Social Media
മോഹൻലാൽ ആശുപത്രിയിലാണെന്ന തരത്തിൽ വ്യാജ പ്രചരണം; വിമർശനവുമായി ആരാധകർ
മോഹൻലാൽ ആശുപത്രിയിലാണെന്ന തരത്തിൽ വ്യാജ പ്രചരണം; വിമർശനവുമായി ആരാധകർ
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ കേരളക്കരയുടെ മനസ്സിൽ ചേക്കേറിയിട്ട് വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞു. ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിച്ചും മോഹൻലാൽ എന്ന നടവിസ്മയും തിരശ്ശീലയിൽ ആടിത്തീർത്തത് എത്രയോ മികച്ച കഥാപാത്രങ്ങൾ. ഇനിയും ചെയ്യാനിരിക്കുന്നത് അതിലേറെ മികച്ച വേഷങ്ങൾ.
ഇപ്പോഴിതാ മോഹൻലാൽ ആശുപത്രിയിലാണെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചരണം നടക്കുകയാണ്. സമൂഹമാധ്യമത്തിൽ പ്രചരിക്കുന്ന പോസ്റ്റുകൾ നടൻ ആശുപത്രിയിൽ ചികിത്സയിലാണെന്ന് പറയുന്നു. പനിയും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ കാരണം മോഹൻലാലിനെ കൊച്ചിയിലെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നായിരുന്നു സമൂഹമാധ്യമത്തിലെ പോസ്റ്റുകൾ.
ചിലതിൽ ആശുപത്രി റിപ്പോർട്ടും നടന്റെ ചിത്രം ഉൾക്കൊള്ളുന്ന പോസ്റ്ററുകളും ഉൾപ്പെടുത്തിയിരുന്നു. പുതിയ സംഭവം എന്ന നിലയിലായിരുന്നു പ്രചരിക്കുന്ന പോസ്റ്റുകളിലെയും വിഡിയോയിലെയും അവതരണം. എന്നാൽ വാർത്ത 2024 ആഗസ്റ്റ് 18ലേതാണ്. അന്ന് പനിയും ശ്വാസതടസ്സവും കാരണം മോഹൻലാൽ അമൃത ആശുപത്രിയിൽ വൈദ്യസഹായം തേടിയിരുന്നു. അന്ന് പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ ശ്വാസകോശ അണുബാധ സ്ഥിരീകരിച്ചിരുന്നു.
അദ്ദേഹം വൈദ്യ പരിചരണത്തിലാണെന്നും സുഖം പ്രാപിച്ചുകൊണ്ടിരിക്കുകയാണെന്നും ആശുപത്രി അധികൃതർ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. ഇതാണ് പുതിയ വാർത്ത എന്ന തരത്തിൽ പ്രചരിക്കുന്നത്. അന്ന് താരത്തിന് അഞ്ചുദിവസത്തെ വിശ്രമം ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു. തിരക്കുള്ള സ്ഥലങ്ങളിൽ സന്ദർശനം ഒഴിവാക്കണമെന്നും നിർദേത്തിലുണ്ടായിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്നുണ്ടായ വെളിപ്പെടുത്തലുകളും മറ്റും ചർച്ച ചെയ്യാൻ ചേരാനിരുന്ന ‘അമ്മ’ എക്സിക്യൂട്ടീവ് മോഹൻലാലിന് എത്താൻ അസൗകര്യമുള്ളതിനാൽ മാറ്റിയതായുള്ള വാർത്ത ആഗസ്റ്റ് 26ന് പുറത്തു വന്നിരുന്നു.
ഈ വേളയിൽ അമൃത ആശുപത്രിയിലെ ഒരു ഡോക്ടറുടേതെന്ന തരത്തിൽ പ്രചരക്കുന്ന ഓഡിയോയും അന്ന് വൈറലായി മാറിയിരുന്നു. ഒരു യൂട്യൂബ് ചാനൽ പുറത്ത് വിട്ട വീഡിയോയിലാണ് ഇതേ കുറിച്ച് പറയുന്നത്. അദ്ദേഹത്തിന് പനിയുണ്ടായിരുന്നെന്നും എന്നാൽ അതീവഗുരുതരാവസ്ഥയിലാണെന്ന് പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും ഡോക്ടർ പറയുന്നത് കേൾക്കാമായിരുന്നു.
