Malayalam
മമ്മൂട്ടിയുടെ അതേ ലുക്ക്, ഒരു മാറ്റവുമില്ല; സോഷ്യല്‍ മീഡിയയില്‍ വൈറലായി മമ്മൂട്ടിയുടെ സഹോദരി പുത്രന്
മമ്മൂട്ടിയുടെ അതേ ലുക്ക്, ഒരു മാറ്റവുമില്ല; സോഷ്യല്‍ മീഡിയയില്‍ വൈറലായി മമ്മൂട്ടിയുടെ സഹോദരി പുത്രന്
സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും മമ്മൂട്ടിയുടെ അപരന്മാരുടെ ചിത്രങ്ങളും വീഡിയോകളും വൈറലായി മാറാറുണ്ട്. എന്നാല്‍ ഇപ്പോഴിതാ മമ്മൂട്ടിയുടെ സഹോദരീപുത്രന് അഷ്ക്കര്‍ സൗദാനെ കണ്ട് അന്തം വിട്ടിരിക്കുകയാണ് ആരാധകര്‍. മമ്മൂട്ടിയുടെ അതേ ലുക്ക്, ഒരു മാറ്റവുമില്ലെന്നാണ് വീഡിയോ കണ്ട പലരും അഭിപ്രായപ്പെടുന്നത്.
സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ‘ഡിഎന്‍എ’ എന്ന ചിത്രത്തില്‍ പ്രധാനവേഷത്തില്‍ അഭിനയിക്കുകയാണ് അഷ്ക്കര്‍. ‘ഡിഎന്‍എ’ എന്ന സിനിമയുടെ പൂജ സമയത്തെടുത്ത അഷ്ക്കറിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
‘എന്റെ അമ്മാവനാണ് അദ്ദേഹം. രക്തബന്ധം എന്നൊക്കെ പറയില്ലേ. അദ്ദേഹത്തോട് സാദൃശ്യപ്പെടുത്തുന്നതു കാണുമ്പോള്‍ ഒരുപാട് സന്തോഷം തോന്നുന്നു. ഈ സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നതിനു മുമ്പേ അമ്മാവനെ പോയി കണ്ടിരുന്നു, അനുഗ്രഹം ചോദിച്ചു. ആകെ ഒറ്റ ചോദ്യമേ എന്നോട് ചോദിച്ചുള്ളൂ, ഡിഎന്‍എയുടെ അര്‍ഥം എന്താണെന്ന്.
ഒരു നിമിഷം ഞാന്‍ പകച്ചുപോയി. എന്ത് പറയണമെന്ന് അറിയില്ലായിരുന്നു. അദ്ദേഹം പറഞ്ഞു, ഡിഓക്സിറൈബോന്യൂക്ലിക് ആസിഡ് എന്നാണെന്ന്. അതിനി മരണം വരെയും മറക്കില്ല. കോട്ടയം കുഞ്ഞച്ചനൊക്കെ വീട്ടില്‍ നിന്നും ഒളിച്ചുപോയി കണ്ടിട്ടുള്ള ആളാണ് ഞാന്‍. അങ്ങനെയുള്ള ഒരാള്‍ക്ക് സുരേഷ് ബാബു സാറിന്റെ നായകനായി അവസരം കിട്ടുക എന്നു പറയുന്നത് തന്നെ ഭാഗ്യമാണ്’എന്നും അഷ്ക്കര്‍ പറയുന്നു.
