അതിജീവിതയുടെ ഹര്‍ജി കേള്‍ക്കുന്നതില്‍ നിന്നും ഹൈക്കോടതി ജഡ്ജി കൗസര്‍ എടപ്പഗത്ത് സ്വമേധയാ ഒഴിഞ്ഞു!
നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതി ജഡ്ജി കൗസര്‍ എടപ്പഗത്ത് സ്വമേധയാ ഒഴിഞ്ഞു. അതിജീവിത അവിശ്വാസം രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണ് ജഡ്ജിയുടെ പിന്‍മാറ്റം. ഇത് മൂലം അതിജീവിതയുടെ ഹര്‍ജി വേറൊരു ബഞ്ച് പരിഗണിക്കും. ജഡ്ജിനെ വിശ്വാസമില്ലന്നും അത് കൊണ്ട് ഹര്‍ജി മറ്റൊരു ബഞ്ചില്‍ പരിണഗിക്കണമെന്നും അതിജീവിത ആവശ്യപ്പെട്ടിരുന്നു. വിചാരണകോടതിയില്‍ നിന്ന് ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം നടത്തണമെന്നും മെമ്മറി കാര്‍ഡിലെ കൃത്രിമത്വം വിചാരണക്കോടതി ജഡ്ജി മൂടിവെയ്ക്കാന്‍ ശ്രമിച്ചെന്നും അതിജീവിത ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
2020 ജനുവരി 29ന് മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറി എന്ന് തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലാബ് ഡയറക്ടര്‍ വിചാരണക്കോടതി ജഡ്ജി അറിയിച്ചിരുന്നു. എന്നിട്ടും കോടതി രജിസ്റ്ററില്‍ ലാബ് ഡയറക്ടറുടെ കത്ത് ജഡ്ജി ‘എന്‍ട്രി’ ചെയ്തില്ല. മാത്രമല്ല, എഫ്എസ്എല്‍ ഡയറക്ടര്‍ ഹാഷ് വാല്യു മാറിയ കാര്യം അറിയിച്ചത് അന്വേഷണ ഉദ്യോഗസ്ഥനെയും കത്ത് ഇന്‍ഡെക്സ് സെക്ഷനിലെ ക്ലാര്‍ക്കിനേയും അറിയിച്ചില്ലെന്നും അതിജീവിത ആരോപിച്ചു. ദൃശ്യങ്ങളിലെ കൃത്രിമത്വം അതിജീവിതയേയോ പ്രോസിക്യൂട്ടറേയോ അറിയിച്ചില്ല. രജിസ്റ്ററില്‍ രേഖപ്പെടുത്താത്തത് കൊണ്ട് ജഡ്ജിന് കൃത്രിമത്വം കാട്ടാന്‍ കഴിയുമെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.
പ്രതിഭാഗത്തിന് പൂര്‍ണ്ണമായും അനുകൂലം എന്ന് വ്യക്തമാക്കുന്ന രീതിയിലാണ് ജഡ്ജി പെരുമാറിയതെന്ന് അതിജീവിത ആരോപിക്കുന്നു.ഹൈക്കോടതിയുടെ നിരീക്ഷണത്തില്‍ തന്നെ ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം വേണമെന്നും കൃത്യമായ അന്വേഷണത്തിന് വിചാരണ കോടതി തടസ്സം നില്‍ക്കുകയാണെന്നും അതിജീവിത ഹര്‍ജിയില്‍ അവര്‍ പറയുന്നു. വിചാരണ വേളയില്‍ വലിയ മാനസിക പീഡനമാണ് തനിക്ക് നേരെ ഉണ്ടായതെന്നും പ്രതിഭാഗം അഭിഭാഷകര്‍ തന്റെ വ്യക്തിത്വത്തെ അധിക്ഷേപിച്ചെന്നും എന്നാല്‍ ഒരു തവണ പോലും ജഡ്ജി ഇതിനെ എതിര്‍ത്തില്ലെന്നും അതിജീവിത റിട്ട് ഹര്‍ജിയില്‍ സൂചിപ്പിക്കുന്നുണ്ട്.നടിയെ ആക്രമിച്ച കേസിലെ അധിക കുറ്റപത്രം ഈ മാസം 30ന് സമര്‍പ്പിക്കാനാണ് ക്രൈംബ്രാഞ്ച് നീക്കം. പുതിയ കുറ്റപത്രത്തില്‍ ദിലീപിന്റെ സുഹൃത്ത് ശരത്ത് മാത്രമാണ് പ്രതി. കാവ്യാ മാധവനെ കേസില്‍ പ്രതി ചേര്‍ക്കില്ലെന്നും ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍. കേസ് അട്ടിമറിക്കപ്പെടുകയാണെന്ന ആരോപണങ്ങളും ഇതിനിടെ പുറത്തുവന്നിരുന്നു. ഇതിനിടെയാണ് സര്‍ക്കാരിനും വിചാരണ കോടതി ജഡ്ജിക്കും എതിരെ ഉന്നയിച്ച് കൊണ്ട്് അതിജീവിത ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
കേസന്വേഷണം അടിയന്തരമായി അവസാനിപ്പിച്ച് കുറ്റപത്രം നല്‍കാനുളള നീക്കം ആശങ്കയുണ്ടാക്കുന്നതാണെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്. നീതി നിഷേധിക്കുമോ എന്ന സംശയമുണ്ട്. കേസില്‍ അഭിഭാഷകരെ ചോദ്യം ചെയ്യണം എന്ന് നേരത്തെ പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചിരുന്നു. എന്നാല്‍ അതിനുളള നടപടി ഉണ്ടായിട്ടില്ല. ഇതെല്ലാം വിരള്‍ ചൂണ്ടുന്നത് കേസിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണെന്നാണ് അതിജീവിത ഹര്‍ജിയില്‍ ആരോപിക്കുന്നത്.
