Connect with us

ആറാം വയസ്സിൽ ഭിക്ഷാടന മാഫിയയുടെ കയ്യിൽ നിന്നും മമ്മൂട്ടി സാറാണ് എന്നെ രക്ഷിച്ചത്; അനുഭവങ്ങൾ തുറന്ന് പറഞ്ഞ് ശ്രീദേവി

Movies

ആറാം വയസ്സിൽ ഭിക്ഷാടന മാഫിയയുടെ കയ്യിൽ നിന്നും മമ്മൂട്ടി സാറാണ് എന്നെ രക്ഷിച്ചത്; അനുഭവങ്ങൾ തുറന്ന് പറഞ്ഞ് ശ്രീദേവി

ആറാം വയസ്സിൽ ഭിക്ഷാടന മാഫിയയുടെ കയ്യിൽ നിന്നും മമ്മൂട്ടി സാറാണ് എന്നെ രക്ഷിച്ചത്; അനുഭവങ്ങൾ തുറന്ന് പറഞ്ഞ് ശ്രീദേവി

കഴിഞ്ഞ അൻപത്തി ഒന്ന് വർഷമായി സിനിമയോടും അഭിനയത്തോടുമുള്ള തീരാമോഹത്തോടെ ജൈത്രയാത്ര തുടരുന്ന മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് മമ്മൂട്ടി .ലോക സിനിമയ്ക്ക് മുന്നിൽ എന്നും അഭിമാനത്തോടെ മലയാളിക്ക് പറയാൻ കിട്ടിയ മഹാഭാ​ഗ്യമാണ് മമ്മൂട്ടി. സിനിമ പ്രേമികൾക്ക് മമ്മൂട്ടിയുടെ പേരു കേൾക്കുമ്പോൾ, അദ്ദേഹം അനശ്വരമാക്കിയ നൂറുകണക്കിന് കഥാപാത്രങ്ങളുടെ മുഖമാവും മലയാളികൾക്ക് ഓർമ്മവരിക എന്നാൽ പാലക്കാട് കാവുശ്ശേരിക്കാരി ശ്രീദേവിയ്ക്ക് ആ പേരു കേൾക്കുമ്പോഴെല്ലാം ഓർമവരിക, കാരുണ്യത്തിന്റെ മുഖമാണ്. ഭിക്ഷാടന മാഫിയയുടെ കയ്യിൽ നിന്നും രക്ഷിച്ച്, തന്നെ ജീവിതത്തിലേക്ക് കൈപ്പിടിച്ചുയർത്തിയ രക്ഷകനാണ് ശ്രീദേവിയ്ക്ക് മമ്മൂട്ടി.

ശ്രീദേവിയുടെ കഥയിങ്ങനെ, ജനിച്ചയുടനെ സ്വന്തം അമ്മ ഉപേക്ഷിച്ചുപോയ കുട്ടിയാണ് ശ്രീദേവി. ഉറുമ്പരിച്ച നിലയിൽ കടത്തിണ്ണയിൽ ഉപേക്ഷിച്ചുപോയ ചോരകുഞ്ഞായ ശ്രീദേവിയെ എടുത്തുവളർത്തിയത് നാടോടിസ്ത്രീയായ തങ്കമ്മയാണ്. എന്നാൽ ഭിക്ഷാടന മാഫിയയുടെ ഭാഗമായ തങ്കമ്മയുടെ മക്കൾ മൂന്നു വയസ്സുമുതൽ ശ്രീദേവിയേയും ഭിക്ഷാടനത്തിനു ഉപയോഗിച്ചു തുടങ്ങി. പട്ടിണിയും നിരന്തരമായ ഉപദ്രവവും സഹിച്ച് ദുരിതജീവിതം നയിക്കുന്നതിനിടെ ആറാം വയസ്സിൽ മമ്മൂട്ടിയെ കണ്ടുമുട്ടിയതാണ് ശ്രീദേവിയുടെ തലവര മാറ്റിയെഴുതിയത്.

“വിശപ്പു സഹിക്കാതെ ഒരു ദിവസം ‘പട്ടാളം’ സിനിമയുടെ ലൊക്കേഷനിൽ ഭിക്ഷ ചോദിച്ച് ചെന്നു. അത് മമ്മൂട്ടി സാറാണെന്ന് അന്ന് അറിയില്ലായിരുന്നു. “സാറേ.. എനിക്ക് വിശക്കുന്നു,” എന്നു പറഞ്ഞു കരഞ്ഞ് ഭിക്ഷ ചോദിച്ചു. എന്റെ കൂടെ രണ്ടു കുട്ടികളും ഉണ്ടായിരുന്നു. അവരിൽ നിന്നും കാഴ്ചയിൽ നിന്നും ഞാൻ വ്യത്യസ്തയായിരുന്നു, മമ്മൂട്ടി സാറിന് സംശയം തോന്നി അദ്ദേഹം എന്നോട് കാര്യങ്ങൾ തിരക്കി. ആ ഏരിയയിലെ പൊതുപ്രവർത്തകരോട് അദ്ദേഹം എന്നെ കുറിച്ച് അന്വേഷിക്കാൻ പറഞ്ഞു. ആരുമില്ലാത്ത എന്നെയൊരു നാടോടി സ്ത്രീ എടുത്തുവളർത്തുകയാണെന്നും ഭിക്ഷാടന മാഫിയയുടെ കീഴിലാണ് ഞാനെന്നും അദ്ദേഹം മനസ്സിലാക്കി,” ശ്രീദേവി പറയുന്നു.

