Malayalam
മഞ്ജുവിനെ ഇറക്കി ചാലക്കുടി പിടിക്കാന്‍ എല്‍ഡിഎഫ്?; റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ
മഞ്ജുവിനെ ഇറക്കി ചാലക്കുടി പിടിക്കാന്‍ എല്‍ഡിഎഫ്?; റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ
ഇടക്കാലത്ത് ഒരു നീണ്ട ഇടവേള ഉണ്ടായെങ്കിലും വര്‍ഷങ്ങളായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന സൂപ്പര്‍ നടിയാണ് മലയാളത്തിന്റെ പ്രിയപ്പെടപ്പെട്ട ലേഡീസ് സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍. 1995 ല്‍ പുറത്തിറങ്ങിയ മോഹന്‍ സംവിധാനം ചെയ്ത സാക്ഷ്യം എന്ന ചിത്രത്തിലൂടെയാണ് മഞ്ജു അഭിനയ രംഗത്തേക്ക് എത്തിയത്. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല താരത്തിന്. വലിയൊരു ഇടവേളയ്ക്ക് ശേഷം ഇപ്പോഴും കൈനിറയെ സിനിമകളുമായി തിരക്കിലാണ് നടി.
ഇപ്പോഴിതാ മഞ്ജുവിന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചുള്ള ചില ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. യുഡിഎഫിന്റെ കോട്ടയായിരുന്ന പഴയ മുകുന്ദപുരം മണ്ഡലമാണ് മണ്ഡല പുനര്‍നിര്‍ണയത്തോടെ ചാലക്കുടിയായി മാറിയത്. ചാലക്കുടി ആയ ശേഷവും കോണ്‍ഗ്രസിന്റെ സ്വാധീനത്തിന് വലിയ ഇളക്കം തട്ടിയിട്ടില്ല. മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ കെപി ധനപാലനാണ് ഇവിടെ വിജയിച്ചത്.
എന്നാല്‍ 2014 ല്‍ ഇവിടെ അപ്രതീക്ഷിത തിരിച്ചടി യുഡിഎഫിന് നേരിട്ടു. എല്‍ഡിഎഫ് സ്വതന്ത്രനായി രംഗത്തിറങ്ങിയ നടന്‍ ഇന്നസെന്റായിരുന്നു അന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ പിസി ചാക്കോയെ പരാജയപ്പെടുത്തിയത്. അപ്രതീക്ഷിതമായിട്ടായിരുന്നു അന്ന് ഇന്നസെന്റ് മത്സരിച്ചത്. ഇപ്പോഴിതാ വീണ്ടും അത്തരത്തിലൊരു മത്സരത്തിന് മണ്ഡലത്തില്‍ കളമൊരുങ്ങുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.
ഇന്നസെന്റിനെ പോലെ നടി മഞ്ജു വാര്യരെ ഇറക്കി മണ്ഡലം പിടിക്കാന്‍ എല്‍ഡി എഫില്‍ ആലോചന നടക്കുന്നുണ്ടെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടിലാണ് ഇതേ കുറിച്ച് പറയുന്നത്. 2019 ലെ ലോക്‌സഭ തികഞ്ഞെടുപ്പില്‍ ഇന്നസെന്റ് തന്നെയായിരുന്നു മത്സരിച്ചത്. എന്നാല്‍ പരാജയം രുചിച്ചു. 473444 വോട്ടുകള്‍ നേടി ബെന്നി ബെഹ്നാന്‍ യു ഡി എഫിന് വേണ്ടി മണ്ഡലം തിരിച്ചുപിടിക്കുകയായിരുന്നു.
