Malayalam
പ്രിയതമന്റെ നെഞ്ചിൽ വീണ് പൊട്ടിക്കരഞ്ഞ് മേഘ്ന.. ചിരഞ്ജീവിക്ക് കണ്ണീരോടെ വിട
പ്രിയതമന്റെ നെഞ്ചിൽ വീണ് പൊട്ടിക്കരഞ്ഞ് മേഘ്ന.. ചിരഞ്ജീവിക്ക് കണ്ണീരോടെ വിട
കന്നഡ നടനും നടി മേഘ്ന രാജിന്റെ ഭര്‍ത്താവുമായ ചിരഞ്ജീവി സര്ജയ്ക്ക് കണ്ണീരോടെ വിട നൽകി സിനിമാലോകം. സിനിമാലോകത്തേയും പ്രേക്ഷകരേയും ഒരുപോലെ വേദനയിലാഴ്ത്തിയ വാര്‍ത്തയായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. തമിഴകത്തിന്റെ പ്രിയതാരമായ അര്ജുന് സര്‍ജയുടെ മരുമകന് കൂടിയാണ് ചിരഞ്ജീവി സര്‍ജ. മരുമകന്റെ അപ്രതീക്ഷിത വിയോഗത്തെക്കുറിച്ച് അറിഞ്ഞതിന് പിന്നാലെയായി അര്‍ജുനും കുടുംബവും ചെന്നൈയിലേക്ക് തിരിച്ചിരുന്നു. മരുമകനെ കണ്ട് വികാരഭരിതനായ അര്‍ജുന്റെ വീഡിയോയും പുറത്തുവന്നിരുന്നു. പ്രിയതമന്റെ അപ്രതീക്ഷിത വിയോഗത്തില്‍ തളര്‍ന്നിരിക്കുകയാണ് മേഘ്നയും.
കണ്ണീരോടെ മൃതദേഹത്തെ കെട്ടിപ്പിടിച്ച മേഘ്ന കരഞ്ഞപ്പോൾ ഒപ്പം നിന്നവർക്കും സങ്കടം അടക്കാനായില്ല. നാലുമാസം ഗർഭിണിയാണ് മേഘ്ന. കുടുംബത്തിലെ പുതിയ അതിഥിയെ വരവേൽക്കാൻ ഒരുങ്ങുമ്പോഴാണ് സർജയുടെ മരണം. ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ബംഗളൂരുവിലെ സാഗര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ശനിയാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷം ഹൃദയാഘാതമാണെന്ന് കണ്ടെത്തുകയായിരുന്നു. അദ്ദേഹത്തിന്റെ ജീവന് രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ പരമാവധി ശ്രമം നടത്തിയെങ്കിലും ഞായറാഴ്ച മരണം സംഭവിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ സ്രവം കോവിഡ് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. നടൻ അർജുന്റെ സഹോദരിയുടെ മകനാണ്. 2009 ൽ തമിഴ് ചിത്രമായ സണ്ടക്കോഴിയുടെ റീമേക്കായ വായുപുത്രയിലൂടെയാണ് ചിരഞ്ജീവിയുടെ അഭിനയ ജീവിതം ആരംഭിച്ചത്. അർജുനായിരുന്നു ചിത്രത്തിന്റെ നിർമാതാവ്. പത്ത് വർഷത്തോളം നീണ്ട കരിയറിൽ 20 ലധികം സിനിമകളിൽ അഭിനയിച്ചു. 2018 ഏപ്രിൽ മാസത്തിലായിരുന്നു ചിരഞ്ജീവിയും മേഘ്നയും വിവാഹിതരായത്. ‘ആട്ടഗര’ എന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ച ഇരുവരുടെയും ഏറെ നാളത്തെ സൗഹൃദമാണ് വിവാഹത്തിൽ എത്തിയത്.
വിവാഹശേഷവും മേഘ്ന അഭിനയത്തില്‍ സജീവമായിരുന്നു. പതിവ് ശൈലിയില്‍ നിന്നും മാറിയുള്ള സമീപനമായിരുന്നു താരത്തിന്റേത്. വിവാഹം ജീവിതത്തെ മാറ്റിയിട്ടൊന്നുമില്ലെന്നും ജോലി അതേ പോലെ തുടരുമെന്നുമായിരുന്നു താരം പറഞ്ഞത്. ദാമ്പത്യ ജീവിതം തുടങ്ങി 2 വര്‍ഷം പിന്നിടുന്നതിനിടയിലാണ് അപ്രതീക്ഷിതമായി മേഘ്നയുടെ പ്രിയതമന് വിടവാങ്ങിയത്.
ചിരഞ്ജീവി സര്‍ജയുടെ അകാല നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മലയാള സിനിമാ താരങ്ങള്‍ എത്തിയിരുന്നു . നസ്രിയ, പൃഥ്വിരാജ്, ഇന്ദ്രജിത് തുടങ്ങിയവരാണ് ചിരഞ്ജീവി സര്ജയ്ക്ക് ആദരാഞ്ലികള് അര്‍പ്പിച്ചത്. അദ്ദേഹത്തിന്റെ അകാലത്തിലുള്ള വേര്‍പാട് ഏറെ വേദനിപ്പിക്കുന്നു എന്നും ഈ ദുഃഖം മറികടക്കാനുള്ള കരുത്ത് മേഘ്നയ്ക്കും കുടുംബത്തിനും ഉണ്ടാകട്ടെ എന്നും ഇവര്‍ കുറിച്ചു. നിങ്ങളെ ഒരുപാട് മിസ് ചെയ്യും ഭായ് എന്നാണ് നസ്രിയ കുറിച്ചത്. ഈ പ്രതിസന്ധിയെ അഭിമുഖീകരിക്കാന്‍ കുടുംബത്തിന് കഴിയട്ടെയെന്നായിരുന്നു എല്ലാവരും പറഞ്ഞത്. മരിക്കുന്നതിന് മുന്‍പായുള്ള ചിരഞ്ജീവിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റും ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നുണ്ട്.
