Malayalam
പുള്ളി തന്ന ജ്യൂസ് കുടിച്ച് കൈകാലൊക്കെ കുഴയുന്ന പോലെ തോന്നി, രണ്ട് മണിക്കൂർ കഴിഞ്ഞാണ് എഴുന്നേറ്റത്, കാണാൻ പാടില്ലാത്ത പലതിനും ഞാൻ സാക്ഷിയാണ്; മിനു മുനീർ
പുള്ളി തന്ന ജ്യൂസ് കുടിച്ച് കൈകാലൊക്കെ കുഴയുന്ന പോലെ തോന്നി, രണ്ട് മണിക്കൂർ കഴിഞ്ഞാണ് എഴുന്നേറ്റത്, കാണാൻ പാടില്ലാത്ത പലതിനും ഞാൻ സാക്ഷിയാണ്; മിനു മുനീർ
മലയാളചലച്ചിത്ര ലോകത്ത് നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് ബാലചന്ദ്രമേനോൻ. മലയാള സിനിമയിൽ ഒറ്റയാൾ പ്രസ്ഥാന കൊണ്ടുവന്നത് ബാലചന്ദ്ര മേനോനാണ്. സംവിധാനം ചെയ്തു കൊണ്ട് കഥാപാത്രമായി അഭിനയിക്കുന്ന മേനോൻ നിരവധി ചിത്രങ്ങളിൽ പാട്ടു പാടുകയും ചെയ്തിട്ടുണ്ട്. പാശ്ചാത്യവത്കരണത്തിനെതിരെ മലയാളത്തനിമയെ ഉയർത്തിക്കാട്ടുന്നവയാണ് മേനോൻ സിനിമകൾ. ലോകത്ത് ഏറ്റവും കൂടുതൽ ചലച്ചിത്രങ്ങൾ സ്വന്തമായി തിരക്കഥ എഴുതി സംവിധാനം ചെയ്ത് അഭിനയിച്ച വ്യക്തി എന്ന നിലയിൽ 2018-ൽ ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ സ്ഥാനം നേടുകയും ചെയ്തിരുന്നു.
അദ്ദേഹത്തിനെതിരെ ഗുരുതര ലൈം ഗികാരോപണമുന്നയിച്ച് രംഗത്തെത്തിയിരുന്ന നടിയാണ് മിനു മുനീർ. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ബാലചന്ദ്ര മേനോനെ സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ നടി മിനു മുനീറിനെ അറസ്റ്റ് ചെയ്തതായി കഴിഞ്ഞ ദിവസം വാർത്തകൾ വന്നിരുന്നു. എന്നാൽ തന്നെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ആ ദിവസം മുഴുവൻ വീട്ടിൽ തന്നെ ഉണ്ടായിരുന്നുവെന്നുമാണ് മിനു മുനീർ പറയുന്നത്.
കഴിഞ്ഞ ദിവസം ഇവർ ബാലചന്ദ്ര മേനോന് എതിരെ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. അതിന് ശേഷമാണ് അറസ്റ്റിലായെന്ന വാർത്തകൾ വന്നത്. എന്നാൽ ഇത് ബാലചന്ദ്ര മേനോൻ തന്റെ സ്വാധീനം ഉപയോഗിച്ച് സൃഷ്ടിച്ച വാർത്തയാണ് എന്നാണ് മിനു മുനീർ ആരോപിക്കുന്നത്. 2007ൽ ബാലചന്ദ്ര മേനോന്റെ സിനിമയിൽ അഭിനയിക്കാൻ ചെന്നപ്പോൾ സംഭവിച്ചത് എന്താണെന്നും മിനു ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലൂടെ വെളിപ്പെടുത്തുന്നുണ്ട്. കാണാൻ പാടില്ലാത്ത പലതിനും താൻ സാക്ഷിയാണെന്നാണ് മിനു മുനീർ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.