കേസില്‍ തനിക്ക് നീതി ഉറപ്പാക്കാനുള്ള ഇടപെടല്‍ ഹൈക്കോടതിയുടെ ഭാഗത്ത് നിന്നുണ്ടാകണമെന്ന് അതിജീവിത ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ കേസിലെ പ്രതിയായ ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധ ബന്ധമുണ്ടെന്ന ഗുരുതര ആരോപണവും അതിജീവിത ഉന്നയിക്കുന്നു.
അതേസമയം, അതിജീവിതയ്ക്ക് ഇപ്പോള്‍ ഹൈക്കോടതിയെ സമീപിക്കേണ്ട ആവശ്യകതയെ ചൂണ്ടിക്കാട്ടി സര്‍ക്കാരിനെതിരെ പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട കേസ് ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന പരാതിയുമായി അതിജീവിതയ്ക്ക് ഹൈക്കോടതിയെ സമീപിക്കേണ്ടി വന്ന ഗുരുതര സാഹചര്യത്തെ കുറിച്ച് അന്വേഷണം നടത്തണമെന്ന് വി ഡി സതീശന്‍ ആവശ്യപ്പെട്ടു. കേസ് ഒത്തുതീര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നും തുടരന്വേഷണം പൂര്‍ത്തിയാക്കാതെയാണ് കേടതിയിലേക്ക് പോകുന്നതെന്നതെന്നും സി.പി.എം നേതാക്കള്‍ ഇടനിലക്കാരായെന്നുമാണ് ആരോപണം. അതിജീവിതയുടെയും പി.സി ജോര്‍ജിന്റെയും കേസില്‍ ഒരു സി.പി.എം നേതാവ് തന്നെയാണ് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത്. അയാള്‍ ആരാണെന്ന് വ്യക്തമായി അറിയാം. തെളിവ് സഹിതം ഇടനിലക്കാന്റെ പേര് യു.ഡി.എഫ് പുറത്ത് വിടും.
ഇത്തരമൊരു പരാതി കൊടുക്കാനുള്ള സാഹചര്യം അതിജീവിതയ്ക്ക് എങ്ങനെയാണ് സര്‍ക്കാര്‍ ഉണ്ടാക്കിയതെന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ആവശ്യം പോലും ഇതുവരെ അംഗീകരിച്ചില്ല. കേസ് ഇല്ലാതാക്കാനുള്ള ശ്രമമാണ് കഴിഞ്ഞ കുറെക്കാലമായി സര്‍ക്കാര്‍ നടത്തുന്നത്.
ഇടനിലക്കാര്‍ ആകുകയെന്നതാണ് സി പി എം നേതാക്കളുടെ ഇപ്പോഴത്തെ പണി. കേരളത്തിലാണ് ഇതൊക്കെ നടക്കുന്നത് . ഇതേക്കുറിച്ച് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി മറുപടി പറഞ്ഞേ മതിയാകൂ. ഇല്ലെങ്കില്‍ യു.ഡി.എഫ് വിഷയം ഏറ്റെടുത്ത് ശക്തമായ സമരവുമായി മുന്നോട്ട് പോകും. കേസ് തേയ്ച്ചുമാച്ച് കളയാന്‍ അനുവദിക്കില് ല. ആലുവയില്‍ ആത്മഹത്യ ചെയ്ത നിയമ വിദ്യാര്‍ഥിനിയുടെ കാര്യത്തിലുള്‍പ്പെടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ത്രീകള്‍ ആക്രമിക്കപ്പെട്ട സംഭവങ്ങളിലൊക്കെ സ്ത്രീവിരുദ്ധ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി .
