Actress
വരുമാനമില്ലായ്മ ചിലവിനെ ഒരുതരത്തിലും ബാധിക്കാത്തതും പണിയെടുത്തതിന്റെ കാശു വായിട്ടലച്ചിട്ടും കിട്ടാത്തതിന്റെയെല്ലാം വൈക്ളബ്യം ഒരു പാനിക് അറ്റാക്കിലേയ്ക്ക് വഴിതെളിച്ചു; മനീഷ
വരുമാനമില്ലായ്മ ചിലവിനെ ഒരുതരത്തിലും ബാധിക്കാത്തതും പണിയെടുത്തതിന്റെ കാശു വായിട്ടലച്ചിട്ടും കിട്ടാത്തതിന്റെയെല്ലാം വൈക്ളബ്യം ഒരു പാനിക് അറ്റാക്കിലേയ്ക്ക് വഴിതെളിച്ചു; മനീഷ
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടിയും ഗായകിയും ബിഗ് ബോസ് മലയാളം സീസൺ 5 മത്സരാർത്ഥിയുമായ മനീഷ. ഷോയ്ക്ക് ശേഷവും നിരവധി ടിവി പരിപാടികളിലും മറ്റുമായി തന്റെ കരിയറിൽ സജീവമായിരുന്നു മനീഷ. എന്നാൽ അടുത്തിടെ താൻ കടന്നുപോയത് കടുത്ത പ്രതിസന്ധികളിലൂടെയാണെന്ന് തുറന്ന് പറയുകയാണ് താരം. പലവക കാരണങ്ങളാലും ദുഃഖിതമായ ഒരന്തരീക്ഷത്തിലൂടെയാണ് ജീവിതം മുന്നോട്ടു നീങ്ങികൊണ്ടിരിക്കുന്നത്.
മാനസികവ്യഥകളുടെ കാഠിന്യമേറിയപ്പോൾ ശരീരം അതിന്റെ സ്വതസിദ്ധമായ പ്രതികരണങ്ങൾ കാട്ടിതുടങ്ങിയതോടെ ആശുപത്രിവാസങ്ങളും തുടരെതുടരെ സംഭവിച്ചതായി മനീഷ പറയുന്നു. ജോലി ചെയ്ത വരുമാനം ലഭിക്കാതിരുന്നതോടെ അതിന് വേണ്ടി ഒരുപാട് അഭ്യർത്ഥിച്ചുവെന്നും അത് ലഭിക്കാതിരുന്നതോടെ പാനിക്ക് അറ്റാക്ക് അടക്കം ഉണ്ടായെന്നും മനീഷ പറയുന്നു. ഫേസ്ബുക്ക് പേജിലടെയാണ് മനീഷയുടെ പ്രതികരണം. നടിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെയായിരുന്നു;
ജീവിതം വിസ്മയങ്ങൾ നിറഞ്ഞ ഒരു തിരകഥ പോലെയാണ്. കുറച്ചേറെ മാസങ്ങളായി പലവക കാരണങ്ങളാലും ദുഃഖിതമായ ഒരന്തരീക്ഷത്തിലൂടെയാണ് ജീവിതം മുന്നോട്ടു നീങ്ങികൊണ്ടിരിക്കുന്നത്. മാനസികവ്യഥകളുടെ കാഠിന്യമേറിയപ്പോൾ ശരീരം അതിന്റെ സ്വതസിദ്ധമായ പ്രതികരണങ്ങൾ കാട്ടിതുടങ്ങിയതോടെ ആശുപത്രിവാസങ്ങളും തുടരെതുടരെയായി.
കാശു കടം വാങ്ങിയവരുടെ ചീത്തവിളികൾ മനസ്സിനെ തെല്ലൊന്നുമല്ല ഉലച്ചത്. നീണ്ട പത്തുപതിനഞ്ച് മാസങ്ങൾക്കുമേറെ സ്ഥിരവരുമാനമില്ലാത്തതിന്റെ വരുമാനമില്ലായ്മ ചിലവിനെ ഒരുതരത്തിലും ബാധിക്കാത്തതും പണിയെടുത്തതിന്റെ കാശു വായിട്ടലച്ചിട്ടും കിട്ടാത്തതിന്റെയെല്ലാം വൈക്ളബ്യം ഒരു പാനിക് അറ്റാക്കിലേയ്ക്കും മറ്റുപല ശാരീരികക്ളേശങ്ങളിലേയ്ക്കും വഴിതെളിച്ചപ്പോൾ കൂടെ ആരൊക്കെയുണ്ട് ആത്മാർത്ഥതയോടെ എന്ന് തിരിച്ചറിയാനുള്ള ഒരു സുവർണ്ണ അവസരം കൂടിയായി അത് .പലരും വിളിച്ചാൽ ഫോൺ പോലും എടുക്കാതെയായി.