ബാലചന്ദ്ര മേനോനെ കുറിച്ച് പറഞ്ഞതൊക്കെ സത്യമാണ്. അദ്ദേഹത്തിന്റെ സിനിമയിൽ ആണ് താൻ ആദ്യമായി അഭിനയിക്കുന്നത്. അദ്ദേഹത്തെ കാണാൻ താനും ഭർത്താവും മക്കളും പോയി. ഒരുമിച്ച് ബ്രേക്ക്ഫാസ്റ്റൊക്കെ കഴിച്ചു. തങ്ങൾ തിരിച്ച് ഫ്‌ളാറ്റിൽ എത്തിയപ്പോൾ പുള്ളി തന്നെ വിളിച്ച് പറഞ്ഞു, ഫോട്ടോ എടുക്കാനുണ്ട്, തിരിച്ച് ചെല്ലണമെന്ന്. താൻ ചെന്നപ്പോൾ ഫോട്ടോഗ്രാഫർ ഒന്നും ഇല്ലായിരുന്നു. അദ്ദേഹം തന്നെയാണ് ഒരു മൂളിപ്പാട്ടൊക്കെ പാടി, അവിടെയും ഇവിടെയുമൊക്കെ തൊട്ട് ഫോട്ടോ എടുത്തത്. അത് കഴിഞ്ഞ് പുള്ളിക്കാരന്റെ ആഗ്രഹം പറഞ്ഞു. അത് ശരിയാവില്ലെന്ന് താൻ പറയുകയും ചെയ്തു. അത് കഴിഞ്ഞ് പുള്ളിക്കാരൻ തനിക്ക് ജ്യൂസ് ഓർഡർ ചെയ്തു.
വെയ്റ്റർ വരുമ്പോൾ ബാത്ത്‌റൂമിലേക്ക് കയറി നിൽക്കാൻ പറഞ്ഞു. താൻ കയറി നിന്നു. വെയ്റ്റർ പോയിക്കഴിഞ്ഞ് പുള്ളിക്കാരൻ തന്നെ വിളിച്ചു. ജ്യൂസ് കുടിക്കാൻ പറഞ്ഞു. ഒറ്റ വലിക്ക് താൻ കുടിക്കുകയും ചെയ്തു. പിന്നെ ഫോട്ടോ എടുക്കാൻ നിന്നപ്പോൾ കൈകാലൊക്കെ കുഴയുന്നത് പോലെ തോന്നി. വയ്യെന്ന് പറഞ്ഞപ്പോൾ ബെഡിലേക്ക് കിടന്നോളൂ, ഞാനൊന്ന് പുറത്ത് പോയിട്ട് വരാം എന്ന് പുള്ളി പറഞ്ഞു. തന്നെ പിടിച്ച് കിടത്തിയത് നല്ല ഓർമ്മയുണ്ട്. ബാക്കിയുളള കാര്യങ്ങൾ പോലീസിനോട് പറഞ്ഞിട്ടുണ്ട്, അദ്ദേഹത്തിനെതിരെ കേസും കൊടുത്തിട്ടുണ്ട്.
രണ്ട് മണിക്കൂർ കഴിഞ്ഞാണ് താൻ എഴുന്നേറ്റത്. ഇത് ശരിയായില്ലെന്ന് താൻ പറഞ്ഞു. ഓ അതിനിപ്പോ എന്താ എന്ന് പുള്ളി ഒരു സാ മട്ടിലാണ് പ്രതികരിച്ചത്. വീട്ടിലെത്തിയ ശേഷം താൻ അഭിനയിക്കാൻ പോകുന്നില്ലെന്ന് ഭർത്താവിനോട് പറഞ്ഞപ്പോൾ അദ്ദേഹം വഴക്ക് പറഞ്ഞു. ഇത്രയും വലിയൊരു അവസരം കിട്ടിയിട്ട് കളയരുതെന്ന് പറഞ്ഞു. തനിക്ക് സംഭവിച്ചത് അദ്ദേഹത്തോട് പറഞ്ഞില്ല. കാരണം അദ്ദേഹത്തിന് വിഷമവും ആകും തന്നോട് ഒരു അകൽച്ചയും ഉണ്ടാകും എന്ന് കരുതി. അത് കഴിഞ്ഞ് അഭിനയിക്കാൻ പോയപ്പോൾ അമ്മ കൂടെ വന്നു.
