തീവ്രമായ മനുഷ്യത്വം ഉണ്ടായാല്‍ കലാകാരനായി; ആ മനുഷ്യനാണ് മമ്മൂട്ടി
കഴിഞ്ഞ ദിവസം അട്ടപ്പാടി പട്ടികവര്‍ഗ്ഗ കോളനിയിലെ കുട്ടികളുടെ പഠനത്തിന്റെ ചിലവുകള്‍ ഏറ്റെടുത്ത് നടന് മമ്മൂട്ടി രംഗത്ത് വന്നത് വാർത്തയായിരുന്നു. തങ്ങൾ എന്ത് ആവശ്യപ്പെട്ടാലും അത് നടത്തി തരുന്ന പ്രിയപ്പെട്ട നടനെ കാണാൻ കുട്ടികൾ വരിക്കാശ്ശേരി മനയിലെത്തി. കുട്ടികളെ നേരിട്ടു കണ്ട് പഠന ചെലവുകള്‍ക്ക് ആവശ്യമായ സഹായം കൈമാറിയ താരം ഓണക്കിറ്റുകള്‍ സമ്മാനിക്കുകയും ചെയ്തിരുന്നു. മമ്മൂട്ടിക്കൊപ്പം മിഴ് താരം രാജ്കിരണും ചടങ്ങില്‍ പങ്കെടുത്തിരുന്നു. എന്നാലിപ്പോളിതാ സന്ദീപ് ദാസ് എന്ന യുവാവ് എഴുതിയ പോസ്റ്റ് ശ്രദ്ധേയമാകുകയാണ്.
സന്ദീപ് ദാസിന്റെ കുറിപ്പിലൂടെ …..
അട്ടപ്പാടി പട്ടികവര്‍ഗ്ഗ കോളനിയിലെ കുട്ടികളുടെ പഠനത്തിന്റെ ചിലവുകള്‍ നടന് മമ്മൂട്ടി ഏറ്റെടുത്തിട്ടുണ്ട്. കുട്ടികളെ നേരില്‍ക്കണ്ട അദ്ദേഹം ആവശ്യമായ സഹായവും ഓണക്കിറ്റുകളും കൈമാറി. പക്ഷേ ആ സംഭവത്തെക്കുറിച്ച് ഒരുപാട് ചര്‍ച്ചകളൊന്നും ഫെയ്സ്ബുക്കില്‍ കണ്ടില്ല. അങ്ങനെ അവഗണിക്കേണ്ട വിഷയമാണോ അത്?
ജീവിതത്തില്‍ അഭിനയിക്കാനറിയില്ല എന്നതാണ് മമ്മൂട്ടിയുടെ ഏറ്റവും വലിയ പോരായ്മ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അട്ടപ്പാടിയിലെ കുട്ടികള്‍ മമ്മൂട്ടിയെ കണ്ടത് ‘ഷൈലോക്ക് ‘ എന്ന സിനിമയുടെ ഷൂട്ടിങ്ങ് ലൊക്കേഷനില്‍ വെച്ചാണ്. ആ കൂടിക്കാഴ്ച്ചയുടെ വീഡിയോ ലഭ്യമാണ്. അതൊന്ന് കണ്ടുനോക്കൂ.കുരുന്നുകളുമായി ഇടപെടുമ്ബോള്‍ മമ്മൂട്ടിയുടെ മുഖത്ത് സ്നേഹവും കരുതലും വാത്സല്യവും പ്രകടമാണ്. പക്ഷേ അതിവൈകാരികതയുടെ പ്രദര്‍ശനം ആ വീഡിയോയില്‍ എങ്ങും കണ്ടെത്താന്‍ സാധിക്കില്ല.
വാരിപ്പുണരലും വിങ്ങിപ്പൊട്ടലുമൊക്കെ മമ്മൂട്ടി കാഴ്ച്ച വെച്ചിരുന്നുവെങ്കില്‍ ഈ വാര്‍ത്തയ്ക്ക് ഇപ്പോള്‍ ലഭിച്ചതിന്റെ ഇരട്ടി റീച്ച് കിട്ടുമായിരുന്നു. പലരും അത്തരം തന്ത്രങ്ങള്‍ പയറ്റുന്നത് കാണാറില്ലേ? മമ്മൂട്ടി ഒരു അസാമാന്യ നടനായതിനാല്‍ അങ്ങനെ ചെയ്യാന്‍ പ്രയാസവുമുണ്ടാവില്ല. പക്ഷേ അദ്ദേഹം ഒരു പച്ചമനുഷ്യനാണ്. നാട്യങ്ങളൊന്നുമില്ലാത്ത പച്ചമനുഷ്യന്!
കണക്കുകള്‍ പ്രകാരം, വയനാട്ടിലെ ആദിവാസി ഊരുകളില്‍ ആയിരക്കണക്കിന് നിരക്ഷരര്‍ ജീവിക്കുന്നുണ്ട്. സ്കൂളില്‍ പോകുന്ന പലര്‍ക്കും പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വരാറുണ്ട്. ഈ പ്രതിസന്ധികളെയെല്ലാം അതിജീവിച്ച് ചില ആദിവാസികള്‍ ഉയരങ്ങള്‍ കീഴടക്കും. പക്ഷേ അവരെ അംഗീകരിക്കാന്‍ സമൂഹത്തിന് മടിയാണ്.
