Malayalam
അന്ന് ദുല്‍ഖറിന്റെ പിറന്നാള്‍ ആണെന്നത് ഞാന്‍ മറന്നു പോയി; വൈറല്‍ ഫോട്ടോയ്ക്ക് പിന്നിലെ കഥ പറഞ്ഞ് മമ്മൂട്ടി
അന്ന് ദുല്‍ഖറിന്റെ പിറന്നാള്‍ ആണെന്നത് ഞാന്‍ മറന്നു പോയി; വൈറല്‍ ഫോട്ടോയ്ക്ക് പിന്നിലെ കഥ പറഞ്ഞ് മമ്മൂട്ടി
നിരവധി ആരാധകരുള്ള താരങ്ങളാണ് മമ്മൂട്ടിയും അദ്ദേഹത്തിന്റെ മകന്‍ ദുല്‍ഖര്‍ സല്‍മാനും. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ദുല്‍ഖറന്റെ പിറന്നാള്‍. അന്ന് മമ്മൂട്ടി പങ്കുവെച്ചൊരു ചിത്രം വൈറലായിരുന്നു. വീടിന് മുന്നില്‍ പച്ച ഷര്‍ട്ട് ധരിച്ച് നില്‍ക്കുന്ന ചിത്രമാണ് മമ്മൂക്ക പോസ്റ്റ് ചെയ്തത്. പരിസ്ഥിതി സംരക്ഷണ ദിനാശംസകള്‍ എന്നും മമ്മൂക്ക കുറിച്ചിരുന്നു.
ഫോട്ടോ വൈറലായതിന് പിന്നാലെ ദുല്‍ഖറിന്റെ പിറന്നാള്‍ ദിനം മമ്മൂക്കയാണ് സ്‌കോര്‍ ചെയ്തത്, മകനേക്കാള്‍ ചെറുപ്പം എന്ന് കാണിക്കാനാണോ എന്ന് തുടങ്ങി നിരവധി പേര്‍ കമന്റുകളുമായി എത്തിയിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന് പിന്നിലെ കഥ പറഞ്ഞ് എത്തിയിരിക്കുകയാണ് മമ്മൂട്ടി.
ദുല്‍ഖറിന്റെ പിറന്നാള്‍ ആണെന്നത് താന്‍ മറന്നു പോയെന്നും ആക്‌സിഡെന്റലി പങ്കുവെച്ച പോസ്റ്റാണതെന്നും മമ്മൂക്ക പറയുന്നു. ‘അത് ആക്‌സിഡന്റ്‌ലി ഇട്ട പോസ്റ്റാണ്. അവന്റെ പിറന്നാളാണെന്നത് ഇടാതെ പോയതാണ്, അത് മറന്നു പോയതാണ്. രാവിലെ പോസ്റ്റ് ചെയ്തതാണ്. മറന്നുപോയി. ആളുകള്‍ക്ക് ട്രോള്‍ ചെയ്യാം അതില്‍ കുഴപ്പമൊന്നുമില്ല. ട്രോള്‍ എപ്പോഴും മോഡേണ്‍ കാര്‍ട്ടൂണുകളാണ്. ഇപ്പോഴാരും കാര്‍ട്ടൂണ്‍ വരയ്ക്കാറില്ല’ എന്നും മമ്മൂട്ടി പറഞ്ഞു
തന്റെ പുതിയ കണ്ണൂര്‍ സ്‌ക്വാഡിന്റെ പ്രചാരണത്തിനിടെയാണ് മമ്മൂട്ടി ഇക്കാര്യം വ്യക്തമാക്കിയത്. മകന്റെ പിറന്നാള്‍ ദിനത്തില്‍ പ്രകൃതി സംരക്ഷണ ദിനം എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ചിത്രങ്ങളാണ് ശ്രദ്ധനേടിയത്. പിറന്നാള്‍ ദിനത്തില്‍ ദുല്‍ഖര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗ സൃഷ്ടിക്കുമെന്നാണ് പ്രേക്ഷകര്‍ കരുതിയത്. പച്ചപ്പ് നിറഞ്ഞ മതിലിന്റെ അരികിലായി നില്‍ക്കുന്ന രണ്ട് ചിത്രങ്ങളാണ് മമ്മൂട്ടി പങ്കുവെച്ചത്. ഡെസേര്‍ട്ട് ഗ്രീന്‍ കളര്‍ ഷര്‍ട്ടും നീല പാന്റും ആണ് അദ്ദേഹം ധരിച്ചിരിക്കുന്നത്.
ആരാധകരെ പറ്റിയുള്ള തന്റെ കാഴ്ചപ്പാടും മമ്മൂട്ടി പങ്കുവെച്ചു. ”ആരാധകരാണ് എല്ലാം. പലതരം ആരാധനയുണ്ട്. ആരാധകര്‍ക്ക് ഇഷ്ടം കൊണ്ട് ദേഷ്യം തോന്നുന്നവരില്ലേ. പക്ഷേ ചിലയാളുകള്‍ക്ക് അവര്‍ക്ക് ഇഷ്ടമില്ലാത്ത കാര്യം ചെയ്താല്‍ അത് ദേഷ്യമായിമാറും. അങ്ങനെ ഒത്തിരിപേര്‍ക്ക് എന്നോട് ദേഷ്യമുണ്ട്. ഇത് എന്റെ മാത്രം കുറ്റം കൊണ്ടല്ല. സിനിമ ചീത്തയാവുമ്പോള്‍ വിഷമിച്ചിട്ട് കാര്യമില്ല. ഞാന്‍ മാത്രമല്ല അതിന് ഉത്തരവാദി. വിജയത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവും ഞാന്‍ എടുക്കുന്നില്ല. എന്റെ ആരാധകര്‍ അതൊന്ന് മനസിലാക്കിയാല്‍ മതി’ മമ്മൂക്ക പറഞ്ഞു.