വെറുതേ ആൾക്കാർ തെറ്റിദ്ധരിക്കുന്നതാണ്. എന്താണ് ശരിക്കും സംഭവിച്ചത് എന്ന് വെച്ചാൽ അദ്ദേഹത്തിന് പനിയുണ്ടായിരുന്നു. ഇപ്പോഴത്തെ പനി വലിയ പ്രശ്നമായതുകൊണ്ട് പൂർണമായി വിശ്രമം ആവശ്യമാണെന്നും തിരക്കുള്ള സ്ഥലങ്ങളിൽ സന്ദർശനം ഒഴിവാക്കണമെന്നും ഉപദേശം എഴുതിക്കൊടുത്തു.
അവർക്ക് പ്രോഗ്രാമുകൾ ഉള്ളതുകൊണ്ട് പറയണമല്ലോ ഇങ്ങനെ പോകാൻ പറ്റില്ലെന്ന്. അത് എങ്ങനെയോ ലീക്കായിട്ട് ലാസ്റ്റ് അദ്ദേഹം ഐസിയുവിലാണെന്നൊക്കെയാണ് പറഞ്ഞിറക്കിയത്. അതിലൊന്നും ഒരു സത്യാവസ്ഥയുമില്ല. അദ്ദേഹം സ്ഥിരം അമൃതയിൽ തന്നെയാണ് ചികിത്സിക്കുന്നത്. അദ്ദേഹത്തിന്റെ അമ്മയെയും അമൃതയിൽ തന്നെയാണ് ചികിത്സിക്കുന്നത് എന്നുമാണ് ഡോക്ടർ പറയുന്നത്.
പിന്നാലെ നിരവധി പേരാണ് ഇത്തരത്തിൽ വ്യാജ വാർത്തകൾ പ്രചരിക്കുന്നവർക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണം, ആൾക്കാരെ പറ്റിക്കാനായി ഇങ്ങനൊന്നും ചെയ്യല്ലേ…എല്ലാവർക്കും പ്രിയപ്പെട്ട ആ വ്യക്തിയെ കുറിച്ച് എന്തിന് ഇങ്ങനെ വ്യാജ വാർത്ത പടച്ച് വിടുന്നു എന്നെല്ലാമാണ് സോഷ്യൽ മീഡിയയിൽ പലരും കമന്റുകളുമായി എത്തിയിരിക്കുന്നത്.
അടുത്തിടെ മോഹൻലാൽ തന്റെ അമ്മയെ കുറിച്ച് പറഞ്ഞ വാക്കുകളും വൈറലായിരുന്നു. അമ്മ ഏഴെട്ടു വർഷങ്ങളായി കിടപ്പിലാണ്. നല്ല മാതാപിതാക്കൾ തന്നെ ആയിരുന്നു ഇരുവരും. അങ്ങനെ ആണല്ലോ പറയുക നല്ല മാതാപിതാക്കൾക്ക് നല്ല മക്കളും നല്ല മക്കൾക്ക് നല്ല മാതാപിതാക്കന്മാരും ഉണ്ടാകും. എല്ലാവരും നല്ല കുട്ടികളും നല്ല മാതാപിതാക്കന്മാരും ആണ്. എന്റെ അച്ഛന്റെയും അമ്മയുടെയും മകനായി ജനിക്കാൻ കഴിഞ്ഞതാണ് ഞാൻ ഈ ചെയ്ത ഏറ്റവും വലിയ നന്മ. എല്ലാ ദിവസവും എന്റെ അമ്മയെ ഞാൻ വിളിക്കാറുണ്ട്. സുഖം ഇല്ലാതെ കിടക്കുമ്പോൾ പോലും എന്നെ കുറിച്ചാണ് എന്റെ അമ്മയുടെ കൺസേൺ, എല്ലാ അച്ഛനമ്മമാരും അങ്ങനെ ആണ്… എനിക്ക് അറിയാം. പക്ഷെ എന്റെ അച്ഛനും അമ്മയും എനിക്ക് വളരെ സ്‌പെഷ്യൽ ആണ്.
എനിക്ക് അഭിനയം ആണ് ലഹരി. നമ്മൾ ചെയ്യുന്ന ജോലിയോടുള്ള പ്രതിബന്ധത ആകണം ലഹരി. നമ്മൾക്ക് ഈ ലോകത്തിൽ ഈശ്വരൻ തന്ന ജീവിതം മറ്റുള്ളവർക്കും ഉപകാരപ്രദമാകുന്ന രീതിയിൽ ജീവിക്കാൻ നമുക്ക് ആകണം. വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ നല്ലൊരു തലമുറ ഇല്ലാതാകും എന്നും മോഹൻലാൽ പറഞ്ഞു.
