News
അമ്മ’യിൽ പോര് മുറുക്കുന്നു , ‘ആ പറഞ്ഞത് ശരിയായില്ല’ അമ്മയിലെ വനിതാ അംഗങ്ങള്‍ പാവകള്‍ അല്ല;മണിയന്‍പിള്ള രാജുവിന് ചുട്ട മറുപടിയുമായി ബാബുരാജ്!
അമ്മ’യിൽ പോര് മുറുക്കുന്നു , ‘ആ പറഞ്ഞത് ശരിയായില്ല’ അമ്മയിലെ വനിതാ അംഗങ്ങള്‍ പാവകള്‍ അല്ല;മണിയന്‍പിള്ള രാജുവിന് ചുട്ട മറുപടിയുമായി ബാബുരാജ്!
പീഡനക്കേസില്‍ പ്രതിയായ വിജയ് ബാബുവിനെതിരെ അച്ചടക്ക നടപടിയെടുക്കാത്തതില്‍ അമ്മ സംഘടനയ്ക്കുളളില്‍ പോർവിളികൾ നടക്കുകയാണ് . അമ്മയിലെ പരാതി പരിഹാര സെല്ലില്‍ നിന്നും അധ്യക്ഷ ശ്വേതാ മേനോന് അടക്കം മൂന്ന് പേര് രാജി സമര്‍പ്പിച്ച് കഴിഞ്ഞു.
ഐസിസി അംഗമായിരുന്ന മാലാ പാര്‍വ്വതി ആയിരുന്നു ആദ്യം രാജി വെച്ചത്. പിന്നാലെ നടനും അമ്മ വൈസ് പ്രസിഡണ്ടുമായ മണിയന് പിളള രാജു നടത്തിയ പ്രസ്താവനയും വിവാദമായി. അതിനിടെ മണിയന്‍പിള്ള രാജുവിന് മറുപടിയുമായി അമ്മ എക്സിക്യൂട്ടീവ് അംഗം കൂടിയായ നടന് ബാബുരാജ് രംഗത്ത് വന്നിരിക്കുകയാണ്.
യുവനടി ലൈംഗിക പീഡന ആരോപണം ഉന്നയിച്ച വിജയ് ബാബു അമ്മയിലെ എക്സിക്യൂട്ടീവ് അംഗമാണ്. വിജയ് ബാബുവിനെ പുറത്താക്കണം എന്നാണ് ശ്വേത മേനോന്, മാലാ പാര്‍വ്വതി, കുക്കു പരമേശ്വരന്, അഡ്വക്കേറ്റ് അനഖ എന്നിവര്‍ അടങ്ങുന്ന ആഭ്യന്തര പരാതി പരിഹാര സെല്‍ ശുപാര്‍ശ ചെയ്തത്. എന്നാല്‍ സ്വയം മാറി നില്ക്കാം എന്നുളള വിജയ് ബാബുവിന്റെ കത്ത് അമ്മ അംഗീകരിക്കുകയാണ് ഉണ്ടായത്. ഇതോടെയാണ് ഐസിസി അംഗങ്ങള്‍ പ്രതിഷേധിച്ച് രാജിയിലേക്ക് കടന്നത്.
മാലാ പാര്‍വ്വതി രാജി വെച്ചതിനോട് അമ്മ വൈസ് പ്രസിഡണ്ട് മണിയന് പിളള രാജു പ്രതികരിച്ചത് അവര്‍ക്ക് എന്തും ആകാമല്ലോ അത് അവരുടെ ഇഷ്ടമല്ലേ എന്നായിരുന്നു. മാത്രമല്ല ഐസിസി അംഗങ്ങളില്‍ ബാക്കിയുളളവര്‍ അമ്മയ്ക്ക് ഒപ്പമാണെന്നും സ്ത്രീകള്‍ക്ക് അവരുടേതായ സംഘടന ഉണ്ടല്ലോ എന്നും മണിയന്‍പിളള രാജു പറഞ്ഞു. ദിലീപിനെ പുറത്താക്കിയത് ശരിയായ തീരുമാനം ആയിരുന്നില്ലെന്നും വിജയ് ബാബുവിനെ അമ്മയില്‍ നിന്ന് ചവിട്ടി പുറത്താക്കാനാകില്ലെന്നും മണിയന്‍പിളള രാജു പറഞ്ഞു.ഇത് വിവാദമായതോടെയാണ് ബാബുരാജ് മണിയന്‍പിളള രാജുവിന് മറുപടിയുമായി രംഗത്ത് എത്തിയത്. മാലാ പാര്‍വ്വതിയുടെ രാജിയെ സ്വാഗതം ചെയ്യുന്നുവെന്നും അമ്മയിലെ വനിതാ അംഗങ്ങള്‍ പാവകള്‍ അല്ലെന്നും ബാബുരാജ് മനോരമയോട് പ്രതികരിച്ചു. വനിതാ അംഗങ്ങള്‍ക്ക് പ്രതികരണ ശേഷി ഉണ്ടെന്ന് രാജിയിലൂടെ സമൂഹത്തിന് മനസ്സിലാക്കി കൊടുക്കാന്‍ കഴിഞ്ഞുവെന്നും ബാബുരാജ് പ്രതികരിച്ചു.
സ്ത്രീകള്‍ക്ക് വേറെ സംഘടന ഉണ്ടല്ലോ അവിടെ പോയി പരാതി പറയട്ടെ എന്ന് മണിയന് പിളള രാജു പറഞ്ഞതിനോട് താന്‍ യോജിക്കുന്നില്ലെന്നും ബാബുരാജ് വ്യക്തമാക്കി. മണിയന്‍പിളള രാജു ഉദ്ദേശിച്ചത് വിമന്‍ ഇന്‍ സിനിമ കളക്ടീവിനെ ആണെങ്കില്‍ അത് തെറ്റായിപ്പോയി. അമ്മയില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ ഉളളത് അംഗങ്ങളായ സ്ത്രീകളുടെ പരാതി കേള്‍ക്കാനാണ്. അതുകൊണ്ട് തന്നെ വൈസ് പ്രസിഡണ്ടായ ആള് അത്തരത്തില്‍ പ്രതികരിച്ചത് ഒട്ടും ശരിയായില്ല.
അംഗങ്ങളായ സ്ത്രീകളുടെ പരാതികള്‍ അമ്മ ചര്‍ച്ച ചെയ്തില്ലെങ്കില്‍ മറ്റാരാണ് ചര്‍ച്ച ചെയ്യുക എന്നും ബാബുരാജ് ചോദിച്ചു. അമ്മ എന്ന സംഘടന മലയാള സിനിമയിലെ താരങ്ങളുടേതാണ്. ഏത് ജെന്‍ഡര്‍ എന്നുളളത് വിഷയമല്ല. അംഗങ്ങളുടെ പ്രശ്നം സംഘടനയുടെ പ്രശ്നമാണ്. സ്ത്രീകളായ അംഗങ്ങളുടെ പരാതികള്‍ പ്രാധാന്യത്തോടെ കേള്‍ക്കുകയും പരിഹാരം കണ്ടെത്തുകയും വേണമെന്നും ബാബുരാജ് കൂട്ടിച്ചേര്‍ത്തു.
about baburaj