ശ്രീദേവിയെ രക്ഷിക്കണമെന്നുണ്ടെങ്കിലും ആരുടെയെങ്കിലും സഹായമില്ലാതെ പറ്റില്ലെന്നു പറഞ്ഞ പൊതുപ്രവർത്തകനോട്, എന്തുണ്ടെങ്കിലും ഞാൻ ഏറ്റെടുക്കാം ആ കുട്ടിയെ എന്നാണ് മമ്മൂട്ടി പറഞ്ഞത്. അവിടം വിട്ട് പോവാൻ മടി കാണിച്ച ശ്രീദേവിയെ അവിടെതന്നെ ഒരു സ്കൂളിൽ വിട്ട് പഠിപ്പിക്കാൻ വേണ്ട സംവിധാനം മമ്മൂട്ടി ഒരുക്കി. എന്നാൽ അന്ന് തമിഴ് മാത്രം സംസാരിക്കാൻ അറിയാമായിരുന്ന ശ്രീദേവി സ്കൂളിൽ ഏറെ ബുദ്ധിമുട്ടി. ഇക്കാര്യം അറിഞ്ഞ മമ്മൂട്ടി പിന്നീട്, ശ്രീദേവിയെ ആലുവ ജനസേവ കേന്ദ്രത്തിലേക്ക് മാറ്റാനുള്ള ഏർപ്പാടുകൾ ചെയ്യുകയായിരുന്നു.

“മമ്മൂട്ടി സാറിന്റെ കെയർ ഓഫിൽ ആണ് ഞാൻ ആലുവ ജനസേവയിൽ എത്തിയത്. അവിടെ എത്തുന്നതു വരെ അദ്ദേഹം വിളിച്ച് അന്വേഷിച്ചുകൊണ്ടേയിരുന്നു. ജനസേവയിൽ എത്തിയപ്പോൾ എനിക്ക് സന്തോഷമായി. നിറയെ അമ്മമാരും കുട്ടികളും കുഞ്ഞുവാവകളുമൊക്കെയുണ്ടായിരുന്നു അവിടെ. ജീവിതത്തിൽ എല്ലാവരെയും കിട്ടിയ സന്തോഷമായിരുന്നു. ആരോ എന്നെ രക്ഷിക്കാൻ ശ്രമിക്കുന്നുണ്ട് എന്നല്ലാതെ, ഇതിനു പിന്നിൽ മമ്മൂട്ടി സാർ ആണെന്ന് ഭിക്ഷാടന മാഫിയക്കാർക്ക് അറിയില്ലായിരുന്നു,” ശ്രീദേവി പറയുന്നു.

ഏഴു വയസ്സിൽ ശിശുഭവനിലെത്തിയ ശ്രീദേവി അവിടെ നിന്നു പഠിച്ചു. നിയമം അനുസരിച്ച് കുട്ടികളെ 18 വയസ്സുവരെയെ അവിടെ നിർത്താൻ പാടുള്ളൂ. തുടർ പഠനത്തിന് ശ്രീദേവിയ്ക്ക് താൽപ്പര്യമില്ലായിരുന്നു, ഒന്നുകിൽ ഞാനിവിടെ തന്നെ നിൽക്കാം, അല്ലെങ്കിൽ എനിക്കൊരു കുടുംബം വേണമെന്നായിരുന്നു ശ്രീദേവിയുടെ ആഗ്രഹം. ഞങ്ങൾ പത്രത്തിൽ വിവാഹ പരസ്യം നൽകി. അങ്ങനെ എത്തിയതാണ് സതീഷ്. ഞങ്ങൾ വിവാഹം കഴിപ്പിച്ചുകൊടുത്തു, അച്ഛനും അമ്മയും സഹോദരിയും സഹോദരന്മാരുമൊക്കെയായി ധാരാളം അംഗങ്ങളുള്ള കുടുംബത്തിലേക്കാണ് ശ്രീദേവിയെ വിവാഹം ചെയ്ത് അയച്ചത്,” ആലുവ ജനസേവ ശിശു ഭവനിലെ ജീവനക്കാരി ഇന്ദിര ശബരിനാഥ് പറയുന്നു.

പാലക്കാട് കാവുശ്ശേരിക്കാരിയിൽ ശിവാനി ഫാൻസി സ്റ്റോർ എന്ന കട നടത്തുകയാണ് ശ്രീദേവി ഇപ്പോൾ. ഫ്ളവേഴ്സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് ശ്രീദേവി തന്റെ ജീവിതകഥ പറഞ്ഞത്

More in Movies

Trending

Recent

To Top