Malayalam
ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥി മാത്യു ദേവസിയായി മമ്മൂട്ടി; വൈറലായി കാതലിന്റെ പുത്തന്‍ വിശേഷം
ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥി മാത്യു ദേവസിയായി മമ്മൂട്ടി; വൈറലായി കാതലിന്റെ പുത്തന്‍ വിശേഷം
മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മമ്മൂട്ടിയുടെ പുത്തന്‍ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ സംവിധായകന്‍ ജിയോ ബേബി ഒരുക്കുന്ന കാതല്‍ എന്ന ചിത്രമാണ് ഇനി മമ്മൂട്ടിയുടേതായി വരാനുള്ളത്. തമിഴ് താരം ജ്യോതിക മമ്മൂട്ടിയുടെ നായികയായി എത്തുന്നു എന്നതും ആരാധകരില്‍ വലിയ പ്രതീക്ഷയ്ക്കാണ് വഴിതെളിച്ചിരിക്കുന്നത്.
ജ്യോതികയുടെ പിറന്നാള്‍ ദിനമായ ഒക്ടോബര്‍ 18 ന് ആണ് ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എന്നാല്‍ ചിത്രത്തിലെ മമ്മൂട്ടിയുടെയോ ജ്യോതികയുടെയോ കഥാപാത്രങ്ങളെക്കുറിച്ചോ പ്രമേയത്തെക്കുറിച്ചോ ഒന്നുമുള്ള വിവരങ്ങള്‍ പുറത്തെത്തിയിരുന്നില്ല. എന്നാല്‍ ഇപ്പോഴിതാ മമ്മൂട്ടിയുടെ കഥാപാത്രത്തെക്കുറിച്ചുള്ള ഒരു പ്രധാന വിവരം പുറത്തെത്തിയിരിക്കുകയാണ്.
മാത്യു ദേവസി എന്നാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുമുണ്ട്. ചിത്രീകരണത്തിനായി വച്ചിരിക്കുന്ന ഒരു ഫ്‌ലക്‌സിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. തീക്കോയി ഗ്രാമ പഞ്ചായത്ത് 3ാം വാര്‍ഡ് ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥി മാത്യു ദേവസിയെ വിജയിപ്പിക്കുക എന്നാണ് മമ്മൂട്ടിയുടെ ചിത്രമുള്ള ഫ്‌ലെക്‌സില്‍ എഴുതിയിരിക്കുന്നത്. ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നുണ്ട്.
റോഷാക്കിനു ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിന് ഉണ്ട്. മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഇത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം ആയിരുന്നു ആദ്യ ചിത്രം. വരുന്ന ഐഎഫ്എഫ്‌കെയിലാണ് ഇതിന്റെ പ്രീമിയര്‍.
അതേസമയം ജിയോ ബേബി സംവിധാനം ചെയ്യുന്ന എഴാമത്തെ ചിത്രമാണ് കാതല്‍. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറെര്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം നിര്‍വഹിക്കുന്നത്. ലാലു അലക്‌സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത് ആദര്‍ഷ് സുകുമാരനും പോള്‍സണ്‍ സ്‌കറിയയും ചേര്‍ന്നാണ്.