ജീവിതത്തിലെ ആ ഒരദ്ധ്യായത്തെ കുറിച്ച് വളരെ വിശദമായി ചിലരെയെല്ലാം പരാമർശിച്ചുകൊണ്ടുതന്നെ മറ്റൊരു കുറിപ്പ് ഞാനടുതന്നെ എഴുതും..
ഇപ്പൊ ഞാനീ പോസ്റ്റ് ഇടുന്നത് ഒരു self motivation നു വേണ്ടിയാണ് .. ആലോചിച്ചാൽ ഒരന്തവുമില്ല ആലോചിച്ചില്ലെങ്കിൽ ഒരു കുന്തവുമില്ലന്ന് കുഞ്ഞുണ്ണി മാഷ് പറഞ്ഞപോലെ ജീവിതം അതിന്റെ താളക്രമത്തിൽ തന്നയേ മുന്നോട്ടുപോകൂ…കയറ്റിറക്കങ്ങൾ എല്ലാ മനുഷ്യജന്മങ്ങൾക്കും ബാധകം തന്നെ .. കഷ്ടകാലത്തും കൂടെ നിന്ന ചുരുക്കം ചിലരോട് ഹൃദയത്തിന്റെ ഉള്ളിൽ നിന്നുള്ള സ്നേഹവും കടപ്പാടും. ഏതു കഷ്ടകാലത്തും പുഞ്ചിരിച്ചു നിൽക്കാനുള്ള കഴിവു തന്ന ദൈവത്തിനു നൂറുനൂറു നന്ദി എന്നും നടി കുറിച്ചു.
അതേസമയം, ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ മനീഷയോടുള്ള മോശം ചോദ്യം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സംസാരിക്കവെയായിരുന്നു താരത്തോട് അവതാരകൻ ആർക്കെങ്കിലും വാതിൽ തുറന്നു കൊടുത്തിട്ടുണ്ടോ എന്ന് ചോദിക്കുന്നത്.
പിന്നാലെ അവതരാകനോട് മനീഷ പൊട്ടിത്തെറിക്കുകയുണ്ടായി. ഈ വീഡിയോ വൈറലായി മാറിയിരുന്നു. സോഷ്യൽ മീഡിയയും അവതാരകനെതിരെ രംഗത്തെത്തി. വലിയ വിമർശനമാണ് അവതാരകൻ സോഷ്യൽ മീഡിയയിൽ നിന്നും നേരിട്ടത്. മനീഷയ്ക്ക് പിന്തുണയായി നിരവധി പേരാണ് മുന്നോട്ട് വന്നത്. എന്നാൽ ചിലർ ഇത് മുൻകൂട്ടി തയ്യാറാക്കിയ പ്ലാൻ പ്രകാരമുള്ള ചോദ്യവും ഉത്തരവുമാണെന്ന് വിമർശിക്കുകയുണ്ടായി.
പിന്നാലെ മനീഷ തന്നെ പ്രതികരണവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. തനിക്ക ്‌വളരെ അടുപ്പമുള്ള അവതാരകനിൽ നിന്നും ഇത്തരത്തിലൊരു ചോദ്യം പ്രതീക്ഷിച്ചിരുന്നില്ലെന്നും അതാണ് തന്നെ വിഷമിപ്പിച്ചതെന്നുമാണ് മനീഷ പറയുന്നത്.
