Malayalam
മഞ്ഞുമ്മൽ ബോയ്‌സിൽ കുഴിയിൽ പോകേണ്ടത് ഞാനായിരുന്നു, സിനിമ വേണ്ടെന്ന് വെയ്ക്കാൻ കാരണം…; തുറന്ന് പറഞ്ഞ് ആസിഫ് അലി
മഞ്ഞുമ്മൽ ബോയ്‌സിൽ കുഴിയിൽ പോകേണ്ടത് ഞാനായിരുന്നു, സിനിമ വേണ്ടെന്ന് വെയ്ക്കാൻ കാരണം…; തുറന്ന് പറഞ്ഞ് ആസിഫ് അലി
കഴിഞ്‍ വർഷം ചിദംബരത്തിന്റെ സംവിധാനത്തിൽ പുറത്തെത്തിയ റെക്കോർഡ് സൃഷ്ടിച്ച ചിത്രമായിരുന്നു മഞ്ഞുമ്മൽ ബോയ്സ്. നിരവധി പുരസ്കാരങ്ങളും പ്രശംസകളും ഏറ്റുവാങ്ങിയ ചിത്രം ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോൾ റഷ്യയിലെ കിനോബ്രാവോ ഫിലിം ഫെസ്റ്റിവലിലേയ്ക്ക് മത്സരിക്കാനൊരുങ്ങുകയാണ് ചിത്രം. മേളയിൽ ഇടം നേടിയ ആദ്യ മലയാള ചിത്രമെന്ന പ്രത്യേകതയും മഞ്ഞുമ്മൽ ബോയ്സിന് സ്വന്തമാണ്.
ഈ വേളയിൽ ഈ ചിത്രത്തെ കുറിച്ച് നടൻ ആസിഫ് അലി പറഞ്‍ ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. മഞ്ഞുമ്മൽ ബോയ്‌സിൽ കുഴിയിൽ പോകേണ്ടത് ഞാനായിരുന്നു എന്നാണ് ആസിഫ് അലി പറയുന്നത്. ചിദംബരത്തിന്റെ ആദ്യ സിനിമ മുതൽ പല ചർച്ചകളും നടത്തിയിട്ടുണ്ട്.
മഞ്ഞുമ്മൽ ബോയ്‌സിൽ കുഴിയിൽ പോകേണ്ടത് ഞാനായിരുന്നു. പിന്നെ പല ചർച്ചകളുടയും പുറത്ത് ആ സിനിമയ്ക്ക് ഒരു ബാധ്യതയായി മാറാൻ സാധ്യതയുള്ളത് കൊണ്ട് മാറിയതാണ് എന്നാണ് ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആസിഫലി പറഞ്ഞത്. ചിത്രത്തിൽ ഈ കഥാപാത്രത്തെ ശ്രീനാഥ് ഭാസിയാണ് അവതരിപ്പിച്ചത്. സുഭാഷ് എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്.
മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി ഒരു ചിത്രം ഇരുന്നൂറ് കോടി ക്ലബിൽ ഇടം പിടിച്ച ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. സൗഹൃദത്തിൻറെയും അതിജീവനത്തിൻറെയും കഥ പറഞ്ഞ മഞ്ഞുമ്മൽ ബോയ്സ് യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് എടുത്തിരിക്കുന്നത്. കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്നും ഒരു സംഘം യുവാക്കൾ കൊടൈക്കനാലിലേക്ക് വിനോദയാത്ര പുറപ്പെടുന്നതും അവർ നേരിടുന്ന പ്രതിസന്ധികളുമാണ് ചിത്രത്തിൻറെ പ്രമേയം.
ചെകുത്താൻറെ അടുക്കള, ഡെവിൾസ് കിച്ചൺ, ഗുണ കേവ്സ് എന്നീ പേരുകളിൽ അറിയപ്പെടുന്ന കൊടൈക്കനാലിലെ നിഗൂഢതകൾ നിറഞ്ഞ ഗുഹയുടെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. റിലീസ് ചെയ്ത് ആദ്യ ദിനം തന്നെ മികച്ച മൗത്ത് പബ്ലിസിറ്റിയാണ് ചിത്രത്തിന് ലഭിച്ചത്. ആദ്യ ദിന കലക്ഷനും ഞെട്ടിക്കുന്നതായിരുന്നു. പ്രേമലുവും ഭ്രമയുഗവും തിയേറ്ററിൽ ജൈത്രയാത്ര തുടരുമ്പോഴായിരുന്നു മഞ്ഞുമ്മൽ ബോയ്സിൻറെ വരവ്.
അതേസമയം, സമീപകാലത്തൊന്നും ഒരു മലയാള സിനിമയ്ക്ക് കിട്ടാത്ത സ്വീകാര്യതയാണ് തമിഴ്‌നാട്ടിൽ നിന്നും മഞ്ഞുമ്മൽ ബോയ്‌സിന് ലഭിച്ചത്. ‘2018’ന്റെ 175 കോടിയെന്ന ആഗോള ബോക്സ് ഓഫീസ് റെക്കോർഡിനെ മറികടന്നാണ് മഞ്ഞുമ്മൽ ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. അമേരിക്കയിൽ വൺ മില്യൻ ഡോളർ കലക്‌ഷൻ സ്വന്തമാക്കുന്ന ആദ്യ മലയാള സിനിമയെന്ന റെക്കോർഡും മഞ്ഞുമ്മലിന് സ്വന്തമാണ്.
സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, ഖാലിദ് റഹ്‌മാൻ, അഭിറാം രാധാകൃഷ്‍ണൻ, ദീപക് പറമ്പോൽ, വിഷ്‍ണു രഘു, അരുൺ കുര്യൻ എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സുഷിൻ ശ്യാമാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. ഈ ചിത്രം മലയാള സിനിമയുടെ സീൻ മാറ്റുമെന്ന് ചിത്രത്തിന്റെ പ്രൊമോഷൻ വേളയിൽ സുഷിൻ പറഞ്ഞതും ശ്രദ്ധ നേടിയിരുന്നു.
