Actor
40 വർഷം കഴിഞ്ഞിട്ടാണ് ഒരു ത്രിഡി ചിത്രം ഉണ്ടാകുന്നത്; സംവിധായകൻ ആകണമെന്ന് കരുതിയല്ല, ബറോസ് സംവിധാനം ചെയ്യാൻ തീരുമാനിച്ചതെന്ന് മോഹൻലാൽ
40 വർഷം കഴിഞ്ഞിട്ടാണ് ഒരു ത്രിഡി ചിത്രം ഉണ്ടാകുന്നത്; സംവിധായകൻ ആകണമെന്ന് കരുതിയല്ല, ബറോസ് സംവിധാനം ചെയ്യാൻ തീരുമാനിച്ചതെന്ന് മോഹൻലാൽ
മാേഹൻലാലിന്റെ സംവിധാനത്തിൽ പുറത്തെത്തുന്ന ബാറോസിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ ബാറോസിനെ കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഒരു സിനിമയുടെ സംവിധായകൻ ആകണമെന്ന് കരുതിയല്ല, ബറോസ് സംവിധാനം ചെയ്യാൻ തീരുമാനിച്ചതെന്നാണ് അദ്ദേഹം പറയുന്നത്.
എന്തെങ്കിലും വ്യത്യസ്തമായത് ചെയ്യാമെന്ന തോന്നലാണ് ബറോസിലെത്തിയത്. ആരും ചെയ്യാത്ത കാര്യം ചെയ്യുമ്പോഴാണ് അതിനൊരു സവിശേഷത ഉണ്ടാകുന്നത്. ത്രിഡി സിനിമ ചെയ്യാൻ പറ്റുമോ എന്ന് ഞാൻ രാജീവ് കുമാറിനോട് ചോദിച്ചു. പക്ഷേ, കണ്ണാടി വച്ചൊക്കെ കാണണം. സിനിമ മുഴുവൻ അങ്ങനെയായിരിക്കില്ല, ഇടയ്‌ക്കൊക്കെ വെയ്ക്കേണ്ടിവരും.
ഇത് ചെയ്യുന്നതിനെ കുറിച്ച് ആലോചിച്ചപ്പോൾ ചെലവ് വളരെ കൂടുതലാണെന്ന് മനസിലായി. ഒരു സ്ഥലത്ത് ചെയ്തുകഴിഞ്ഞാൽ അത് മറ്റൊരിടത്തേയ്ക്ക് പോകുകയാണെങ്കിൽ ടെക്നിക് സൈഡ് ഭയങ്കര ബുദ്ധിമുട്ടായിരിക്കും. മൈ ഡിയർ കുട്ടിച്ചാത്തൻ കഴിഞ്ഞ് ത്രിഡിയായി ഇറങ്ങിയത് ചുരുക്കം ചില സിനിമകൾ മാത്രമാണ്.
പക്ഷേ, അതിൽ ചിലത് വിജയിച്ചതുമില്ല. അങ്ങനെയാണ് ഈ സിനിമയുടെ കഥയിലേയ്ക്ക് വരുന്നത്. പിന്നീട് സിനിമ ആര് സംവിധാനം ചെയ്യും എന്നായിരുന്നു ചിന്തിച്ചത്. കുറച്ച് ആളുകളുടെ പേരുകൾ ആലോചിച്ചു. ആരും ചെയ്യുന്നില്ലെന്ന് അറിഞ്ഞപ്പോൾ ഞാൻ തന്നെ ഏറ്റെടുത്തു. 40 വർഷം കഴിഞ്ഞിട്ടാണ് ഒരു ത്രിഡി ചിത്രം ഉണ്ടാകുന്നത്. എല്ലാവരും അത് കാണാനുള്ള സന്തോഷത്തിലാണ്.
അതിൽ അഭിനയിച്ചവരൊക്കെ പുറത്ത് നിന്നുള്ളവരാണ്. സ്പെയിൻ, യുകെ, പോർച്ചുഗൽ എന്നിവിടങ്ങളിലുള്ള ആർട്ടിസ്റ്റുകളാണ് സിനിമയിലുള്ളത്. സംഗീതം ചെയ്യാൻ ഹോളിവുഡിൽ നിന്നാണ് ആളുകൾ വന്നിരിക്കുന്നത്. അങ്ങനെയാണ് ഇതൊരു പാൻ ഇന്ത്യൻ സിനിമയായി മാറിയത്.
ഫാന്റസി സിനിമയാണിത്. പല കാരണങ്ങൾ ഉള്ളതിനാൽ റിലീസ് തീയതിയൊക്കെ മാറ്റിയിട്ടുണ്ട്. കുട്ടികൾക്കായുള്ള സിനിമയാണിത്. ബറോസ് തിയേറ്ററിൽ കാണാനുള്ള ആകാംക്ഷയിലാണ് ഞങ്ങൾ എല്ലാവരുമെന്നും മോഹൻലാൽ അഭിമുഖത്തിൽ സംസാരിക്കവെ പറഞ്ഞു. ബറോസിൽ ബറോസ് എന്ന ഭൂതത്തിന്റെ വേഷമാണ് മോഹൻലാലിന്.
ബറോസ്: ഗാർഡിയൻ ഓഫ് ഡി’ഗാമാസ് ട്രഷർ എന്ന നോവലിനെ അടിസ്ഥാനമാക്കി ജിജോ പുന്നൂസാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്. മലയാളത്തിലെ ഇതുവരെ കാണാത്ത ദൃശ്യവിസ്മയമായിരിക്കും ബറോസിലൂടെ പ്രേക്ഷകർക്ക് ലഭിക്കാൻ പോവുകയെന്ന് തന്നെയാണ് സിനിമാപ്രേമികളുടെ പ്രതീക്ഷ. 3D യിലാണ് ചിത്രമെത്തുന്നത്.
ഫാന്റസി ഴോണറിലാണ് ചിത്രമൊരുങ്ങുന്നത്. സന്തോഷ് ശിവൻ ആണ് ചിത്രത്തിന് ഛായാഗ്രഹം നിർവഹിക്കുന്നത്. ലിഡിയൻ നാദസ്വരം എന്ന പതിനെട്ടുവയസുകാരനാണ് ചിത്രത്തിനായി സംഗീത സംവിധാനം നിർവഹിക്കുന്നത്. ടി. കെ രാജീവ്കുമാറാണ് ചിത്രത്തിന്റെ ടെക്നിക്കൽ ഹെഡ്. സത്യൻ അന്തിക്കാട്, അനൂപ് സത്യൻ എന്നിവരുടെ ചിത്രങ്ങളാണ് മോഹൻലാലിനെ കാത്തിരിക്കുന്നത്.