Malayalam
ബോക്സോഫീസ് ഇളക്കിമറിച്ച പൊന്നിയിന്‍ സെല്‍വനിലെ മലയാള ശബ്ദങ്ങള്‍ ഇവരൊക്കെയാണ്…!
ബോക്സോഫീസ് ഇളക്കിമറിച്ച പൊന്നിയിന്‍ സെല്‍വനിലെ മലയാള ശബ്ദങ്ങള്‍ ഇവരൊക്കെയാണ്…!
ബോക്സോഫീസില്‍ തരംഗം സൃഷിടിച്ച് മുന്നേറുകയാണ് മണിരത്നത്തിന്റെ സ്വപ്ന ചിത്രം പൊന്നിയിന്‍ സെല്വന്. സ്വാതന്ത്ര്യസമരസേനാനിയും തമിഴ് കഥാസാഹിത്യത്തെ സമ്പുഷ്ടമാക്കിയ പ്രധാന എഴുത്തുകാരില്‍ ഒരാളുമായിരുന്ന കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ചരിത്ര നോവല്‍ അതേ പേരില്‍ ദൃശ്യവത്കരിച്ചപ്പോള്‍ പ്രേക്ഷകരും വളരെ ആവേശത്തിലാണ് കാത്തിരുന്നത്.
2400 പേജുകളുള്ള ചരിത്ര നോവലായ പൊന്നിയിന്‍ സെല്‍വനില്‍ ചോളസാമ്രാജ്യത്തിലെ രാജാവായിരുന്ന അരുള്‍മൊഴിവര്‍മ്മന്‍ എന്ന രാജരാജ ചോളന് ഒന്നാമനെ കുറിച്ചാണ് പറയുന്നത്. ഈ നോവല്‍ പൂര്‍ത്തിയാക്കാന്‍ കല്‍ക്കി കൃഷ്ണമൂര്‍ത്തിക്ക് വേണ്ടിവന്നതോ ഏകദേശം 3 വര്‍ഷവും 6 മാസവും ആണ്.
എം. ജി. ആര്, കമലഹാസന് എന്നിവര്‍ ഈ ചരിത്ര നോവല്‍ സിനിമയാക്കാന്‍ പല സന്ദര്‍ഭങ്ങളിലും ശ്രമിച്ചിട്ടും നടക്കാതെ പോയത് തമിഴ് സിനിമയുടെ ചരിത്രത്തില്‍ കുറിക്കപ്പെട്ടതാണ്. അവര്‍ക്ക് നിറവേറ്റാന്‍ കഴിയാതെ പോയത് ഇന്ന് മണിരത്നത്തിലൂടെ സാഷാത്ക്കരിക്കപ്പെട്ടിരിക്കുന്നു. ഈ ചരിത്ര നോവല്‍ സിനിമയായാല്‍ അതില്‍ ഒരു നിഴല്‍ വേഷമെങ്കിലും ചെയ്യാന്‍ ആഗ്രഹിക്കാത്ത നടീ നടന്മാര് ഉണ്ടാവില്ല.
മണിരത്നം താര നിര്‍ണ്ണയം പൂര്‍ത്തിയാക്കിയ ശേഷം സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് തനിക്ക് പെരിയ പഴുവേട്ടൈയരുടെ കഥാപാത്രമെങ്കിലും നല്കി തന്നെ ഈ സിനിമയുടെ ഭാഗമാക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആ വേഷം രജനിയുടെ ഇമേജിന് കോട്ടം വരുത്തും എന്നത് കൊണ്ട് മണിരത്നം അദ്ദേഹത്തെ നിരുത്സാഹപ്പെടുത്തിയ സംഭവവും ഏറെ ശ്രദ്ധേയമാണ്. ചിയാന്‍ വിക്രം, ജയം രവി, കാര്‍ത്തി, തൃഷ, ഐശ്വര്യ റായ് ബച്ചന് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സെപ്റ്റംബര്‍ 30നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.
സെന്തമിഴില്‍ സൃഷ്ടിച്ച ചിത്രം അഞ്ചു ഭാഷകളിലാണ് മൊഴിമാറ്റം ചെയ്തത്. പൊതുവെ തമിഴ് മനസ്സിലാകുന്ന മലയാളിക്ക് പൊന്നിയന്‍ സെല്‍വന്റെ ഭാഷ മനസ്സിലാക്കാന്‍ പ്രയാസമുണ്ടാകും എന്ന് മനസ്സിലാക്കിയാണ് മണിരത്നം ഈ ചിത്രത്തിന്റെ മൊഴിമാറ്റം ശങ്കര്‍ രാമകൃഷ്ണനെ ഏല്‍പ്പിച്ചത്. മദ്രാസ് ടാക്കീസിന്റെ തിയറ്ററില്‍ സിനിമയുടെ പ്രിവ്യു ഇട്ടു കണ്ടിട്ട് അവരുടെ ആളുകളുമായി ഇരുന്നു ചര്‍ച്ച ചെയ്ത് ആണ് മലയാള സംഭാഷണം എഴുതിയത് എന്ന് ശങ്കര്‍ പറഞ്ഞിരുന്നു. ആ പരിശ്രമം വിജയകരമായി തിയറ്ററുകളില്‍ പ്രതിഫലിപ്പിക്കുവാനും ശങ്കറിനു കഴിഞ്ഞു. വോക്സ്കോം എന്ന പോസ്റ്റ് പ്രൊഡക്ഷന്‍ കമ്പനിയാണ് പൊന്നിയന്‍ സെല്‍വന്റെ മലയാളത്തിലേക്കുള്ള മൊഴിമാറ്റം ഏകോപിപ്പിച്ചത്.