എന്റെ എല്ലാ സിനിമയും തിയേറ്ററിൽ പോകാതെ അമ്മയ്ക്ക് ഞാൻ കാണിച്ചുകൊടുക്കാറുണ്ട്. ഒരു പെൻഡ്രൈവിലൊക്കെയാക്കിയാണ് കാണിച്ച് കൊടുക്കാറ് എന്നും മോഹൻലാൽ പറഞ്ഞു. അമ്മയെ കുറിച്ച് സംസാരിക്കുമ്പോൾ മോഹൻലാലിന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. ഇതിന് മുമ്പും അമ്മയെ കുറിച്ച് മോഹൻലാൽ തുറന്ന് പറഞ്ഞിട്ടുണ്ട്.
സ്ട്രോക്കാണ് അമ്മയുടെ ആരോഗ്യസ്ഥിതി വഷളാക്കിയത്. അമ്മ സംസാരിക്കും എന്നാൽ ക്ലാരിറ്റി കുറവാണ്. എങ്കിലും അമ്മ സംസാരിക്കുന്നത് നമ്മൾക്ക് മനസിലാകും. സംസാരിച്ചുകൊണ്ടിരുന്ന സമയത്ത് പെട്ടന്നാണ് അമ്മയ്ക്ക് വയ്യാതെയായത് എന്നാണ് ഒരിക്കൽ ജോൺ ബ്രിട്ടാസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ മോഹൻലാൽ പറഞ്ഞത്.
അതേസമയം, ബാറോസ് എന്ന ചിത്രമാണ് മോഹൻലാലിന്റേതായി പുറത്തെത്തിയ ചിത്രം. അദ്ദേഹം സംവിധാനം ചെയ്ത ആദ്യ ചിത്രം കൂടിയാണിത്. റോസ്: ഗാർഡിയൻ ഓഫ് ഡി’ഗാമാസ് ട്രഷർ എന്ന നോവലിനെ അടിസ്ഥാനമാക്കി ജിജോ പുന്നൂസാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്. 3D യിലാണ് ചിത്രമെത്തിയത്. എന്നാൽ പ്രതീക്ഷിച്ചത് വിജയം കൈവരിക്കാനായില്ല.
ഫാന്റസി ഴോണറിലാണ് ചിത്രമെത്തിയത്. ടൈറ്റിൽ കഥാപാത്രമായ ബറോസ് ആയി എത്തിയതും മോഹൻലാൽ തന്നെയാണ്. സന്തോഷ് ശിവൻ ആണ് ചിത്രത്തിന് ഛായാഗ്രഹം നിർവഹിച്ചു. ലിഡിയൻ നാദസ്വരം എന്ന പതിനെട്ടുവയസുകാരനാണ് ചിത്രത്തിനായി സംഗീത സംവിധാനം നിർവഹിച്ചത്.
തുടരും എന്ന തരുൺമൂർത്തി ചിത്രമാണ് മോഹൻലാലിന്റേതായി പുറത്തെത്താനുള്ള ചിത്രം. ഷൺമുഖം എന്ന സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറെയാണ് മോഹൻലാൽ തുടരും എന്ന ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മോഹൻലാലിന്റെ ലുക്കുകൾ നേരത്തെ ചിത്രത്തിലേതായി പുറത്തുവിട്ടത് വലിയ ശ്രദ്ധനേടിയിരുന്നു. ഷൺമുഖത്തിന്റെ ജീവിതം നർമ്മത്തിലൂടെയും ഹൃദയസ്പർശിയായ രംഗങ്ങളിലൂടെയും അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.
സത്യൻ അന്തിക്കാടിന്റെ ഹൃദയപൂർവം എന്ന ചിത്രത്തിലും മോഹൻലാൽ ജോയിൻ ചെയ്തിട്ടുണ്ട്. രണ്ടാളും ഒരുമിക്കുന്ന 20-ാമത്തെ സിനിമയാണിത്. ഈ സിനിമ നിർമിക്കുന്നത് ആശീർവാദ് സിനിമാസ് ആണ്. സിനിമയുടെ ചിത്രീകരണം ഫെബ്രുവരി പത്തിനാണ് ആരഭിക്കുന്നത്. അഖിൽ സത്യന്റെ കഥയ്‌ക്ക് സോനു ടിപിയാണ് തിരക്കഥയൊരുക്കുന്നത്. ഒരുപാട് മികച്ച സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച, സത്യൻ അന്തിക്കാട്- മോഹൻലാൽ കോംബോ വീണ്ടും ഒന്നിക്കുമ്പോൾ പ്രേക്ഷകർക്കും പ്രതീക്ഷയേറെയാണ്.
