Malayalam
‘ഈശോ’ എന്ന പേര് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടങ്കില്‍ നാദിര്‍ഷയ്ക്ക് ആ പേര് മാറ്റാന്‍ കഴിയില്ലേ?; തന്റെ ചിത്രം ‘രാക്ഷസരാമന്‍’ ആണ് ‘രാക്ഷസരാജാവ്’ ആയി മാറിയതെന്നും സംവിധായകന് വിനയന്
‘ഈശോ’ എന്ന പേര് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടങ്കില്‍ നാദിര്‍ഷയ്ക്ക് ആ പേര് മാറ്റാന്‍ കഴിയില്ലേ?; തന്റെ ചിത്രം ‘രാക്ഷസരാമന്‍’ ആണ് ‘രാക്ഷസരാജാവ്’ ആയി മാറിയതെന്നും സംവിധായകന് വിനയന്
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇടവെച്ച ചിത്രമായിരുന്നു നാദിര്‍ഷയുടെ ‘ഈശോ’. മതവികാരത്തെ വൃണപ്പെടുത്തുന്നു എന്ന ആരോപണമുന്നയിച്ചാണ് വൈദികന്മാരടക്കമുള്ളവര്‍ ചിത്രത്തിനെതിരെ രംഗത്തെത്തിയത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന് വിനയന്.
കഴിഞ്ഞ ദിവസം ഈശോയുടെ പോസ്റ്റര്‍ പങ്കുവച്ചതിന് പിന്നാലെ തനിക്ക് വന്ന ഫോണ്‍ കോളുകളും മെസേജും നാദിര്‍ഷയുമായി പങ്കുവച്ചു. ആരെയെങ്കിലും ഈശോ എന്ന പേരു വേദനിപ്പിക്കുന്നെങ്കില്‍ അതു മാറ്റിക്കൂടേ നാദിര്‍ഷാ എന്ന തന്റെ ചോദ്യത്തിന് സാറിന്റെ ഈ വാക്കുകള്‍ ഉള്‍ക്കൊണ്ട് ഉറപ്പു തരുന്നു പേരു മാറ്റാം എന്ന് നാദിര്‍ഷ പറഞ്ഞതായും വിനയന് പറയുന്നു.
വിനയന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെയായിരുന്നു;
വിവാദങ്ങള്‍ ഒഴിവാക്കുക….. നാദിര്‍ഷാ ‘ഇശോ’ എന്ന പേരു മാറ്റാന്‍ തയ്യാറാണ്… ‘ഈശോ’ എന്ന പേര് പുതിയ സിനിമയക്ക് ഇട്ടപ്പോള്‍ അത് ആരെ എങ്കിലും വേദനിപ്പിച്ചിട്ടുണ്ടങ്കില്‍ നാദിര്‍ഷയ്ക്ക് ആ പേര് മാറ്റാന്‍ കഴിയില്ലേ? ഇന്നു രാവിലെ ശ്രീ നാദിര്‍ഷയോട് ഫോണ്‍ ചെയ്ത് ഞാനിങ്ങനെ ചോദിച്ചിരുന്നു….. ആ ചിത്രത്തിന്റെ പോസ്റ്റര്‍ ഇന്നലെ ഷെയര്‍ ചെയ്തതിനു ശേഷം എനിക്കു വന്ന മെസ്സേജുകളുടെയും ഫോണ്‍ കോളുകളുടെയും ഉള്ളടക്കം നാദിര്‍ഷയുമായി ഞാന്‍ പങ്കുവച്ചു..
2001-ല്‍ ഇതു പോലെ എനിക്കുണ്ടായ ഒരനുഭവം ഞാന്‍ പറയുകയുണ്ടായി.. അന്ന് ശ്രീ മമ്മൂട്ടി നായകനായി അഭിനയിച്ച ‘രാക്ഷസരാജാവ്’ എന്ന ചിത്രത്തിന്റെ പേര് ‘രാക്ഷസരാമന്‍’ എന്നാണ് ആദ്യം ഇട്ടിരുന്നത്.. പുറമേ രാക്ഷസനേ പോലെ തോന്നുമെങ്കിലും അടുത്തറിയുമ്പോള്‍ ശ്രീരാമനേപ്പോലെ നന്മയുള്ളവനായ രാമനാഥന് എന്നു പേരുള്ള ഒരു നായകന്റെ കഥയായതു കൊണ്ടാണ് രാക്ഷസരാമന്‍ എന്ന പേരു ഞാന്‍ ഇട്ടത്..