ജാതിയുടെ പേരിലുള്ള അധിക്ഷേപങ്ങള്‍ മൂലമാണ് പായല്‍ തഡ്വി എന്ന ആദിവാസി ഡോക്ടര്‍ ജീവനൊടുക്കിയത്. ആ സംഭവം നടന്നത് കേരളത്തിലല്ല എന്നു പറഞ്ഞ് ആശ്വസിക്കാന്‍ വരട്ടെ. സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉജ്ജ്വല വിജയം നേടിയ ശ്രീധന്യയെ ‘ആദിവാസി കുരങ്ങ് ‘ എന്ന് വിളിച്ചത് ഒരു മലയാളിയാണ് ! അട്ടപ്പാടി സ്വദേശിയായ കുമാര്‍ എന്ന പൊലീസുകാരന് ആത്മഹത്യ ചെയ്തത് സഹപ്രവര്‍ത്തകരുടെ ജാതിഭ്രാന്ത് മൂലമായിരുന്നു !
കുറേ പഠിച്ചതു കൊണ്ടോ നല്ലൊരു ജോലി സ്വന്തമാക്കിയതു കൊണ്ടോ ആദിവാസികള്‍ ബഹുമാനിക്കപ്പെടണമെന്നില്ല. വിദ്യാഭ്യാസം കൂടി നിഷേധിക്കപ്പെട്ടാല്‍ ആദിവാസികളുടെ അവസ്ഥ എത്ര മാത്രം ഭീകരമായിരിക്കും എന്ന് സങ്കല്പ്പിച്ചു നോക്കുക ! മമ്മൂട്ടിയുടെ പ്രവൃത്തി മഹത്തരമാകുന്നത് അതുകൊണ്ടാണ്.
ആദിവാസികള്‍ക്ക് ഒരുപാട് പ്രശ്നങ്ങളുണ്ട്.പഠനത്തിന്റെ കാര്യം മാറ്റി നിര്‍ത്താം. ഭക്ഷണം,വസ്ത്രം മുതലായ പ്രാഥമിക ആവശ്യങ്ങള്‍ക്കു പോലും ബുദ്ധിമുട്ടുന്ന വിഭാഗമാണത്. ഇതെല്ലാം വ്യക്തമായി മനസ്സിലാക്കിയിട്ടുള്ള ആളാണ് മമ്മൂട്ടി. ആദിവാസികളെ അദ്ദേഹം സഹായിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. മമ്മൂട്ടിയുടെ ‘പൂര്‍വ്വീകം’ എന്ന പദ്ധതി അതിനുവേണ്ടി രൂപപ്പെടുത്തിയതാണ്.
ആദിവാസികളെ ഏറ്റവും കൂടുതല്‍ പരിഹസിച്ചിട്ടുള്ള ഒരു മാദ്ധ്യമമാണ് സിനിമ. പക്ഷേ ഈയിടെ പുറത്തിറങ്ങിയ ‘ഉണ്ട’ എന്ന ചലച്ചിത്രം ആ പതിവ് തെറ്റിച്ചിരുന്നു. ഉണ്ടയില്‍ നായകവേഷം ചെയ്തത് മമ്മൂട്ടിയായിരുന്നു. അത് യാദൃച്ഛികമായി സംഭവിച്ചതാണെന്ന് തോന്നുന്നില്ല. അത്തരമൊരു സിനിമയില്‍ മമ്മൂട്ടി ഹീറോയാകുന്നത് തന്നെയാണ് കാവ്യനീതി.
തന്റെ കടയിലെ മുഴുവന്‍ തുണിത്തരങ്ങളും കേരളത്തിനു വേണ്ടി സംഭാവന ചെയ്ത നൗഷാദിനെ മമ്മൂട്ടി ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു.”ഞങ്ങള്‍ക്കാര്‍ക്കും തോന്നാത്ത ഒരു കാര്യം നിങ്ങള്‍ ചെയ്തു” എന്നാണ് മമ്മൂട്ടി പറഞ്ഞത്. ആ പ്രസ്താവന മമ്മൂട്ടിയുടെ വിനയത്തിന്റെ ഭാഗമായിരുന്നു. കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടെ മമ്മൂട്ടി ചെയ്ത ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് കണക്കില്ല. പക്ഷേ അദ്ദേഹം അതൊന്നും എവിടെയും പാടി നടന്നിട്ടില്ല. മലങ്കര ബിഷപ്പ് മാത്യൂസ് പറഞ്ഞപ്പോഴാണ് അക്കാര്യങ്ങളെല്ലാം ലോകം അറിഞ്ഞത് !
അഭിനേതാക്കള്‍ക്ക് സാമൂഹിക പ്രതിബദ്ധതയുണ്ടാവണം എന്ന് ശഠിക്കാനാവില്ല. പക്ഷേ ആ ഗുണം ഉള്ളവരോട് നമുക്ക് കൂടുതല്‍ ഇഷ്ടം തോന്നും. സഹജീവികളോടുള്ള സ്നേഹത്തിന്റെ കാര്യത്തില്‍ മമ്മൂട്ടിയുടെ സ്ഥാനം മുന്‍നിരയില്‍ തന്നെയാണ്.
‘വീണ്ടും ചില വീട്ടുകാര്യങ്ങള്‍’ എന്ന സിനിമയില്‍ ലോഹിതദാസ് ഒരു ഡയലോഗ് പറയുന്നുണ്ട്.”തീവ്രമായ മനുഷ്യത്വം ഉണ്ടായാല്‍ കലാകാരനായി” എന്നതാണ് ആ വരി.അത് സത്യമാണെങ്കില്‍, മമ്മൂട്ടിയാണ് കലാകാരന് ! കലര്‍പ്പില്ലാത്ത യഥാര്‍ത്ഥ കലാകാരന്..
mammootty- helps children- facebook post viral