താൻ ആദ്യം ചെല്ലുമ്പോൾ പുള്ളിയുടെ മുറിയിൽ കണ്ടത് കാണാൻ പാടില്ലാത്ത കാര്യങ്ങളാണ്. മറ്റുളളവർ കരുതും, ഓ ഇത്രയും വലിയ നടനാണോ ഇങ്ങനെയൊക്കെ എന്ന്. ഈ നടന്മാരൊക്കെ മുഖം മൂടിയിട്ട് നടക്കുന്നവരാണ്. കഴുകന്മാരാണ്. താൻ തന്നെ ഞെട്ടിപ്പോയി, ഇയാൾ ഇത്ര വൃത്തികെട്ട മനുഷ്യനാണോ എന്നോർത്ത്. പിറ്റേന്ന് ലൊക്കേഷനിലേക്ക് ചെന്നില്ല. എന്താണ് വരാഞ്ഞത് എന്ന് പുള്ളി ചോദിച്ചപ്പോൾ താൽപര്യം ഇല്ലെന്ന് പറഞ്ഞു. അപ്പോൾ പുള്ളി ഇതിനകം ഷൂട്ട് ചെയ്ത ഭാഗങ്ങൾ റീഷൂട്ട് ചെയ്യേണ്ടി വരുമെന്നും അതിന് നഷ്ടപരിഹാരം തരേണ്ടി വരുമെന്നും പറഞ്ഞ് തന്നെ പേടിപ്പിച്ചു.
അതോടെ അഭിനയിക്കേണ്ടതായി വന്നു. 2007ലാണ് സംഭവം ഉണ്ടായത്. കേസ് കൊടുക്കുന്നത് 2024ലാണ്. സംഭവം നടക്കുമ്പോൾ തനിക്ക് 2 കൊച്ചുകുട്ടികളാണ്. താൻ അവരെ നോക്കണമായിരുന്നോ അതോ ഈ കേസിന്റെ പിറകെ നടക്കണമായിരുന്നോ. ഇവരൊക്കെ നല്ല സ്വാധീനമുളള ആളുകളാണ്. ജീവനിൽ ഭയമുളളത് കൊണ്ടാണ് അന്ന് പറയാതിരുന്നത്. ഇപ്പോൾ പറയാൻ കാരണം, മുഖ്യമന്ത്രി പറഞ്ഞു ആർക്കെങ്കിലും മോശം അനുഭവം ഉണ്ടായിട്ടുണ്ടെങ്കിൽ മുന്നോട്ട് വരണം, ഏത് കൊമ്പൻ ആയാലും അവർക്കെതിരെ നടപടിയെടുക്കും, എല്ലാ സഹായവും എസ്‌ഐടി നൽകും എന്ന്.
പിണറായി സാറിനെ പോലെ ഒരാൾ ഉറപ്പ് തന്നപ്പോൾ പിന്നെ ഒരു പേടിയും തോന്നിയില്ല. താൻ നല്ല സെറ്റിൽഡായ ഒരു ജീവിതം ജീവിക്കുകയായിരുന്നു. ഇതിനൊക്കെ ഒരു അവസാനം വേണമെന്നും ജനങ്ങൾ അറിയണം എന്ന് തോന്നിയിട്ടാണ് മുന്നോട്ട് വന്നത്. ഇരകൾക്ക് ഇവിടെ നീതി കിട്ടുന്നില്ല. ഇവിടെ മുഴുവൻ രാഷ്ട്രീയമാണെന്നും ബാലചന്ദ്ര മേനോൻ സ്വാധീനം ഉപയോഗിച്ച് തനിക്കെതിരെ കള്ളക്കേസ് ഉണ്ടാക്കി. ബാലചന്ദ്രമേനോനെ കുറിച്ച് സിനിമയിലെ എല്ലാവർക്കും അറിയാം. പക്ഷേ മിണ്ടാൻ പേടിയാണ്, കഞ്ഞി കുടിക്കണമല്ലോ എന്നും മിനു മുനീർ പറയുന്നു.
മലയാള സിനിമാ മേഖലയെ പിടിച്ചുകുലുക്കിയ ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ മുകേഷ്, സിദ്ദീഖ്, ജയസൂര്യ, ഇടവേള ബാബു എന്നിവരടക്കം ഒട്ടേറെ പ്രമുഖർക്കെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു. പിന്നാലെയാണ് ബാലചന്ദ്ര മേനോനെതിരെ മീനു മുനീർ ആരോപണം ഉന്നയിച്ചത്. ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത ‘ദേ ഇങ്ങോട്ടു നോക്കിയേ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ മേനോൻ ലൈംഗികാതിക്രമം നടത്തിയെന്നു പൊലീസിൽ പരാതിയും നൽകി.
