Malayalam
ഒരു രാത്രിയ്ക്ക് തങ്ങാൻ 75000 രൂപ; മമ്മൂട്ടിയുടെ വീട് ആരാധകർക്കായി തുറന്നു
ഒരു രാത്രിയ്ക്ക് തങ്ങാൻ 75000 രൂപ; മമ്മൂട്ടിയുടെ വീട് ആരാധകർക്കായി തുറന്നു
പ്രായത്തിന്റെ പാടുകൾ മനസ്സിലും ശരീരത്തിലും വീഴ്ത്താതെ, എല്ലാ വർഷവും കൂടുന്ന അക്കങ്ങളെ പോലും അമ്പരിപ്പിക്കുന്ന മമ്മൂട്ടിക്ക് പ്രായമാണോ ഗ്ലാമറാണോ കൂടുന്നതെന്ന സംശയമാണ് ആരാധകർക്ക്. ഏറ്റെടുക്കുന്ന വേഷങ്ങളോടുള്ള നടന്റെ ആത്മാർത്ഥത, ഏത് മേഖലയിലുള്ളവർക്കും കണ്ട് പഠിക്കാവുന്നതാണ്. കലാപാരമ്പര്യത്തിൻറെ തഴമ്പുകളില്ലാതെ സിനിമാ ലോകത്തേയ്ക്കെത്തിയ പി.ഐ.മുഹമ്മദ് കുട്ടി മമ്മൂട്ടിയായി പിന്നെ മമ്മൂക്കയാക്കി ആരാധകരുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയിരിക്കുകയാണ്.
ഇപ്പോഴിതാ, മമ്മൂട്ടിയുടെ വീട്ടിൽ താമസിക്കാൻ ആരാധകർക്കും വിനോദസഞ്ചാരികൾക്കും അവസരമൊരുങ്ങുകയാണ്. മമ്മൂട്ടിയും കുടുംബവും വർഷങ്ങളോളം താമസിച്ച, മമ്മൂട്ടിയുടെ കൊച്ചി പനമ്പിള്ളി നഗറിലെ വീടാണ് ആരാധകർക്കും ടൂറിസ്റ്റുകൾക്കുമായിട്ട് തുറന്നു കൊടുക്കുന്നത്. വികേഷൻ എന്ന ഹോസ്പിറ്റാലിറ്റി കമ്പനിയാണ് മമ്മൂട്ടിയുടെ വീട്ടിൽ താമസം എന്ന പദ്ധതിക്ക് പിന്നിൽ.
ഏപ്രിൽ ഒന്ന് മുതൽ ഇവിടെ താമസിക്കാനായി സാധിക്കും. നേരത്തെ ബുക്ക് ചെയ്തവർക്ക് മാത്രമെ ഈ അവസരം ലഭിക്കൂ. നിലവിൽ ഫോൺ വഴി മാത്രമേ ബുക്ക് ചെയ്യാൻ കഴിയൂ. ഏപ്രിൽ 1 മുതൽ ഇവിടെ താമസിക്കാൻ സാധിക്കും. മമ്മൂട്ടി സ്യൂട്ട്, ദുൽഖർ അബോഡ്, സുറുമീസ് സ്‌പേസ്, ഗസ്റ്റ് റൂം എന്നിങ്ങനെ നാല് മുറികളിലായി എട്ടു പേർക്ക് താമസിക്കാവുന്ന തരത്തിലാണ് വീട് റെനോവേറ്റ് ചെയ്തിരിക്കുന്നത്.
പ്രൈവറ്റ് തിയേറ്റർ, ഗാലറീസ് എന്നിവിടങ്ങളിലേക്കുള്ള പ്രോപ്പർട്ടി ടൂർ ഉൾപ്പെടെ ഒരു രാത്രി ഇവിടെ തങ്ങാൻ 75000 രൂപയാണ് ഈടാക്കുക. വെക്കേഷൻ എക്സ്പീരിയൻസ് ബോട്ടീക് മോഡലിലാണ് വീട് പുതുക്കി പണിതിരിക്കുന്നത്. പ്രത്യേക ഇന്റീരിയൽ വർക്കുകളോടെ പതിറ്റാണ്ടുകളോളമുള്ള ഓർമകൾ നിലനിർത്തിക്കൊണ്ടാണ് വീട് പുതുക്കി പണിഞ്ഞിരിക്കുന്നത്.