പ്രാങ്ക് ആണ്, അഭിനയം ആണെന്നൊക്കെ ഒരുപാട് പേർ പറയുന്നുണ്ട്. ഞാൻ അതിനോടൊന്നും പ്രതികരിക്കാതിരിക്കുകയാണ്. കാരണം വെറുതെ പറഞ്ഞു മെഴുകേണ്ടതില്ലല്ലോ. അങ്ങനെ വിശ്വസിക്കാൻ താൽപര്യമുള്ളവർ അങ്ങനെ തന്നെ വിശ്വസിച്ചോട്ടെ. എനിക്ക് ഒരാളേയും ബോധ്യപ്പെടുത്തേണ്ടതില്ലെന്നാണ് മനീഷ പറയുന്നത്. ഏതൊരു അഭിമുഖത്തിന് പോകുമ്പോഴും പറയും, ചേച്ചി വൈറാലാകനുള്ള ചില ചോദ്യങ്ങൾ ചെയ്യുമെന്ന്. പക്ഷെ ഇങ്ങനെ വല്ലാതെ ഇന്റൻസീവ് ആയൊരു ചോദ്യം ചോദിക്കുമെന്ന് കരുതിയില്ലെന്നാണ് മനീഷ പറയുന്നത്.
സ്വകാര്യതയ്ക്കും അപ്പുറത്തെ സ്വകാര്യതയിലേക്ക് കടന്ന്, ഒരു സ്ത്രീയോട് ഒരിക്കലും ചോദിക്കാൻ പാടില്ലാത്ത ചോദ്യമായിരുന്നുവെന്നും മനീഷ പറയുന്നു. ഒരുപക്ഷെ, ചേച്ചിയുടെ വാതിൽ ഇങ്ങനെ മുട്ടിയിട്ടുണ്ടോ എന്ന് ചോദിച്ചിരുന്നുവെങ്കിൽ തനിക്ക് ഇത്ര വിഷമം തോന്നില്ലായിരുന്നു. ചിലപ്പോൾ അവന്റെ കയ്യിൽ നിന്നും പോയതുമാകാം. പക്ഷെ ആ നിമിഷം തനിക്കുണ്ടായ വിഷമത്തിലാണ് അങ്ങനെ പ്രതികരിച്ചതെന്നും മനീഷ പറയുന്നു.
കേരളത്തിലെ 98 ശതമാനം ആളുകളും തന്റെ കൂടെ നിന്നുവെന്നതിൽ സന്തോഷമുണ്ടെന്നും താരം പറയുന്നു. അതൊരു അഭിനയമായിരുന്നില്ലെന്നും അങ്ങനെ തന്നെയാണ് സംഭവിച്ചതെന്നും താരം ആവർത്തിക്കുന്നുണ്ട്. ചെപ്പയ്ക്ക് അടിക്കാമായിരുന്നില്ലേ എന്ന് പലരും ചോദിച്ചു. പക്ഷെ ക്യാമറയ്ക്ക് മുന്നിൽ വച്ച് താൻ അങ്ങനെ ചെയ്താൽ ഈ പറഞ്ഞ ആളുകൾ തന്നെ തനിക്ക് നേരെ തിരിഞ്ഞേനെ എന്നാണ് താരം അഭിപ്രായപ്പെടുന്നത്.
ചിലർ കേസ് കൊടുക്കാനും പറയുന്നുണ്ട്. വയനാട്ടിൽ ഇത്ര വലിയ ദുരന്തമുണ്ടായി. അതിന് ശേഷമുള്ള ചർച്ച ഇതാണ്. വാർത്തകൾ വന്നു കൊണ്ടിരിക്കും. ആളുകൾക്ക് മറക്കാൻ എളുപ്പമാണ്. ഇതിന്റെ പുറകെ നടക്കുകയും കോടതി കയറിയിറങ്ങുകയും ചെയ്യേണ്ടത് താനാണെന്നും മനീഷ പറയുന്നു. തനിക്ക് പറയാനുള്ളത് താൻ ഓൺ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും അവതാരകനോട് പറഞ്ഞിട്ടുണ്ട്. അവൻ തന്നോട് ഒരുപാട് ക്ഷമാപണം നടത്തിയെന്നും താരം പറഞ്ഞിരുന്നു.
സീരിയലിന് പുറത്തും സൗഹൃദം സൂക്ഷിക്കുന്നവരാണ് പല താരങ്ങളും. അത്തരത്തിൽ തട്ടീം മുട്ടീം സീരിയലിൽ തന്റെ മകൻ ആദിയായ് അഭിനയിച്ച സാഗർ സൂര്യയെ കുറിച്ച് മനീഷ പറഞ്ഞിരുന്ന വാക്കുകളും ശ്രദ്ധ നേടിയിരുന്നു. ഞാൻ ഇപ്പോഴും ആദി എന്നാണ് സാഗറിനെ വിളിക്കുന്നത്. ഞങ്ങൾ ഒന്നിച്ചു കണ്ട് മുട്ടിയ ആ നിമിഷം മുതൽ ഈ നിമിഷം വരെ അവൻ എന്നെ അമ്മേ എന്നല്ലാതെ മറ്റൊന്നും മാറ്റി വിളിച്ചിട്ടില്ല. ചേച്ചി എന്ന് പോലും വിളിച്ചിട്ടില്ല.
അമ്മേ എന്ന് മാത്രമാണ് വിളിക്കുന്നത്. അവന്റെ അമ്മ മരിച്ച് രണ്ട് ദിവസം കഴിഞ്ഞപ്പോൾ അവൻ രാത്രി രണ്ട് മണിക്ക് എന്നെ വിളിച്ചിരുന്നു. ഞാൻ ഫോൺ എടുത്തതും അവൻ എന്നെ അമ്മേ എന്ന് വിളിച്ചു. അവന്റെ വിളി കേട്ടപ്പോൾ സത്യം പറഞ്ഞാൽ എനിക്ക് ഭയങ്കര ഇമോഷണലായിപ്പോയി. കാരണം അമ്മേ എന്ന് വിളിക്കാൻ അവന് അപ്പുറത്ത് ആളില്ല. അവൻ എന്നോട് പറഞ്ഞു എനിക്ക് അമ്മേ എന്ന് വിളിക്കണം.
പക്ഷെ അമ്മയെ അല്ലെ വിളിക്കാൻ കഴിയുകയുള്ളു. എന്റെ ‘അമ്മ പോയില്ലേ.. അത് കേട്ട് ഞാൻ അന്ന് കുറേ വിഷമിച്ചു. എന്നിട്ടും അവനെ കുറെ സമാധാനിപ്പിച്ചു. പക്ഷെ സ്വന്തം അമ്മയെ പകരം വയ്ക്കാൻ നമുക്ക് ഒരിക്കലും പറ്റില്ല. ഇന്ന് അവൻ അതെല്ലാം തരണം ചെയ്തിട്ടുണ്ട്. അവന്റെ അച്ഛനും അതെല്ലാം തരണം ചെയ്ത് കുഴപ്പമില്ലാതെ ഇരിക്കുന്നു. അവർ രണ്ട് ആൺകുട്ടികളാണ്. രണ്ട് ആൺകുട്ടികളും ഇപ്പോൾ നല്ല നിലയിൽ എത്തി.
അവൻ ഇപ്പോൾ ജീവിക്കുന്നത് ഇതെല്ലാം അവന്റെ അമ്മയുടെ അനുഗ്രഹവും കരുതലുമാണ് എന്ന ബോധത്തിലാണ്. ഞാൻ ഈ പ്രായത്തിൽ എത്തിയപ്പോഴാണ് എന്റെ ‘അമ്മ മരണപ്പെടുന്നത്. എന്നിട്ടു പോലും ഞാൻ എന്റെ അമ്മയെ ഓർക്കാത്ത ഒരു ദിവസം പോലും ഇല്ല. അവന്റെ പ്രായം ചെറുതാണ്, അവന്റെ അമ്മയ്ക്ക് എന്റെ പ്രായമേ ഉള്ളു. ഇനിയും എത്രയോ വർഷങ്ങൾ കൂടെ ജീവിക്കേണ്ട ആളായിരുന്നു. അമ്മയ്ക്കും അച്ഛനും പകരം വയ്ക്കാൻ വേറെ ആരും ഉണ്ടാവില്ല. ജീവിച്ചിരിക്കുമ്പോൾ അത് മനസ്സിലാക്കണമെന്നില്ലെന്നുമാണ് മനീഷ പറഞ്ഞിരുന്നത്.