പക്ഷേ പ്രത്യക്ഷത്തില്‍ രാക്ഷസരാമന്‍ എന്നു കേള്‍ക്കുമ്പോള്‍ ശ്രീരാമ ഭക്തര്‍ക്കു വിഷമം തോന്നുന്നു എന്ന ചിലരുടെ വാദം അംഗീകരിച്ചു കൊണ്ടാണ് അന്നാ പേരു മാറ്റാന്‍ ഞങ്ങള്‍ തയ്യാറായത്… സമൂഹത്തിലെ ഏതെങ്കിലും ഒരു വിഭാഗം അവന്റെ അഭയമായി കാണുന്ന വിശ്വാസങ്ങളെ മുറിവേല്‍പ്പിച്ച് കൈയ്യടി നേടേണ്ട കാര്യം സിനിമക്കാര്‍ക്കുണ്ടന്നു ഞാന്‍ കരുതുന്നില്ല… അല്ലാതെ തന്നെ ധാരാളം വിഷയങ്ങള്‍ അധസ്ഥിതന്റെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവന്‍േറതുമായി വേണമെങ്കില്‍ പറയാന്‍ ഉണ്ടല്ലോ?…
ഇതിലൊന്നും സ്പര്‍ശിക്കാതെ തന്നെയും സിനിമാക്കഥകള്‍ ഇന്റര്‍സ്റ്റിംഗ് ആക്കാം.. ആരെയെങ്കിലും ഈശോ എന്ന പേരു വേദനിപ്പിക്കുന്നെങ്കില്‍ അതു മാറ്റിക്കുടേ നാദിര്‍ഷാ എന്ന എന്റെ ചോദ്യത്തിന് സാറിന്റെ ഈ വാക്കുകള്‍ ഉള്‍ക്കൊണ്ടുകൊണ്ട് ഞാനാ ഉറപ്പു തരുന്നു… പേരു മാറ്റാം.. എന്നു പറഞ്ഞ പ്രിയ സഹോദരന് നാദിര്‍ഷായോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല… പുതിയ പേരിനായി നമുക്കു കാത്തിരിക്കാം.. പ്രശ്നങ്ങള്‍ എല്ലാം ഇവിടെ തീരട്ടെ…
ആരെ എങ്കിലും പേടിച്ചിട്ടോ നിലപാടുകള്‍ എല്ലാം മാറ്റിവച്ചിട്ടോ ഒന്നുമല്ല ഇങ്ങനെ ഒരഭിപ്രായത്തോടു യോജിച്ചത്.. ഒരു പേരിട്ടതിന്റെ പേരില്‍ ഒരു കലാകാരനെ വളഞ്ഞിട്ട് ആക്രമിക്കുന്നതു കണ്ടതു കൊണ്ടാണ് ആ പേരു മാറ്റുന്നതു കൊണ്ട് സിനിമയ്കു കുഴപ്പമില്ലങ്കില്‍ മാറ്റിക്കുടെ എന്നു ചോദിച്ചത്… നിലപാടുകളുടെ പേരില്‍ ഒരുത്തനേം ഭയക്കാതെ നിവര്‍ന്നു നിന്ന് സുപ്രീം കോടതി വരെ പോയി കേസു പറഞ്ഞ് ലക്ഷക്കണക്കിനു രൂപ ഇവിടുത്തെ വമ്പന്മാര്ക്കും സംഘടനകള്‍ക്കും ശിക്ഷ വാങ്ങി കൊടുത്തിട്ടുണ്ട് ഞാന്‍ … ഈ വിഷയം അതുപോലല്ല.., എന്നെ ബാധിക്കുന്നതുമല്ല..
