Malayalam
എല്ലാ നന്മതിന്മകളും സിനിമയിലുമുണ്ട്, പോലീസ് സത്യസന്ധമായി അന്വേഷിക്കട്ടെ, ശിക്ഷാവിധികൾ കോടതി തീരുമാനിക്കട്ടെ; ഹേമ കമ്മിറ്റി റിപ്പോർട്ടിനെ സ്വാഗതം ചെയ്യുന്നുവെന്ന് മമ്മൂട്ടി
എല്ലാ നന്മതിന്മകളും സിനിമയിലുമുണ്ട്, പോലീസ് സത്യസന്ധമായി അന്വേഷിക്കട്ടെ, ശിക്ഷാവിധികൾ കോടതി തീരുമാനിക്കട്ടെ; ഹേമ കമ്മിറ്റി റിപ്പോർട്ടിനെ സ്വാഗതം ചെയ്യുന്നുവെന്ന് മമ്മൂട്ടി
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ് ആയ മോഹൻലാലിനും മെഗാസ്റ്റാർ മമ്മൂട്ടിയ്ക്കും നേരിടേണ്ടി വന്നത്. ഇത്രയും ഗുരുതരമായ പ്രശ്നങ്ങൾക്കിടിയും രണ്ടാളുടെയും മൗനമായിരുന്നു വിമർശനങ്ങൾക്ക് കാരണമായത്. നിരവധി പേരാണ് മോഹൻലാലും മമ്മൂട്ടിയും മൗനം വെടിയണമെന്നും തെറ്റനെ തെറ്റായി തന്നെ അംഗീകരിക്കുകയും വേണമെന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നത്.
ഒടുക്കം കഴിഞ്ഞ ദിവസം ഇതിൽ പ്രതികരണവുമായി മോഹൻലാൽ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ മോഹൻലാലിന് പിന്നാലെ പ്രതകിരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മമ്മൂട്ടി. സിനിമാ മേഖലയിൽ പവർ ഗ്രൂപ്പ് ഇണ്ടെന്ന ആരോപണം മമ്മൂട്ടി നിഷേധിച്ച മമ്മൂട്ടി ഹേമ കമ്മിറ്റി റിപ്പോർട്ടിനെ സ്വാഗതം ചെയ്യുന്നുവെന്നും പറയുന്നു.
അദ്ദേഹത്തിന്റെ പ്രതികരണത്തിന്റെ പൂർണ്ണരൂപം ഇങ്ങനെയായിരുന്നു;
മലയാള സിനിമാരംഗം ഇപ്പോൾ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളാണ് ഈ കുറിപ്പിന് ആധാരം. അതേക്കുറിച്ച് അഭിനേതാക്കളുടെ സംഘടനയും നേതൃത്വവും ആദ്യം പ്രതികരിക്കുകയെന്നതാണ് സംഘടനാരീതി. അങ്ങനെയുള്ള ഔദ്യോഗികപ്രതികരണങ്ങൾക്ക് ശേഷമാണ് അംഗമെന്ന നിലയിൽ അഭിപ്രായം പറയേണ്ടത് എന്ന് വിശ്വസിക്കുന്നതുകൊണ്ടാണ് ഇത്രയും കാത്തത്. സമൂഹത്തിന്റെ പരിച്ഛേദം തന്നെയാണ് സിനിമ.
സമൂഹത്തിലെ എല്ലാ നന്മതിന്മകളും സിനിമയിലുമുണ്ട്. സിനിമാമേഖല സമൂഹം സൂക്ഷ്മമായി ശ്രദ്ധിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ അവിടെ സംഭവിക്കുന്ന ചെറുതും വലുതുമായ എല്ലാകാര്യങ്ങളും വലിയ ചർച്ചയ്ക്കിടയാക്കും. ഈ രംഗത്ത് അനഭിലഷണീയമായതൊന്നും സംഭവിക്കാതിരിക്കാൻ സിനിമാപ്രവർത്തകർ ശ്രദ്ധിക്കേണ്ടതും ജാഗരൂകരാകേണ്ടതുമാണ്.