ഇക്കുറി വിജയിക്കണമെങ്കില്‍ കരുത്തര്‍ തന്നെ ഇറങ്ങണമെന്നാണ് എല്‍ഡിഎഫിലെ ആലോചന. ഈ സാഹചര്യത്തിലാണ് മഞ്ജുവിന്റെ പേര് പരിഗണിക്കുന്നത്. 2014 ല്‍ അവസാന ഘട്ടത്തില്‍ ഇന്നസെന്റ് ഇറങ്ങിയത് പോലെ മഞ്ജുവും ഇറങ്ങുമെന്നാണ് നേതൃത്വം പ്രതീക്ഷിക്കുന്നത്. സ്ഥാനാര്‍ത്ഥിക്കായുള്ള ചര്‍ച്ചകള്‍ തുടങ്ങിയെന്നും, ഈ ഘട്ടത്തില്‍ മഞ്ജു വാര്യര്‍ അടക്കം ഒരു പേരും തള്ളിക്കളയുന്നില്ലെന്നും എല്‍ ഡി എഫ് കണ്‍വീനര്‍ ജോര്‍ജ് ഇടപ്പരത്തി പറഞ്ഞു. സി പി എം സംസ്ഥാന കമ്മിറ്റിയാകും അന്തിമ തീരുമാനമെടുക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം മഞ്ജു വാര്യരെ കൂടാതെ മുന്‍ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്, ഡി വൈ എഫ് ഐ നേതാവ് ജെയ്ക്ക് സി തോമസ് , സി ഐ ടി യു നേതാവ് യു പി ജോസഫ് എന്നിവരുടെ പേരുകളും പരിഗണിക്കുന്നുണ്ട്. ആദ്യ പിണറായി സര്‍ക്കാരില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോള്‍ ലഭിച്ച സ്വീകാര്യതയും തൃശൂര്‍ സെന്റ് തോമസ് കോളജില്‍ അധ്യാപകനായിരുന്നുവെന്നതും രവീന്ദ്രനാഥ് ഇറങ്ങിയാല്‍ ഗുണം ചെയ്യുമെന്നാണ് നേതൃത്വം കരുതുന്നത്. യുവാക്കള്‍ക്കിടയില്‍ സ്വീകാര്യതയുണ്ട് എന്നതാണ് ജെയ്ക്കിന്റെ പേര് പരിഗണിക്കാന്‍ കാരണം. യുപി ജോസഫ് മുന്‍പ് സ്ഥാനാര്‍ത്ഥിയായിട്ടുണ്ട്.
അതേസമയം, കൈനിറയെ ചിത്രങ്ങളുമായി തന്റെ അഭിനയ ജീവിതത്തിലേയ്ക്ക് തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് മഞ്ജു. ഈ വേളയില്‍ താരം രാഷ്ട്രീയത്തിലേയ്ക്ക് തിരിയുമോ എന്ന് കണ്ട് തന്നെ അറിയണം. വാര്‍ത്തയ്ക്ക് പിന്നാലെ നിരവധി ആരാധകര്‍ ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും സംസാരിക്കുന്നുണ്ട്. മഞ്ജുവിന് രാഷ്ട്രീയം ചേരില്ല അഭിനയമാണ് നല്ലത്, ഇപ്പോഴുള്ള ഇമേജ് കളയാതിരിക്കുന്നതായിരിക്കും ഉചിതം, ഈ വാര്‍ത്ത കേട്ട് ദിലീപ് തന്നെ ഒന്ന് ഞെട്ടിക്കാണും എന്നിങ്ങനെ പോകുന്നു കമന്റുകള്‍.
ഇപ്പോള്‍ ‘മിസ്റ്റര്‍ എക്‌സ്’ എന്ന തമിഴ് സിനിമയിലാണ് മഞ്ജു വാര്യര്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ കൂടെ ‘തലൈവര്‍ 170’ എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിലും മഞ്ജു പ്രധാന കഥാപ്ത്രമായി എത്തുന്നുണ്ട്. അമിതാബ് ബച്ചന്‍, മഞ്ജു വാര്യര്‍, ഫഹദ് ഫാസില്‍, റാണ ദഗുബാട്ടി തുടങ്ങീ വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. അമിതാഭ് ബച്ചനും രജനികാന്തും 32 വര്‍ഷത്തിന് ശേഷം ഒരുമിക്കുന്ന ചിത്രം കൂടിയാണ് തലൈവര്‍ 170.
