Malayalam
ആ പാട്ട് എന്നെക്കൊണ്ട് പാടിക്കരുതെന്ന് ഒരു വ്യക്തി വളരെ സ്‌ട്രോങ്ങ് ആയി പറഞ്ഞു, എനിക്ക് കിട്ടേണ്ടത് എനിക്ക് തന്നെ കിട്ടും. ദാസേട്ടന് കിട്ടേണ്ടത് ദാസേട്ടനും ജയേട്ടന് കിട്ടേണ്ടത് ജയേട്ടനും കിട്ടും; എംജി ശ്രീകുമാർ
ആ പാട്ട് എന്നെക്കൊണ്ട് പാടിക്കരുതെന്ന് ഒരു വ്യക്തി വളരെ സ്‌ട്രോങ്ങ് ആയി പറഞ്ഞു, എനിക്ക് കിട്ടേണ്ടത് എനിക്ക് തന്നെ കിട്ടും. ദാസേട്ടന് കിട്ടേണ്ടത് ദാസേട്ടനും ജയേട്ടന് കിട്ടേണ്ടത് ജയേട്ടനും കിട്ടും; എംജി ശ്രീകുമാർ
മലയാളികൾക്ക് എം.ജി ശ്രീകുമാർ എന്ന ഗായകനെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മലയാളികൾ മൂളി നടക്കുന്ന, നിരവധി ഹിറ്റ് ഗാനങ്ങളുമായി അദ്ദേഹം നീണ്ട നാല് പതിറ്റാണ്ടുകളായി നമുക്കൊപ്പം ഉണ്ട്. ഗാന രംഗത്ത് പകരം വെക്കാനില്ലാത്ത പ്രതിഭയാണ് അദ്ദേഹം. ഇപ്പോഴിതാ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച പുതിയ വ്‌ലോഗിലൂടെ അദ്ദേഹം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മോഹൻലാലിന്റെ സിനിമയിലെ ഹിറ്റ് പാട്ട് എന്നെക്കൊണ്ട് പാടിക്കരുതെന്ന് പറഞ്ഞ് വിലക്കിയ ഒരു സംഭവമുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടെയാണ് പവർ ഗ്രൂപ്പ് എന്ന പേരും അതിൽ ഉൾപ്പെടുന്ന താരങ്ങളെ കുറിച്ചുള്ള കഥകളുമൊക്കെ പ്രചരിച്ചത്. ഇതിനിടയിൽ സംഗീതമേഖലയിലും പവർ ഗ്രൂപ്പ് ഉണ്ട് എന്ന തരത്തിൽ പ്രചരണം ഉണ്ടായിരുന്നു. മറ്റുള്ളവരുടെ അവസരങ്ങൾ ഈ പവർ ഗ്രൂപ്പ് കളയുന്നതായിട്ടുമൊക്കെയാ ണ് റിപ്പോർട്ടുകൾ. ഇതിന്റെ ചർച്ചകൾക്കിടെയാണ് എംജി ശ്രീകുമാറിന്റെ വാക്കുകൾ ശ്രദ്ധിക്കപ്പെടുന്നത്.
ഏയ് ഓട്ടോ എന്ന സിനിമയിലെ ‘സുന്ദരി സുന്ദരി’ എന്ന ഓട്ടോക്കാരുടെ ആ പാട്ട് എന്നെക്കൊണ്ട് പാടിക്കരുതെന്ന് ഒരു വ്യക്തി വളരെ സ്‌ട്രോങ്ങ് ആയി അതിന്റെ നിർമാതാവായ മണിയാൻപിള്ള രാജുവിനോട് പറഞ്ഞിരുന്നു. എന്റെ സുഹൃത്തുക്കളുടെ കൂട്ടത്തിലുള്ള ആള് തന്നെയാണ് അത് പറഞ്ഞത്.
ആ സമയത്ത് ഞങ്ങൾ അമേരിക്കയിൽ ഒരു ഷോയുടെ ഭാഗമായിട്ട് പോവുകയാണ്. അവിടെ ചെന്ന് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ മണിയൻപിള്ള രാജു എന്നെ വിളിച്ചിട്ട് പറഞ്ഞു, ശ്രീക്കുട്ടാ എനിക്കൊരു വാശിയുണ്ട്. ഇതിനകത്ത് ഓട്ടോറിക്ഷയെ കുറിച്ച് ഒരു പാട്ടുണ്ട് അത് ശ്രീക്കുട്ടനെ കൊണ്ട് തന്നെ ഞാൻ പഠിപ്പിക്കുമെന്ന്. ശ്രീക്കുട്ടനെ കൊണ്ട് പഠിപ്പിക്കരുതെന്ന് അയാൾ പറഞ്ഞെങ്കിൽ ഞാൻ അങ്ങനെ തന്നെ ചെയ്യുമെന്നായി മണിയൻ പിള്ള രാജു.
