണാത്ത ദൃശ്യവിസ്മയമായിരിക്കും ബറോസിലൂടെ പ്രേക്ഷകർക്ക് ലഭിക്കാൻ പോവുകയെന്ന് തന്നെയാണ് സിനിമാപ്രേമികളുടെ പ്രതീക്ഷ. 3D യിലാണ് ചിത്രമെത്തുന്നത്.
ഫാന്റസി ഴോണറിലാണ് ചിത്രമൊരുങ്ങുന്നത്. ടൈറ്റിൽ കഥാപാത്രമായ ബറോസ് ആയി എത്തുന്നതും മോഹൻലാൽ തന്നെയാണ്. സന്തോഷ് ശിവൻ ആണ് ചിത്രത്തിന് ഛായാഗ്രഹം നിർവഹിക്കുന്നത്.
ലിഡിയൻ നാദസ്വരം എന്ന പതിനെട്ടുവയസുകാരനാണ് ചിത്രത്തിനായി സംഗീത സംവിധാനം. വാസ്‌കോഡ ഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ബറോസ് എന്ന ഭൂതത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. നിധി തേടി ഒരു കുട്ടി ബറോസിനു മുന്നിലെത്തുന്നതാണ് കഥയുടെ പ്രമേയം. ബറോസിന് പുറമെ തുടരം, ഹൃദയപൂർവം, വൃഷഭ, എമ്പുരാൻ തുടങ്ങിയ സിനിമളാണ് 2025 ൽ എത്തുക.