ഒരിക്കലും സംഭവിക്കാൻപാടില്ലാത്ത ചിലത് സംഭവിച്ചതിനെത്തുടർന്ന് സിനിമാമേഖലയെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് തയ്യാറാക്കി പരിഹാരങ്ങൾ നിർദേശിക്കാനും നടപടികൾ ശുപാർശ ചെയ്യാനും സർക്കാർ രൂപീകരിച്ചതാണ് ജസ്റ്റിസ് ഹേമ കമ്മറ്റി. ആ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന നിർദേശങ്ങളെയും പരിഹാരങ്ങളെയും സർവ്വാത്മനാ സ്വാഗതം ചെയ്യുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു.
അവ നടപ്പാക്കാൻ സിനിമാ മേഖലയിലെ എല്ലാ കൂട്ടായ്മകളും വേർതിരിവുകളില്ലാതെ കൈകോർത്തുനില്‌കേണ്ട സമയമാണിത്. ഇപ്പോൾ ഉയർന്നുവന്ന പരാതികളിന്മേൽ പോലീസ് അന്വേഷണം ശക്തമായി മുന്നോട്ടുപോകുന്നു. ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോർട്ടിന്റെ പൂർണരൂപം കോടതിയുടെ മുന്നിലുമാണ്.
പോലീസ് സത്യസന്ധമായി അന്വേഷിക്കട്ടെ. ശിക്ഷാവിധികൾ കോടതി തീരുമാനിക്കട്ടെ. സിനിമയിൽ ഒരു ‘ശക്തികേന്ദ്ര’വുമില്ല. അങ്ങനെയൊന്നിന് നിലനില്ക്കാൻ പറ്റുന്ന രംഗവുമല്ല സിനിമ. ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോർട്ടിലെ പ്രായോഗികമായ ശുപാർശകൾ നടപ്പാക്കണമെന്നും അതിന് നിയമതടസ്സങ്ങളുണ്ടെങ്കിൽ ആവശ്യമായ നിയമനിർമാണം നടത്തണമെന്നും അഭ്യർഥിക്കുന്നു. ആത്യന്തികമായി സിനിമ നിലനിൽക്കണം എന്നുമാണ് മമ്മൂട്ടി പറയുന്നത്.
അതേസമയം, സിനിമ സമൂഹത്തിൻ്റെ ഭാഗമാണ്. മറ്റെല്ലായിടത്തും സംഭവിക്കുന്ന കാര്യങ്ങൾ ഇവിടെയും സംഭവിക്കുന്നു. അമ്മ ട്രേഡ് യൂണിയനല്ല. അത് അംഗങ്ങളുടെ ക്ഷേമത്തിന് വേണ്ടി തുടങ്ങിയ സംഘടനയാണ് എന്നാണ് മോഹൻലാൽ പറഞ്ഞത്. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് മറുപടി പറയേണ്ടത് സിനിമാരംഗം ആകെയാണ്. എന്തിനും ഏതിനും കുറ്റപ്പെടുത്തുന്നത് അമ്മയെയാണ്. ഈ സാഹചര്യത്തിൽ അഭിഭാഷകരോട് അടക്കം സംസാരിച്ചാണ് അമ്മയുടെ ചുമതലകളിൽ നിന്ന് രാജിവെച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഉത്തരം പറയേണ്ടത് അമ്മയല്ല.
അമ്മയ്ക്ക് അംഗങ്ങൾക്ക് പെൻഷൻ കൊടുക്കാനുണ്ട്, ഇൻഷുറൻസ് കൊടുക്കാനുണ്ട്, വീടുകൾ നിർമ്മിച്ച് നൽകാനുണ്ട്, മെഡിക്കൽ ക്യാംപുകൾ സംഘടിപ്പിക്കുന്നുണ്ട്. അതൊന്നും നിർത്തിവച്ചിട്ടില്ല. ഗൂഗിൾ മീറ്റ് വഴി എല്ലാ ഭാരവാഹികളുടെയും അനുമതി വാങ്ങിയിട്ടാണ് രാജി തീരുമാനം പ്രഖ്യാപിച്ചത്. മലയാള സിനിമാ വ്യവസായം തകരാൻ പോവുന്ന സ്ഥിതിയാണ് എന്നും അദ്ദേഹം പറഞ്ഞിരുന്നു.
