വ്യക്തിപരമായ കാര്യങ്ങൾ ഇവിടെ പങ്കുവയ്ക്കരുതെന്ന് എനിക്കറിയാം. പക്ഷെ ഇത് പറയാതിരിക്കാൻ കഴിയില്ല ; മീര വാസുദേവ്
ഏറെ ശ്രദ്ധിക്കപ്പെട്ട ബ്ലെസിയുടെ മോഹൻലാൽ ചിത്രമായ തൻമാത്രയിലെ നായികയായിരുന്നു മീര വാസുദേവ്. തെന്നിന്ത്യയിലും ബോളിവുഡിലുമൊക്കെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചെങ്കിലും മീരയുടെ കരിയറിലെ മികച്ച വേഷമായിരുന്നു തൻമാത്രയിലേത്. മീര ഇപ്പോൾ ടെലിവിഷനിലാണ് തിളങ്ങി നിൽക്കുന്നത്. മിനിസ്ക്രീൻ പ്രേക്ഷകർക്ക് ആകട്ടെ ലേഖയെക്കാൾ ഇഷ്ടം മീരയെ സുമിത്ര ആയി കാണാനാണ്. ഒരുപക്ഷെ ലേഖ എന്ന പേരിനേക്കാൾ നടിയെ അറിയുന്നതും ഈ പേരിലൂടെയാവും.
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന പരമ്പരയിലെ കേന്ദ്ര കഥാപാത്രമാണ് മീര അവതരിപ്പിക്കുന്ന സുമിത്ര. മീരയുടെ വരവ് കൊണ്ടു തന്നെ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ പരമ്പര തുടക്കം മുതൽ റേറ്റിങ്ങിൽ എല്ലാം ഏറെ മുന്നിലാണ്. കുടുംബ പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട പരമ്പരയാണ് ഇത് ഇന്ന്. മീര ഏറ്റവും പ്രിയപ്പെട്ട നായികയും.
തന്റെ 23-ാം വയസ്സിലാണ് തന്മാത്രയിൽ അഭിനയിച്ചതെന്ന് മീര മുൻപ് പറഞ്ഞിട്ടുണ്ട്. അതിനു ശേഷം നിരവധി സിനിമകളുടെ ഭാഗമായെങ്കിലും വർഷങ്ങൾക്ക് ശേഷം അഭിനയിച്ച കുടുംബവിളക്കിലൂടെയാണ് നടിക്ക് ആരാധകരെ ലഭിക്കുന്നത്. അതേസമയം, ഇതിനിടയിൽ പല സംഭവങ്ങളും നടിയുടെ വ്യക്തി ജീവിതത്തിലും കരിയറിലുമെല്ലാം ഉണ്ടായിട്ടുണ്ട്. എന്നാൽ അതിനെയെല്ലാം മറികടന്ന് മുന്നോട്ട് പോവുകയാണ് താരമിന്ന്.
ഒപ്പം തന്റെ 41-ാ മത് ജന്മദിനവും ആഘോഷിക്കുകയാണ് മീര വാസുദേവ്. തന്റെ ഏക മകനൊപ്പം കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിക്കുന്ന വീഡിയോയും പങ്കുവച്ചിരിക്കുകയാണ് മീര. ഒപ്പം ഒരു കുറിപ്പും നടി പോസ്റ്റ് ചെയ്തിട്ടുണ്ട്.
‘ഈ ദിവസം ഞങ്ങൾക്ക് വളരെ സവിശേഷമാക്കി തന്നതിന് സുപ്രിയയ്ക്ക് നന്ദി! ഇന്ന് എനിക്ക് 41 വയസ്സ് തികയുകയാണ്! വ്യക്തിപരമായ കാര്യങ്ങൾ ഇവിടെ പങ്കുവയ്ക്കരുതെന്ന് നീ എന്നോട് എപ്പോഴും പറയുന്നത് എനിക്കറിയാം. പക്ഷെ ഇത് എനിക്ക് പങ്കുവയ്‌ക്കേണ്ടി വന്നു,’സുപ്രിയ, നിന്നെപോലൊരു സഹോദരിയെ കിട്ടിയതിൽ ഞാൻ നന്ദിയുള്ളവളാണ്. എന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അവരെ ആവശ്യമുള്ള എല്ലാവർക്കും വേണ്ടി പ്രാർത്ഥനകൾ! എനിക്ക് ലഭിച്ച എല്ലാത്തിനും എല്ലാത്തിനും നന്ദി! എന്റെ വഴിയിൽ ഇനി വരുന്ന എല്ലാത്തിനും നന്ദി! ഇന്ന് എനിക്ക് ആശംസകൾ അയച്ച എല്ലാവർക്കും നന്ദി. എനിക്ക് വ്യക്തിപരമായി അറിയാത്ത കുടുംബാംഗങ്ങൾക്കും അഭ്യുദയകാംക്ഷികൾക്കും എല്ലാവർക്കും നന്ദി,’ എന്നാണ് മീര കുറിച്ചത്.
പോസ്റ്റിന് താഴെ ശ്വേത മേനോന്‍, കെകെ മേനോന്‍, അമൃത നായര്‍, നൂബിന്‍, അശ്വതി, ശ്രീലക്ഷ്മി തുടങ്ങി നിരവധി പേർ നടിക്ക് ആശംസകൾ നേർന്ന് എത്തിയിട്ടുണ്ട്. ഓരോരുത്തര്‍ക്കും മീര മറുപടിയും നല്‍കിയിട്ടുണ്ട്.
മോഡലിങിലൂടെ കരിയര്‍ ആരംഭിച്ചതാണ് നടി മീര വാസുദേവ്. മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് ഹിന്ദി സിനിമകളിലെല്ലാം മീര അഭിനയിച്ചതാണ്. രണ്ടു വിവാഹ ബന്ധങ്ങളും പരാജയപ്പെട്ട മീര ഇപ്പോൾ സിംഗിൾ മദറായാണ് ജീവിക്കുന്നത്. 2005 ലായിരുന്നു മീരയുടെ ആദ്യ വിവാഹം. വിശാൽ അഗർവാൾ എന്ന വ്യക്തിയെ വിവാഹം ചെയ്ത നടി 2010 ൽ വിവാഹമോചിതയായി.
പിന്നീട് 2012 നടൻ ജോണ്‍ കൊക്കനെയാണ് മീര രണ്ടാമത് വിവാഹം ചെയ്തത്. എന്നാൽ നാല് വർഷം മാത്രമാണ് ഇവർ ഒരുമിച്ച് ജീവിച്ചത്. അതേസമയം, സീരിയലുകൾക്ക് പുറമെ സമാന്തര സിനിമകളിലും മീര അഭിനയിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിലും സജീവമാണ് താരം. തന്റെ ഫിറ്റ്നസ് രഹസ്യങ്ങളോ മീര ഇടയ്ക്ക് പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ തന്റെ മേക്കോവർ സംബന്ധിച്ച് മീര പങ്കുവച്ച പോസ്റ്റ് ആരാധകരുടെ ശ്രദ്ധനേടിയിരുന്നു.