2008 മുതൽ 2020 വരെ മമ്മൂട്ടിയും ദുൽഖറും കുടുംബവും ഈ വീട്ടിലാണ് താമസിച്ചിരുന്നത്. മമ്മൂട്ടി ജീവിതത്തിൽ നല്ലൊരു പങ്കും ചെലവഴിച്ച വീടാണ് ഇത്. ദുൽഖറിന്റെ സിനിമാ അരങ്ങേറ്റവും വിവാഹവുമെല്ലാം ഈ വീട്ടിൽ നിന്നായിരുന്നു. കെസി ജോസഫ് റോഡിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. മമ്മൂട്ടിയുടെ പഴയ വീടും മമ്മൂട്ടിപ്പാലുവുമൊക്കെ കാണാൻ ആരാധകർ പനമ്പിള്ളി നഗറിലേക്ക് എത്താറുണ്ട്.
അതേസമയം കൊച്ചിയിലെ പനമ്പിള്ളി നഗർ പ്രദേശം മലയാളത്തിലെ നിരവധി അഭിനേതാക്കളും മറ്റ് സെലിബ്രിറ്റികളും താമസിക്കുന്ന ആഡംബര ലൊക്കേഷനാണ് എന്നതിനാൽ തന്നെ സ്റ്റേക്കേഷൻ ഉപയോഗപ്പെടുത്തുന്നത് വഴി താരങ്ങളിൽ പലരേയും കാണാനും സാധിക്കും. ഈ വീടിന് അടുത്ത് തന്നെയാണ് താരത്തിന്റെ പ്രിയ സുഹൃത്തായ നടൻ കുഞ്ചൻ താമസിക്കുന്നത്. എറണാകുളം ഇളംകുളത്താണ് മമ്മൂട്ടിയുടെ പുതിയ വീട്.
അതേസമയം, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ മമ്മൂട്ടിയുടെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള വാർത്തകളാണ് സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുകയാണ്. ഏറെക്കാലത്തിന് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒരുമിക്കുന്ന മഹേഷ് നാരായണൻ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കവേയാണ് അദ്ദേഹത്തിന് കാൻസർ ആണെന്നതടക്കമുളള അഭ്യൂഹങ്ങൾ ആരാധകരെ ആശങ്കപ്പെടുത്തി പരന്നത്. അദ്ദേഹം ചെന്നൈയിലെ പ്രമുഖ ആശുപത്രിയിൽ ചികിത്സയിലാണെന്നും വാർത്തകൾ പ്രചരിച്ചു.
ഇതോടെ മമ്മൂട്ടിക്ക് കാൻസർ ആണെന്നുളള റിപ്പോർട്ടുകൾ തള്ളി അദ്ദേഹത്തിന്റെ പിആർ ടീം രംഗത്ത് വന്നു. റംസാൻ വ്രതമെടുക്കുന്നതിന്റെ ഭാഗമായുളള വിശ്രമത്തിലാണെന്നും മമ്മൂട്ടിയുടെ ടീം അറിയിച്ചു. മഹേഷ് നാരായണൻ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ മമ്മൂട്ടിക്ക് ചില ആരോഗ്യസംബന്ധമായ പ്രശ്നങ്ങളുണ്ടായെന്നും അദ്ദേഹം അമേരിക്കയിലേക്ക് പോവുകയാണ് എന്നും സംവിധായകൻ അഖിൽ മാരാർ പറഞ്ഞിരുന്നു.
