Actress
മഞ്ജുവാര്യർക്ക് ഇത്തവണയും ഒന്നാം സ്ഥാനം ഇല്ല, ജനപ്രീതിയിൽ മുന്നിൽ ഈ താരങ്ങൾ!
മഞ്ജുവാര്യർക്ക് ഇത്തവണയും ഒന്നാം സ്ഥാനം ഇല്ല, ജനപ്രീതിയിൽ മുന്നിൽ ഈ താരങ്ങൾ!
അഭിനയത്തിന്റെ കാര്യത്തിൽ ഇന്ത്യയിൽ തന്നെ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള നടിമാരുള്ള നാടാണ് നമ്മുടേത്. തമിഴും തെലുങ്കും കന്നഡയും ഉൾപ്പെടുന്ന തെന്നിന്ത്യൻ ഭാഷകളിൽ മാത്രമല്ല, ബോളിവുഡിൽ പോലും കഴിവ് തെളിയിച്ച മലയാളി നടിമാരുണ്ട്. നയൻതാര മുതൽ വിദ്യാബാലൻ വരെ ആ ലിസ്റ്റിൽപെടും. എന്നാൽ ഏത് മലയാളി നടിയായിരിക്കും ജനപ്രീതിയിൽ ഏറ്റവും മുന്നിലെന്ന് ചോദിച്ചാൽ അതിന് ഉത്തരം നൽകുക വലിയ പ്രയാസമുള്ള കാര്യമായിരിക്കും.
എല്ലാവരും ഒന്നിനൊന്ന് മികച്ചതായതിനാൽ തന്നെ ആ ചോദ്യത്തിന് ഉത്തരം നൽകുമ്പോൾ ഒന്ന് ആലോചിക്കേണ്ടി വരും. സൗന്ദര്യത്തിന്റെ കാര്യത്തിലായാലും അഭിനയത്തിന്റെ കാര്യത്തിലായാലും മികച്ച് നിൽക്കുന്നവരാണ് ഓരോരുത്തരും. സിനിമയിൽ നിന്നും വർഷങ്ങളായി വിട്ടുനിൽക്കുന്ന താരങ്ങൾക്ക് പോലും ഇന്ന് സജീവമായി നിൽക്കുന്ന പല നടിമാരേക്കാൾ ജനപ്രീതിയുണ്ട്.
ഇപ്പോഴിതാ ജനപ്രീതിയിൽ മുന്നിലുള്ള മലയാളം നായികാ താരങ്ങളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് ഓർമാക്സ് മീഡിയ. ജൂൺ മാസത്തിലും ഒന്നാമതായി മമിതയാണ് താരങ്ങളിൽ ഇടംനേടിയിരിക്കുന്നത്. മെയ്‍യിലാണ് മമിത മലയാളി നായികമാരിൽ ആദ്യമായി ഒന്നാമത് എത്തിയത്. പ്രേമലു വൻ ഹിറ്റായതിന് പിന്നാലെയാണ് ഒന്നാം സ്ഥാനത്ത് നിന്ന മഞ്ജു വാര്യരെ പിന്തള്ളി നടി മുന്നിലെത്തിയത്.
പ്രേമലു എന്ന ചിത്രത്തിലൂടെ ദക്ഷിണേന്ത്യയാകെ നിരവധി ആരാധകരെ സ്വന്തമാക്കിയ നടിയാണ് മമിത. എസ്എസ് രാജമൗലി അടക്കമുള്ള നിരവധി പ്രമുഖരാണ് നടിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നത്. ബോക്‌സോഫീസിൽ നിന്ന് 130 കോടിയിലേറെയാണ് ചെറിയ ബജറ്റിൽ ഒരുങ്ങിയ പ്രേമലു കളക്ട് ചെയ്തത്. വളരെ കുറച്ച് ചിത്രങ്ങളിൽ മാത്രം അഭിനയിച്ചിരുന്ന മമിതയ്ക്ക് ബ്രേക്കായത് പ്രേമലു ആയിരുന്നു. ചുരുങ്ങിയ കാലം കൊണ്ടാണ് താരമൂല്യത്തിൽ മമിത ബൈജു ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്.
പ്രേമലുവിന്റെ വൻ വിജയത്തിന് പിന്നാലെ തമിഴിൽ നിന്നും തെലുങ്കിൽ നിന്നുമെല്ലാം മമിതയെ നേടി ഓഫറുകളും വന്നിരുന്നു. ലവ് ടുഡേയിലെ നായകനായ പ്രദീപിനൊപ്പം ഒരു ചിത്രത്തിലും നടി അഭിനയിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഏപ്രിൽ മാസത്തിൽ രണ്ടാം സ്ഥാനത്തായിരുന്നു താരങ്ങളുടെ പട്ടികയിൽ മമിതയെന്ന് ഓർമാക്‌സ് പറയുന്നു. അവിടെ നിന്ന് താരമൂല്യം പിന്നെയും ഉയർത്തിയാണ് മമിത ഇപ്പോൾ ഒന്നാം സ്ഥാനത്തെത്തിയത്.
കുറേ മാസങ്ങളായി മലയാള നായികാ താരങ്ങളിൽ ഒന്നാമത് ഉണ്ടായിരുന്നത് മഞ്‍ജു വാര്യരായിരുന്നു. എന്നാല് മഞ്ജു വാര്യർക്ക് സമീപകാലത്ത് വലിയ ഹിറ്റുകളോ, റിലീസുകളോ ഇല്ല. വെള്ളരിപ്പട്ടണം ആണ് മഞ്ജുവന്റേതായി ഒടുവിൽ പുറത്തിറങ്ങിയ സിനിമ. പക്ഷെ ചിത്രം ബോക്‌സ് ഓഫീസിൽ പരാജയപ്പെടുകയായിരുന്നു. മോഹൻലാൽ നായകനായ എമ്പുരാൻ ആണ് മഞ്ജുവിന്റെ പുതിയ സിനിമ. മലയാളത്തിന് പുറത്ത് തമിഴിലും സജീവമായി മാറുകയാണ് മഞ്ജു വാര്യർ. തമിഴിൽ രജനീകാന്ത് ചിത്രം വേട്ടയാൻ, മിസ്റ്റർ എക്‌സ്, വിടുതലൈ പാർട്ട് 2 എന്നിവയാണ് മഞ്ജുവിന്റേതായി അണിയറയിലുള്ളത്. ഹിന്ദിയിൽ അമ്രികി പണ്ഡിറ്റ് എന്ന സിനിമയും തയ്യാറാകുന്നുണ്ട്.
അനശ്വര രാജൻ ആണ് മൂന്നാമാതായി ഇടം നേടിയിരിക്കുന്നത്. നടി ശോഭനയാണ് പട്ടികയിൽ നാലാമതായുള്ളത്. മോഹൻലാൽ നായകനായ എൽ 360 സിനിമയുടെ ചിത്രീകരണമാണ് നിലവിൽ ശോഭനയുടേതായി പുരോഗമിക്കുന്നത്. എൽ 360ൽ മോഹൻലാലിന്റെ ജോഡിയായിട്ടു തന്നെയാണ് ശോഭനയുണ്ടാകുകയെന്നതിനാൽ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രവുമായി മാറിയിരിക്കുകയാണ്. അഞ്ചാംസ്ഥാനത്ത് നിഖില വിമൽ ആണ്. ഗുരുവായൂർ അമ്പല നടയിൽ ആണ് നടിയുടേതായി ഒടുവിൽ പുറത്തെത്തിയ ചിത്രം.