കെജിഎഫില്‍ യഷിന് ശബ്ദം കൊടുത്ത അരുണ്‍ സിഎം. ആണ് ആദിത്യ കരികാലന് ആയ വിക്രമിന്റെ ശബ്ദമായി മാറിയത്. ഡബ്ബിങ് ആര്‍ട്ടിസ്റ്റായ അജിത്ത് കുമാര്‍ കാര്‍ത്തി അവതരിപ്പിച്ച വന്തിയത്തേവന് എന്ന രസികന്‍ കഥാപാത്രത്തിന് ശബ്ദം കൊടുത്തപ്പോള്‍ സിനിമാതാരം കൈലാഷ് ആണ് ടൈറ്റില്‍ കഥാപാത്രമായ പൊന്നിയിന്‍ സെല്വന് വേണ്ടി മലയാളം പറഞ്ഞത്. പ്രമുഖ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ദേവി ഐശ്വര്യ റായ്യുടെ നന്ദിനിക്ക് ഡബ്ബ് ചെയ്തു, തൃഷയുടെ കുന്ദവ എന്ന കഥാപാത്രത്തിന്റെ ശബ്ദമായത് നടിയും ഡബ്ബിങ് താരവുമായ റിയ സൈറ ആയിരുന്നു.
നടന് ദിനേശ് പ്രഭാകര്‍ വിക്രം പ്രഭുവിന് ശബ്ദം കൊടുത്തപ്പോള്‍ ഷോബി തിലകന് ശരത്ത് കുമാറിനും രഞ്ജിത്ത് ലളിതം രവി ദാസന് എന്ന കഥാപാത്രത്തിനും വേണ്ടി മലയാളം പറഞ്ഞു. ശോഭിത ധുലിപാലയ്ക്ക് ജൂഡിത്ത് ആന്‍ ഐയ്പ്പും പാര്‍ത്ഥിപന്റെ കഥാപാത്രത്തിന് മനോജ് കുമാറും പ്രകാശ് രാജിന് അംബൂട്ടിയും പ്രഭുവിന് സജിത്ത് ദേവദാസും ജയചിത്രയ്ക്ക് വല്‍സമ്മ സജിത്തും ആയിരുന്നു മലയാളത്തില്‍ ഡബ്ബ് ചെയ്തത്. സിനിമയില്‍ അഭിനയിച്ച മലയാളി താരങ്ങളായ ജയറാം, ഐശ്വര്യ ലക്ഷ്മി, ലാല്‍, ബാബു ആന്റണി, റഹ്മാന് എന്നിവരെല്ലാം തന്നെ സ്വന്തം ശബ്ദത്തില്‍ മലയാളത്തിലും ഡബ്ബ് ചെയ്തിരുന്നു.
ചെക്ക ചിവന്ത വാനം എന്ന െ്രെകം ഡ്രാമയ്ക്ക് ശേഷം മണിരത്നത്തിന്റെ ആദ്യ റിലീസാണിത്. റിലീസ് ചെയ്ത് ഒരാഴ്ചയാകുമ്പോള്‍ തന്നെ ചിത്രം 300 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. മാത്രമല്ല, റിലീസ് ചെയ്ത ആദ്യ വാരം തമിഴ്നാട്ടില്‍ ഏറ്റവുമധികം കളക്ഷന്‍ നേടുന്ന ചിത്രമെന്ന റെക്കോര്‍ഡും ചിത്രം സ്വന്തമാക്കിയിരുന്നു. ആദ്യ വാരം 128 കോടിയാണ് ചിത്രം നേടിയത്.
102 കോടി നേടിയ വിജയ് ചിത്രം സര്‍ക്കാരിന്റെ റെക്കോര്‍ഡാണ് മണിരത്നം ചിത്രം മറികടന്നത്. തമിഴ്നാട്ടില്‍ നിന്ന് മാത്രം ഏറ്റവും കുറഞ്ഞ ദിവസത്തിനുള്ളില്‍ 100 കോടി സ്വന്തമാക്കുന്ന ചിത്രമെന്ന റെക്കോര്‍ഡും അടുത്തിടെ പൊന്നിയിന്‍ സെല്വന് സ്വന്തമാക്കിയിരുന്നു. രണ്ട് ഭാഗങ്ങളായാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗം അടുത്ത വര്‍ഷം എത്തും.
