Malayalam
മഞ്ഞുമ്മൽ ബോയിസുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ്; കേസ് റദ്ദാക്കണമെന്ന നിർമാതാക്കളുടെ ഹർജി തള്ളി ഹൈക്കോടതി
മഞ്ഞുമ്മൽ ബോയിസുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ്; കേസ് റദ്ദാക്കണമെന്ന നിർമാതാക്കളുടെ ഹർജി തള്ളി ഹൈക്കോടതി
മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി ഇരുന്നൂറ് കോടി ക്ലബിൽ ഇടം പിടിച്ച ചിത്രമായിരുന്നു മഞ്ഞുമ്മൽ ബോയ്സ്. ഈ സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പിൽ നിർമാതാക്കൾക്ക് തിരിച്ചടി നേരിട്ടിരിക്കുകയാണ്. കേസ് റദ്ദാക്കണമെന്ന് നിർമ്മാതാക്കളായ ഷോൺ ആന്റണി, ബാബു ഷാഹിർ, സൗബിൻ ഷാഹിർ എന്നിവരുടെ ഹർജി ഹൈക്കോടതി തള്ളി. അന്വേഷണം തുടരാമെന്ന് കോടതി നിർദേശിച്ചു.
സിനിമയുടെ ലാഭവിഹിതം നൽകിയില്ലെന്ന് കാണിച്ച് മരട് സ്വദേശിയായ സിറാജ് വലിയതുറ നൽകിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. 40 ശതമാനം ലാഭം വാഗ്ദാനം ചെയ്ത് സിറാജ് വലിയതറ ഹമീദ് എന്നയാളിൽ നിന്ന് സൗബിനും സംഘും ഏഴുകോടി വാങ്ങിയെന്നാണ് ആരോപണം. ചിത്രം വൻ വിജയത്തിലേക്ക് നീങ്ങുന്നുവെന്ന് ഉറപ്പായ ഘട്ടത്തിൽ സിറാജ് എറണാകുളം കോടതിയെ സമീപിക്കുകയും നിർമാണ കമ്പനിയായ പറവ ഫിലിംസിൻറെ അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തിരുന്നു.
അതീവ ഗൗരവതരമായ കണ്ടെത്തലുകളാണ് പൊലീസ് റിപ്പോർട്ടിലുള്ളത്. സിനിമക്കായി ഏഴുകോടി മുടക്കിയ ഹമീദിനെ കബളിപ്പിക്കാൻ നിർമാതാക്കളായ സൗബിൻ ഷാഹിർ അടക്കമുള്ളവർക്ക് മുൻകൂർ പദ്ധതി ഉണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. പരാതിക്കാരനിൽ നിന്ന് 26 തവണയായി പണം സ്വീകരിക്കുകയും സിനിമ റിലീസായ ശേഷം തുടക്കത്തിൽ വരുമാനം സ്വീകരിക്കുകയും ചെയ്തിരുന്നത് പറവ ഫിലിംസിൻറെ പേരിലുള്ള കടവന്ത്രയിലെ ആക്സിസ് ബാങ്കിലെ അക്കൗണ്ട് മുഖേനയാണ്.
എന്നാൽ പരാതിയെ തുടർന്ന് ഇത് കോടതി മരവിപ്പിച്ചതിന് പിന്നാലെ ഇടപാടുകളെല്ലാം ഇതേ പേരിൽ പേരിൽ തേവര എച്ച്ഡിഎഫ്സി ബാങ്കിൻറെ അക്കൗണ്ട് വഴിയാക്കി. ഇത് കരുതിക്കൂട്ടിയായിരുന്നു എന്ന് അന്വേഷണസംഘം പറയുന്നു.
ജാനേമൻ എന്ന ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്നും ഒരു സംഘം യുവാക്കൾ കൊടൈക്കനാലിലേക്ക് വിനോദയാത്ര പുറപ്പെടുന്നതും അവർ നേരിടുന്ന പ്രതിസന്ധികളുമാണ് ചിത്രത്തിൻറെ പ്രമേയം. ചെകുത്താൻറെ അടുക്കള, ഡെവിൾസ് കിച്ചൺ, ഗുണ കേവ്സ് എന്നീ പേരുകളിൽ അറിയപ്പെടുന്ന കൊടൈക്കനാലിലെ നിഗൂഢതകൾ നിറഞ്ഞ ഗുഹയുടെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്.
യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി എടുത്ത ചിത്രം ഒരോ നിമിഷവും പ്രേക്ഷകൻറെ നെഞ്ചിടിപ്പ് കൂട്ടുന്നതായിരുന്നു. ‘2018’ന്റെ 175 കോടിയെന്ന ആഗോള ബോക്സ് ഓഫീസ് റെക്കോർഡിനെ മറികടന്നാണ് മഞ്ഞുമ്മൽ ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. അമേരിക്കയിൽ വൺ മില്യൻ ഡോളർ കലക്ഷൻ സ്വന്തമാക്കുന്ന ആദ്യ മലയാള സിനിമയെന്ന റെക്കോർഡും മഞ്ഞുമ്മലിന് സ്വന്തമാണ്.