സംഗീതമായിരുന്നു മനീഷയുടെ ആദ്യ തട്ടകം. തൃശൂർ പേരാമ്പ്ര സ്വദേശിയായ മനീഷ റേഡിയോ മാധ്യമരംഗത്തും തിളങ്ങി.സംഗീതമായിരുന്നു അതിനും വഴി തെളിയിച്ചത്. ദുബായ്‍യിൽ ഈസ്റ്റ് കോസ്റ്റ് വിജയന്റെ പ്രോഗ്രാമിൽ ഒരു ഗാനം ആലപിച്ച മനീഷ പ്രവാസി റേഡിയോ രംഗത്തെ അതികായകനായ കെപികെ വെങ്ങര അഭിമുഖത്തിന് വിളിച്ചു. റേഡിയോയ്‍ക്ക് പറ്റിയ ശബ്‍ദമാണ് എന്ന് തിരിച്ചറിഞ്ഞ അദ്ദേഹം മനീഷയോട് ജോലിയിൽ പ്രവേശിക്കുന്നോയെന്ന് ചോദിച്ചു.
അങ്ങനെ റേഡിയോയുടെ ഭാഗമായി പ്രവാസി ലോകത്ത് ശ്രദ്ധയാകർഷിക്കുകയും ചെയ്‍ത കലാകാരിയാണ് മനീഷ. സ്വന്തമായി റേഡിയോ കമ്പനിയും സ്ഥാപിച്ച മനീഷ നിരവധി നാടകങ്ങളുടെയും ഭാഗമായി. റേഡിയോ നാടകങ്ങളിൽ വിവിധ കഥാപാത്രങ്ങൾക്ക് ശബ്‍ദം നൽകിയ മനീഷ മിമിക്രിയുടെ സാധ്യതകളും പരീക്ഷിച്ചിട്ടുണ്ട്. തൃശൂർ ആകാശവാണിയിൽ നിന്ന് നാഷണൽ അവാർഡും ലഭിച്ചിരുന്നു. ആകാശവാണിയിൽ ലളിതഗാന വിഭാഗത്തിൽ ബി ഹൈ ഗ്രേഡും നാടകം ഡബ്ബിങ് വിഭാഗത്തിൽ ബി ഗ്രേഡും ഉള്ള ആർട്ടിസ്റ്റ് ആണ് മനീഷ.
മനീഷ സീരിയലിനു പുറമേ ഏതാനും സിനിമകളിലും വേഷമിട്ടിട്ടുണ്ട്. മനീഷ മോഹൻലാൽ ചിത്രമായ ‘തന്മാത്ര’യിലൂടെയാണ് വെള്ളിത്തിരയിൽ എത്തുന്നത്. മനീഷ ‘രസതന്ത്രം’, ‘എന്നും എപ്പോളും’, ‘ജനമൈത്രി’ തുടങ്ങി പതിനേഴോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മനീഷ പന്ത്രണ്ടോളം സിനിമകളിൽ ഡബ് ചെയ്‍തിട്ടുമുണ്ട്. മൂവാറ്റുപുഴയിലുള്ള എയ്ഞ്ചൽ വോയ്‍സ് എന്ന ഓർക്കസ്ട്രയുടെ ഭാഗമായാണ് മനീഷ ഗായികയായി തുടക്കം കുറിക്കുന്നത്.
‘ഇരുവട്ടം മണവാട്ടി’, ‘കാണാകൺമണി’, ‘പുള്ളിമാൻ’ തുടങ്ങിയ ചിത്രങ്ങളിൽ ഗാനം ആലപിച്ച മനീഷ യേശുദാസ്, ജയചന്ദ്രൻ, എസ് പി ബാലസുബ്രഹ്മണ്യം തുടങ്ങിയവർക്കൊപ്പം ഗാനമേളകളിലും പാടിയിട്ടുണ്ട്. ഇതിഹാസ ഗായകൻ എസ് പി ബാലസുബ്രഹ്‍മണ്യത്തിനൊപ്പം പാടുമ്പോൾ കണ്ണു നിറയുകയും അദ്ദേഹം അത് തുടക്കുകയും ചെയ്യുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. ‘ദൈവസ്നേഹം വർണ്ണിച്ചിടാൻ വാക്കുകൾ പോരാ’ എന്ന പ്രശസ്‍തമായ ഭക്തിഗാനം ആലപിച്ചതും മനീഷയാണ്. 1997 ലെ കേരള സംഗീത നാടക അക്കാദമിയുടെ മികച്ച ഗായികയ്ക്കുള്ള അവാർഡും മനീഷയെ തേടിയെത്തിയിരുന്നു. നാലായിരത്തോളം ഗാനങ്ങൾ ഇതുവരെ മനീഷ കെ എസ് പാടിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