മമ്മൂക്കയുടെ ആരോഗ്യ നിലയുമായി ബന്ധപ്പെട്ടു അനാവശ്യ വിവാദങ്ങൾ കത്തിച്ചു വാദ പ്രതിവാദങ്ങൾ നിരത്തി ആഘോഷിക്കുകയാണ് ഓൺലൈൻ മാധ്യമങ്ങൾ….മറുനാടൻ മലയാളിയിൽ ആണ് ആദ്യം ഇത്തരം വാർത്ത വരുന്നത്. ആ വാർത്തയ്ക്കു പിന്നിൽ രണ്ട് കാരണങ്ങൾ ഉണ്ട്. ഒന്ന് മമൂക്കയ്ക്ക് ചെറിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്ന സത്യവും രണ്ട് അതിന്റെ നിർമാതാക്കളോട് ഷാജൻ സ്‌കറിയയ്ക്കുള്ള ശത്രുത…
വാർത്തയിലെ സത്യത്തെ മുന്നിൽ നിർത്തി തന്റെ ശത്രുവിനെ അടിക്കുക എന്ന നയം ആണ് ആ വാർത്തയിൽ അദ്ദേഹം നടത്തിയത്… മലയാളത്തിലെ ഏറ്റവും വലിയ പ്രോജെക്ട് ആയി നടക്കുന്ന മമ്മൂട്ടി-മോഹൻലാൽ ഒന്നിക്കുന്ന മഹേഷ് നാരായൺ ചിത്രത്തിൽ ഏതാണ്ട് 100 ദിവസത്തിലധികം പല രാജ്യങ്ങളിൽ സഞ്ചരിച്ചും പ്രയാസമേറിയ രംഗങ്ങളിൽ പോലും പ്രായം നോക്കാതെ ആരോഗ്യം ശ്രദ്ധിക്കാതെ പൂർണമായ അർപ്പണ ബോധ്യത്തോടെ അഭിനയിച്ച മമ്മൂക്കയ്ക്ക് മുൻ കാലങ്ങളിൽ പുലർത്തി വന്ന ഭക്ഷണക്രമങ്ങൾ പിന്തുടരാൻ കഴിയാത്ത അവസ്ഥ വന്നു..
73വയസ്സിൽ ലോകത്ത് ഒരാളും ഇത്ര ആവേശത്തോടെ സിനിമയെ സമീപിക്കും എന്നെനിക്ക് തോന്നുന്നില്ല.. ഒരേ സമയം സിനിമയുടെ ബഡ്ജറ്റ് കാര്യങ്ങളിൽ ശ്രദ്ധിക്കുകയും അത് കൊണ്ട് തന്നെ ആരോഗ്യം നോക്കാതെ ഷോട്ടിനു തയ്യാറാവുക ചെയ്തത് കൊണ്ട് ഗ്യാസ്ട്രിക് പ്രശ്നങ്ങൾ ഉണ്ടായി.. അസുഖം വരാത്ത മനുഷ്യർ ഉണ്ടോ ലോകത്തു.
മമ്മൂക്കയ്ക്കും ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടായി.. അത് ടെസ്റ്റ് ചെയ്തു.. നിലവിൽ നോമ്പ് ആയത് കൊണ്ടും തന്റെ ഭാഗം വരുന്ന രംഗങ്ങൾ എല്ലാം പൂർത്തിയാക്കി. ലാലേട്ടനും നയൻതാര എന്നിവർക്കൊപ്പം ഉള്ള രംഗങ്ങൾ അവരുടെ ഡേറ്റ് വൈകിയത് കൊണ്ട് തന്റെ ശരീരം ശ്രദ്ധിക്കാനും ആരാധകരുടെ സ്നേഹ ശല്യം ആശുപത്രിയിൽ ഉണ്ടാവുന്നത് ഒഴിവാക്കാൻ അമേരിക്കയിലേക്ക് പോകുന്നു എന്നതാണ് സത്യമെന്നും അഖിൽ മാരാർ പറഞ്ഞിരുന്നു.
ആരോഗ്യ കാര്യങ്ങളിൽ വലിയ ശ്രദ്ധ നൽകുന്ന താരമാണ് മമ്മൂട്ടി. കൃത്യമായ ഡയറ്റിംഗ് താരത്തിനുണ്ട്. 73 വയസിലും ചെറുപ്പം നിലനിർത്തുന്നതിന് കാരണവും ഇതാണ്. മമ്മൂട്ടിയുടെ ഭക്ഷണ രീതികളെക്കുറിച്ച് സഹപ്രവർത്തകരിൽ പലരും സംസാരിക്കാറുണ്ട്. ഇഷ്ടമുള്ളതെന്തും കഴിക്കും എന്നാൽ ഇഷ്ടമുള്ള അത്രയും കഴിക്കാറില്ലെന്നാണ് ഡയറ്റിംഗിനെക്കുറിച്ച് മമ്മൂട്ടി പറയാറുള്ളത്.
