Actress
സൂര്യയുടെ നായികയായി മമിത ബൈജു
സൂര്യയുടെ നായികയായി മമിത ബൈജു
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മമിത ബൈജു. സോഷ്യൽ മീഡിയയിൽ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ സൂര്യയുടെ നായികയായി എത്തിയിരിക്കുകയാണ് നടി. വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന, സൂര്യയുടെ 46-ാം ചിത്രത്തിലാണ് മമിത നായികയാവുന്നത്.
കഴിഞ്ഞ ദിവസം, ചിത്രത്തിന്റെ പൂജ ഹൈദരാബാദിൽ വച്ച് നടന്നു. സിതാര എന്റർടെയിൻമെന്റ്‌സ് ആണ് ചിത്രത്തിന്റെ നിർമാണം. ജി.വി പ്രകാശ് കുമാർ സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മലയാളി നിമിഷ് രവി ആണ്. രവീണ ടണ്ടൻ, രാധിക ശരത് കുമാർ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ.
നേരത്തെ സൂര്യയെ നായകനാക്കി ബാല ഒരുക്കാനിരുന്ന ‘വണങ്കാൻ’ എന്ന ചിത്രത്തിൽ മമിത പ്രധാന വേഷം കൈകാര്യം ചെയ്യേണ്ടതായിരുന്നു. എന്നാൽ സൂര്യ സിനിമയിൽ നിന്നും പിന്മാറിയിരുന്നു. പിന്നാലെ മമിതയും പിന്മാറിയിരുന്നു. അരുൺ വിജയ്‌യും റിധയുമാണ് ഈ സിനിമയിൽ ഇവർക്ക് പകരം എത്തിയത്.
‘ഇരണ്ടു വാനം’ എന്ന ചിത്രത്തിലും മമിത നായികയായി എത്തും. ദളപതി വിജയ്‌യുടെ ‘ജനനായകൻ’ ചിത്രത്തിൽ പ്രധാന വേഷത്തിൽ മമിത എത്തുന്നുണ്ട്. പ്രദീപ് രംഗനാഥൻ നായകനാകുന്ന ‘ഡ്യൂഡ്’ എന്ന ചിത്രമാണ് മമിതയുടെതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം എന്നാണ് വിവരം.