ഈ കേസിൽ ബാലചന്ദ്ര മേനോന്റെ മുൻകൂർജാമ്യ ഹർജി പരിഗണിക്കെ, ആണുങ്ങൾക്കും അന്തസ്സുണ്ടെന്ന് ഹൈക്കോടതി പ്രതികരിക്കുകയും ജാമ്യം അനുവദിക്കുകയും ചെയ്തു. നടിയും അഭിഭാഷകനും തന്നെയും ഭാര്യയെയും വിളിച്ച്, പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പണം തട്ടാനുള്ള ശ്രമമാണെന്ന് തങ്ങൾക്ക് മനസിലായിരുന്നു എന്നും അദ്ദേഹം ആരോപിച്ചിരുന്നു. പിന്നാലെ തനിക്കെതിരെയുള്ള ആരോപണങ്ങൾക്കെതിരെ ബാലചന്ദ്ര മേനോൻ പൊലീസിൽ പരാതിയും നൽകി. ഈ കേസിലാണ് മീനു മുനീറിനെ അറസ്റ്റ് ചെയ്തതെന്നായിരുന്നു പുറത്ത് വന്നിരുന്ന വാർത്തകൾ.
മിനു മുനീറിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി നേരത്തെ തള്ളിയിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബർ 13നും 14 നും രണ്ടാം പ്രതിയായ സംഗീത് ലൂയിസ് ബാലചന്ദ്രമേനോനെ മൊബൈലിൽ വിളിച്ചുഭീഷണിപ്പെടുത്തി. അതിനൊപ്പം, ഒന്നാം പ്രതിയായ മീനു മുനീർ ഫേസ്ബുക്ക് റീലുകൾ വഴി പരാതിക്കാരനായ ബാലചന്ദ്രമേനോനെതിരെ മനുഷ്യമനസുകളിൽ അധമവികാരം ജനിപ്പിക്കുന്ന വിധത്തിലുള്ള അഭിമുഖങ്ങൾ തുടർച്ചയായി നൽകി. ബാലചന്ദ്രമേനോന്റെ ഫോട്ടോ പോസ്റ്റ് ചെയ്ത് അശ്ലീല കമന്റുകൾ ഇടുന്നതിന് വഴിയൊരുക്കിയെന്നും എഫ്‌ഐആറിൽ പറയുന്നു. ഭാരതീയ ന്യായ സംഹിതയിലെ 351(2), ഐടി നിയമത്തിലെ 67, 67 എ, കേരള പൊലീസ് നിയമത്തിലെ 120(O) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.
ബാലചന്ദ്രമേനോനെതിരെ മിനു മുനീർ ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്. തുടർന്ന് നടി നൽകിയ ലൈംഗിക അതിക്രമ കേസിലെ നടപടികൾ കോടതി അവസാനിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി പരാതിക്കാരിയായ നടിക്ക് കോടതി നോട്ടീസ് നൽകി. അതേസമയം സോഷ്യൽ മീഡിയയിലൂടെ നിരന്തരം അപകീർത്തി പരാതിയുമായി രംഗത്തുവന്ന നടിക്കെതിരെ ബന്ധുവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോക്‌സോ കേസും മുനീറിനെതിരെ ചുമത്തിയിരുന്നു. പരാതി ഉന്നയിച്ച് കേസ് നൽകിയ ശേഷം പണം വാഗ്ദാനം ചെയ്തതുൾപ്പെടെ ഒത്തുതീർപ്പിനായി ചർച്ചകൾക്കായി വ്യക്തികളിൽ നിന്ന് ഒന്നിലധികം കോളുകൾ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും മിനു അവകാശപ്പെട്ടിരുന്നു.