കരിയറിൽ ഏറ്റവും മികച്ച കാലഘട്ടത്തിലൂടെയാണ് മമ്മൂട്ടി ഇപ്പോൾ കടന്ന് പോകാറെന്ന് ആരാധകർ പറയാറുണ്ട്. ഒന്നിന് പിറകെ ഒന്നായി താരം ശ്രദ്ധേയ സിനിമകൾ ചെയ്തു. ചില സിനിമകൾ സ്വന്തം പ്രൊഡക്ഷൻ ഹൗസായ മമ്മൂട്ടി കമ്പനി തന്നെ നിർമ്മിക്കുന്നു. നിരൂപക പ്രശംസ നേടിയ നിരവധി സിനിമകളുടെ ഭാഗമാകാൻ മമ്മൂട്ടിക്ക് കഴിയുന്നു എന്നതും ശ്രദ്ധേയമാണ്. ഭ്രമയുഗമാണ് അടുത്ത കാലത്ത് ഏറ്റവും ശ്രദ്ധിക്കപ്പെട്ട മമ്മൂട്ടി ചിത്രം.
അതേസമയം, മഹേഷ് നാരായണൻ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചിട്ടില്ല. മമ്മൂട്ടിയും മോഹൻലാലും 16 വർഷങ്ങൾക്ക് ശേഷം ഒരുമിച്ച് അഭിനയിക്കുന്ന സിനിമയാണിത്. ഇതിന് മുമ്പ് ട്വന്റി ട്വന്റി എന്ന സിനിമയിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. നയൻതാരയാണ് ചിത്രത്തിൽ നായികയെന്ന പ്രത്യേകതയുമുണ്ട്. ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നു. കഴിഞ്ഞ വർഷം നവംബർ മാസത്തിലാണ് സിനിമയുടെ പൂജ നടന്നത്.
ശ്രീലങ്കയിൽ വെച്ചായിരുന്നു ചടങ്ങ്. മമ്മൂട്ടിയും മോഹൻലാലും ചടങ്ങിനെത്തിയിരുന്നു. ശ്രീലങ്ക, ലണ്ടൻ, അബു ദാബി, അസർബെെജാൻ, തായ്ലന്റ്, വിശാഖ പട്ടണം, ഹെെദരാബാദ്, ഡൽഹി, കൊച്ചി എന്നിവിടങ്ങളിലായാണ് ഷൂട്ടിംഗ്. ഈ മൾട്ടി സ്റ്റാർ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ബസൂക്കയാണ് മമ്മൂട്ടിയുടെ റിലീസ് ചെയ്യാനിരിക്കുന്ന സിനിമ. നവാഗതനായ ഡീനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് ബസൂക്ക. ഏപ്രിൽ 10 ന് ചിത്രം തിയറ്ററുകളിലെത്തും.
90 ദിവസത്തെ ചിത്രീകരണത്തിനൊടുവിലാണ് ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ഈ ഗെയിം ത്രില്ലർ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തീകരിച്ചത്. തിയറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി. എബ്രഹാമും ഡോൾവിൻ കുര്യാക്കോസും സരിഗമയുടെ ഫിലിം സ്റ്റുഡിയോ ആയ യൂഡ്‌ലി ഫിലിംസിന്റെ ബാനറിൽ വിക്രം മെഹ്‌റയും സിദ്ധാർഥ് ആനന്ദ് കുമാറും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. മലയാളത്തിൽ എക്കാലത്തെയും മികച്ച തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകനാണ് സംവിധായകൻ ഡുനോ ഡെന്നിസ്.
തെന്നിന്ത്യൻ നടനും സംവിധായകനുമായ ഗൗതം വാസുദേവ് മേനോൻ വളരെ സുപ്രധാനമായൊരു കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. ബെഞ്ചമിൻ ജോഷ്വ എന്നാണ് ഗൗതം മേനോന്റെ കഥാപാത്രത്തിന്റെ പേര്. തിയറ്ററുകളിൽ വൻ വിജയം കൊയ്ത പൃഥ്വിരാജ് ചിത്രം കാപ്പ, ടൊവിനോ ചിത്രം അന്വേഷിപ്പിൻ കണ്ടെത്തും എന്നിവയ്ക്കു ശേഷം സരിഗമയും തിയേറ്റർ ഓഫ് ഡ്രീംസും ചേർന്ന് നിർമിക്കുന്ന സിനിമയാണ് ‘ബസൂക്ക’.