പിന്നീട് അത് ആരാണ് അങ്ങനെ പറഞ്ഞതെന്ന് ഞാൻ അറിഞ്ഞെങ്കിലും ഒന്നും ചോദിക്കാൻ പോയില്ല. ഇപ്പോഴും എനിക്ക് അതിൽ പരിഭവമില്ല. കാരണം എനിക്ക് കിട്ടേണ്ടത് എനിക്ക് തന്നെ കിട്ടും. ദാസേട്ടന് കിട്ടേണ്ടത് ദാസേട്ടനും ജയേട്ടന് കിട്ടേണ്ടത് ജയേട്ടനും കിട്ടും. അതിപ്പോ ആരൊക്കെ തടുത്താലും ഒരു കുഴപ്പവുമില്ല.
പിന്നെ ഒരു പാട്ടുകാരൻ പയ്യൻ സംഗീതമേഖലയിലും പവർ ഗ്രൂപ്പ് ഉണ്ടെന്ന് പറയുന്നത് കേട്ടു. പവർ എന്നൊക്കെ പറയുമ്പോൾ എനിക്ക് ജിം ആണ് ഓർമ്മ വരുന്നത്. പാട്ട് നല്ല പഞ്ച് ഉണ്ടായിരുന്നു, പവർഫുൾ ആണ് എന്നൊക്കെ പറയാം. അല്ലാതെ ഒരു പവർ ഗ്രൂപ്പുമില്ല. നന്നായി പാടുകയാണെങ്കിൽ സിനിമയിലും പാടാൻ സാധിക്കും. അത് ആരായാലും അവസരം ലഭിക്കും. പിന്നെ തലയിലെഴുത്ത് കൂടി വേണം.
സംഗീതലോകത്ത് പവർ ഗ്രൂപ്പ് ഒന്നുമില്ല. ദാസേട്ടനോ മറ്റാരെങ്കിലും എനിക്ക് പാടുന്നതിന് തടസ്സമായി നിന്നിട്ടില്ല. ദാസേട്ടൻ എന്റെ ഒരു പാട്ടും പാടിയിട്ടില്ല, ഞാൻ ദാസേട്ടന്റെ പാട്ടുകൾക്ക് ഒരുപാട് ട്രാക്ക് പാടിയിട്ടുണ്ട്. എന്റെ സഹോദരന്റെ പാട്ടുകൾ പോലും അങ്ങനെ ആയിരുന്നു എന്നും എംജി ശ്രീകുമാർ വ്യക്തമാക്കുന്നു.
സഹോദരൻ എം.ജി.രാധാകൃഷ്ണന്റെ കൂടെ കച്ചേരികൾ അവതരിപ്പിച്ചുകൊണ്ടായിരുന്നു ശ്രീകുമാർ സംഗീതത്തിൽ അരങ്ങേറ്റം കുറിച്ചത്. തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും ഹിന്ദിയിലും നിന്നുമായി ഏകദേശം 35000ത്തോളം ഗാനങ്ങൾ ഇതിനോടകം എംജി ശ്രീകുമാർ പാടിയിട്ടുണ്ട്. 1983ൽ കൂലി എന്ന ചിത്രത്തിൽ പാടി കൊണ്ടാണ് പിന്നണി ഗായകനായത്.
രണ്ട് തവണ നാഷണൽ അവാർഡും നേടി. മൂന്ന് തവണ കേരള സംസ്ഥാന അവാർഡിനും എംജി ശ്രീകുമാർ അർഹനായി. എംജിയുടെ ഫാസ്റ്റ് നമ്പർ ഗാനങ്ങൾ കേൾക്കാൻ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്. മോഹൻലാലിന്റെ ശബ്ദത്തിന്റെ സാമ്യമുള്ള ഒരു ശബ്ദം ആയതുകൊണ്ട് തന്നെ മോഹൻലാലിന്റെ ഒരുപാട് സിനിമകളിൽ എംജി ശ്രീകുമാർ പാടിയിട്ടുണ്ട്.
