മോഹൻലാൽ ബി ജെ പി അനുഭാവിയോ ? രാഷ്ട്രീയം വെളിപ്പെടുത്തി മോഹൻലാൽ !
രാഷ്ട്രീയവും സിനിമയും തമ്മില്‍ പല സാമ്യങ്ങളുമുണ്ട്. രണ്ട് മേഖലകളിലും പ്രവചനാതീതമായാണ് ആളുകള്‍ പ്രശസ്തിയുടെ കൊടുമുടിയിലേറുന്നതും വിസ്മൃതിയുടെ പടുകുഴിയിലേക്ക് പതിക്കുന്നതും.
തമിഴ്നാട്ടിലേത് പോലെ രാഷ്ട്രീയവും സിനിമയും അത്ര ചേർന്ന് നില്ക്കുന്ന കാര്യമല്ല മലയാളികള്‍ക്ക് എങ്കിലും രണ്ടും തമ്മില്‍ തീർത്തും അന്യമല്ല. സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലെത്തി തിളങ്ങിയ ഒട്ടനവധി താരങ്ങള്‍ കേരളരയിലുണ്ട്. അവരില്‍ നിന്ന് എംപിമാരും എംഎല്‍എമാരും വരെ ആയവരും മറ്റ് പദവികള്‍ വഹിക്കുന്നവരുമുണ്ട്. രാഷ്ട്രീയത്തില്‍ നിന്ന് സിനിമയില്‍ എത്തിയവരും ഉണ്ട്.
സൂപ്പർ സ്റ്റാറുകളുടെ കാര്യത്തിലേക്ക് വരികയാണെങ്കില്‍ സുരേഷ് ഗോപി ബി ജെ പി അംഗമായി പാർലമെന്റിലേക്ക് എത്തിയപ്പോള്‍ മമ്മൂട്ടിയുടെ ഇടതുഅനുഭാവം പരസ്യമായ രഹസ്യമാണ്. തിരഞ്ഞെടുപ്പ് അടുക്കുമ്പോഴൊക്കെ മത്സര രംഗത്തേക്ക് അദ്ദേഹത്തിന്റെ പേരും അഭ്യൂഹങ്ങളായി ഉയർന്ന് വരും. നേരെ മറിച്ച് മോഹന്‍ലാലിന്റെ കാര്യമാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാട് ഇന്നും ഒരു ‘പ്രഹേളിക’യായി തുടരുകയാണ്.മോഹന്‍ലാല്‍ സംഘപരിവാർ അനുകൂലിയാണെന്ന പ്രചരണം ബി ജെ പിക്കാർ ഉള്‍പ്പടേയുള്ളവർ തന്നെയും നടത്തുന്നുണ്ടെങ്കിലും ഇന്നും തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറായിട്ടില്ല.
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പ് സമയത്ത് മോഹന്‍ലാല്‍ തിരുവനന്തപുരത്ത് ബി ജെ പി ടിക്കറ്റില്‍ മത്സരിക്കാന്‍ പോകുന്നു എന്ന് ദേശീയ മാധ്യമങ്ങളിലടക്കം വാർത്തയും വന്നിരുന്നു. എന്നാല്‍ ആ വാഗ്ദാനം അദ്ദേഹം നിരസിക്കുകയായിരുന്നു.ഇപ്പോഴിതാ രാഷ്ട്രീയത്തോടുള്ള തന്റെ കാഴ്ചപ്പാട് വ്യക്തമാക്കി കൊണ്ട് മോഹന്‍ലാല്‍ തന്നെ നേരിട്ട് രംഗത്ത് എത്തിയിരിക്കുകയാണ്. രാഷ്ട്രീയം എന്ന് പറയുന്നത് എന്റെ കപ്പ് ഓഫ് ടീ അല്ല എന്നാണ് താരം വ്യക്തമാക്കുന്നത്. ഒരു പാട് സ്ഥലത്ത് പോയാല്‍ ഈ സ്ഥലം മോഹന്‍ലാലിന്റേതാണ്, ആ വീട് മോഹന്‍ലാലിന്റേതാണ് എന്നൊക്കെയാണ് പറയുന്നത്. എല്ലാവരേയും ഞാന്‍ സ്നേഹിക്കുന്നു.
അവരും എന്നെ സ്നേഹിക്കണം എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്നും മോഹന്‍ലാല്‍ അഭിപ്രായപ്പെടുന്നു.
ഒരു കക്ഷി രാഷ്ട്രീയം എന്ന് പറയുന്നതിലേക്ക് പോവാന്‍ എനിക്ക് താല്പര്യമില്ലെന്നും അദ്ദേഹം പറയുന്നു.പ്രമുഖ മാധ്യമത്തോട് ആയിരുന്നു താരം മനസ്സ് തുറന്നത്. ഒരുപാട് പാർട്ടികളോട് നമുക്ക് താല്പര്യം തോന്നാം. ഏത് പാർട്ടികളുടേയും നല്ല ആശയങ്ങളോട് സഹകരിക്കാന്‍ തയ്യാറാണെന്നും മോഹന്‍ലാല്‍ പറയുന്നു.
വിമർശനങ്ങളെ കാര്യമായി എടുക്കുന്നില്ല. അത് എന്നെ ബാധിക്കാത്ത കാര്യമാണ്. പക്ഷെ എന്തും എന്നില്‍ ആരോപിക്കാം എന്നുള്ള അവസ്ഥയാണ് ഉള്ളതെന്നും അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറയുന്നു. തിരുവോണം നാളില്‍ അഭിമുഖത്തിന്റെ പൂർണ്ണ രൂപം സംപ്രേക്ഷണം ചെയ്യും.