തനിക്കെതിരെ നടി ലൈംഗിക പീഡനാരോപണം ഉന്നയിച്ചതിന് പിന്നാലെ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകുകയായിരുന്നു. ലൈംഗിക ചുവയുള്ള ഉള്ളടക്കമാണ് വിഡിയോയിൽ ഉണ്ടായിരുന്നതെന്നും ഇതിനെതിരെ കേസെടുക്കണമെന്നുമാണ് പരാതിയിൽ ഉണ്ടായിരുന്നത്. നടൻമാർ ഉൾപ്പെടെ 7 പേർക്കെതിരെ ലൈംഗിക പീഡന പരാതി നൽകിയ ഈ നടിയുടെ അഭിഭാഷകൻ തന്നെ ബ്ലാക്ക്‌മെയിൽ ചെയ്‌തെന്ന് ആരോപിച്ച് നടിക്കും അഭിഭാഷകനുമെതിരെ ബാലചന്ദ്രമോനോൻ മറ്റൊരു പരാതിയും നൽകിയിരുന്നു. ഫോൺകോൾ വിവരങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ സഹിതമാണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയത്. തനിക്കെതിരെയുള്ള ആരോപണങ്ങൾ ഉന്നയിക്കും മുൻപു നടിയുടെ അഭിഭാഷകൻ സംഗീത് ലൂയീസ് ഫോണിൽ വിളിച്ചാണു ഭീഷണിപ്പെടുത്തിയതെന്ന് ബാലചന്ദ്ര മോനോൻ പരാതിയിൽ പറയുന്നു.
മൂന്നു ലൈംഗിക ആരോപണങ്ങൾ ഉടൻ വരുമെന്നായിരുന്നു ഭീഷണി. തന്റെ ഭാര്യയുടെ നമ്പറിലേക്കാണു വിളിച്ചത്. ഈ മാസം 13ന് ആയിരുന്നു ഇത്. തൊട്ടടുത്ത ദിവസം നടി തനിക്കെതിരെ സമൂഹമാധ്യമത്തിൽ പോസ്‌റ്റിട്ടുവെന്നും ബാലചന്ദ്രമേനോൻ പറഞ്ഞു. വലിയൊരു സംഘം ഇതിനു പിന്നിൽ പ്രവർത്തിക്കുന്നെന്നും പരാതിയിൽ വിശദമായ അന്വേഷണം വേണമെന്നും ബാലചന്ദ്രമേനോൻ ആവശ്യപ്പെട്ടു. സെപ്റ്റംബർ 14 നാണ് ബാലചന്ദ്രമേനോനെതിരെ പരാതി ഉടൻ പുറത്തുവിടുമെന്ന് നടി സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. പിന്നാലെ യുട്യൂബ് ചാനലുകൾക്ക് നടി അഭിമുഖങ്ങൾ നൽകുകയായിരുന്നു.
അതേസമയം, കഴിഞ്ഞ ദിവസം മിനു പറഞ്ഞ വാക്കുകളും ശ്രദ്ധ നേടിയിരുന്നു. കാലിൽ തൊട്ട് തൊഴുതില്ലെന്ന പേരിൽ തന്നെ സ്റ്റേജ് ഷോകളിൽ നിന്നുൾപ്പെടെ പറഞ്ഞുവിട്ടിട്ടുണ്ടെന്നും താരങ്ങളെ ഭയന്നാണ് പലരും കഴിയുന്നതെന്നും നടി കൽപ്പനയിൽ നിന്നും നേരിട്ടതിനെ കുറിച്ചുമായിരുന്നു മിനു പറഞ്ഞിരുന്നത്. നടന്മാരെ പേടിച്ചും കാലുതൊട്ട് തൊഴുതുമൊക്കെയാണ് പലരും സിനിമാ ഫീൽഡിൽ പിടിച്ചുനിൽക്കുന്നത്.
കാലിൽ തൊട്ട് തൊഴുതില്ലെന്ന പേരിൽ എന്നെ പലയിടത്ത് നിന്നും പറഞ്ഞ് വിട്ടിട്ടുണ്ട്. മരിച്ചുപോയ വ്യക്തികളെക്കുറിച്ച് പറയാൻ പാടില്ലാത്തതാണ്. നടി കൽപ്പനയുടെ കാലിൽ തൊട്ട് തൊഴുതിട്ട് വേണം എല്ലാവരും സ്റ്റേജിൽ കയറാൻ. ആ സ്‌ത്രീ എന്റെ ഗുരുവോ അപ്പനോ അമ്മയോ അല്ല അതുകൊണ്ട് ഞാൻ തൊട്ടുതൊഴാൻ പോയില്ല. മിനു അഹങ്കാരിയാണെന്നും ഇനി എന്റെ ഒറ്റ പ്രോഗ്രാമിന് മിനുവിനെ വിളിച്ചു പോയേക്കരുതെന്നും അവർ പറഞ്ഞുവെന്നുമാണ് മിനു പറഞ്ഞിരുന്നത്.