അതേസമയം, അനൂപ് മേനോനാണ് മോഹൻലാലിന്റെ പുതിയ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. ചിത്രത്തിന്റെ വിശേഷങ്ങൾ മോഹൻലാൽ ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചു. അനുപ് മേനോൻ, ടിനി ടോം എന്നിവരോടൊപ്പം നിൽക്കുന്ന ചിത്രങ്ങളും മോഹൻലാൽ പങ്കുവച്ചിരുന്നു. തന്റെ അടുത്ത സിനിമ പ്രഖ്യാപിക്കുന്നതിൽ സന്തോഷമുണ്ടെന്ന് മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചു. എന്റെ അടുത്ത സിനിമ പ്രഖ്യാപിക്കുന്നതിൽ സന്തോഷമുണ്ട്, പ്രണയവും ആഗ്രഹവും സംഗീതവും കടന്നുള്ള ഒരു നാടകീയ യാത്ര. തിരുവനന്തപുരം, കൊൽക്കത്ത, ഷില്ലോങ് എന്നിവിടങ്ങളിലായി ചിത്രീകരിക്കും.
അനൂപ് മേനോൻ രചനയും സംവിധാനവും നിർവ്വഹിക്കുകയും ടൈംലെസ് മൂവീസിന്റെ നിർമ്മാണത്തിൽ ബിടിഎസ് എന്ന മികച്ച ടീമിനെ ഉൾപ്പെടുത്തുകയും ചെയ്യുന്ന ഈ സബ്ജക്ട് എന്റെ ഹൃദയത്തോട് വളരെ അടുത്തുനിൽക്കുന്നു. ഞങ്ങളുടെ ഇതിഹാസ യാത്രയുടെ ഭാഗമാകാൻ നിങ്ങളെ എല്ലാവരെയും ഞാൻ ആത്മാർത്ഥമായി സ്വാഗതം ചെയ്യുന്നു’ എന്നാണ് മോഹൻലാലിന്റെ പോസ്റ്റ്.
പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. പലരും വിമർശിച്ചുകൊണ്ടാണ് കമന്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പുകൾ കുറച്ച് ശ്രദ്ധിച്ചൂടെ എന്നൊക്കെ ചോദിച്ചുകൊണ്ടുള്ള നെഗറ്റീവ് കമന്റുകൾ മാത്രമാണ് പോസ്റ്റിന് താഴെ വരുന്നത്. മോഹൻലാലിനെ സംബന്ധിച്ച് കഴിഞ്ഞ കുറച്ച് വർഷങ്ങൾ അത്ര നല്ലതായിരുന്നില്ല എന്ന് തന്നെയാണ് ആരാധകരും പറയുന്നത്. വളരെ പ്രതീക്ഷയോടെ തിയേറ്ററുകളിലെത്തിയ ചിത്രങ്ങൾ വരെ പരാജയപ്പെട്ടിരുന്നു. ഇതിനുള്ള കാരണമായി, പുതിയ സംവിധായകരുമായി മോഹൻലാൽ സിനിമ ചെയ്യാത്തതും കരിയറിലെ ഇപ്പോഴത്തെ വീഴ്ചയ്ക്ക് കാരണമാണെന്ന് അഭിപ്രായപ്പെടുന്നവർ ഏറെയാണ്. മറുവശത്ത് മമ്മൂട്ടി നവാഗത സംവിധായകർക്കൊപ്പം ചേർന്ന് ഹിറ്റുകൾ സൃഷ്ടിക്കുന്നതും പ്രേക്ഷകർ ചൂണ്ടിക്കാണിക്കുന്നു.
മാത്രമല്ല, അനൂപ് മേനൊനാണ് വിമർശനങ്ങൾക്ക് പ്രധാന കാരണമെന്നാണ് കമന്റുകളിൽ നിന്നും വ്യക്തമാകുന്നത്. അനൂപ് മേനോൻ സംവിധാനം ചെയ്ത സിനിമകൾ ഒന്നും ഇതുവരെ വലിയ രീതിയിൽ വിജയം നേടിയിട്ടുമില്ലാത്തതും ആരാധകരെ നിരാശയിലാഴ്ത്തുന്നു. എന്നാൽ, പകൽ നക്ഷത്രങ്ങൾ എന്ന ചിത്രത്തിന് വേണ്ടി തിരക്കഥ എഴുതിയത് അനൂപ് മേനോൻ ആയിരുന്നു. ചിത്രത്തിലെ അഭിനയത്തിന് മോഹൻലാലിന് മാതൃഭൂമിയുടെ മികച്ച നടനുള്ള ക്രിട്ടിക് പുരസ്‌കാരം ലഭിച്ചിരുന്നു.
