News
ദളപതി 66 തെലുങ്ക് ചിത്രമോ!.. ആകാംക്ഷയോടെ വിജയ് ആരാധകര്‍
ദളപതി 66 തെലുങ്ക് ചിത്രമോ!.. ആകാംക്ഷയോടെ വിജയ് ആരാധകര്‍
തെന്നിന്ത്യ മുഴുവന്‍ ആരാധകരുള്ള താരമാണ് ഇളയദളപതി വിജയ്. ഇപ്പോഴിതാ വിജയ് നായകനാകുന്ന ദളപതി 66 ഏതാകും എന്നുള്ള ആകാംക്ഷയിലാണ് ആരാധകര്‍. ചിത്രത്തെക്കുറിച്ച് പല അഭ്യൂഹങ്ങളും പരക്കുന്നുമുണ്ട്. താരത്തിന്റെ പുതിയ ചിത്രം തമിഴിലും തെലുങ്കിലും ഒരേസമയം ഒരുക്കുന്ന ബൈലിംഗ്വല്‍ ആയിരിക്കും എന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍.
പ്രമുഖ ട്രേഡ് അനലിസ്റ്റുകളാണ് ചിത്രത്തെക്കുറിച്ചുള്ള വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. ‘മഹര്‍ഷി’ എന്ന ചിത്രത്തിലൂടെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള 2019ലെ ദേശീയ അവാര്‍ഡ് നേടിയ വംശി പൈഡിപ്പള്ളിയ്ക്കൊപ്പമാകും വിജയ് തന്റെ 66ാമത് ചിത്രം ചെയ്യുക. പ്രശസ്ത നിര്‍മ്മാതാവായ ദില്‍ രാജു ആയിരിക്കും ചിത്രം നിര്‍മ്മിക്കുക എന്നും പറയപ്പെടുന്നു. എന്നാല്‍ ചിത്രത്തെക്കുറിച്ച് ഔദ്യോഗികമായ സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.
അതേസമയം വിജയ് ഇപ്പോള്‍ ദളപതി 65ന്റെ തിരക്കിലാണ്. കോലമാവ് കോകില, ഡോക്ടര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ദളപതി 65. പൂജ ഹെഗ്ഡെയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. പൂജ വിജയ്‌ക്കൊപ്പം അഭിനയിക്കുന്ന ആദ്യ ചിത്രമായിരിക്കും ദളപതി 65. ചിത്രത്തില്‍ വിജയ് വ്യത്യസ്തമായ ലുക്കില്‍ ആയിരിക്കുമെന്നും പറയപ്പെടുന്നു. ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് അനിരുദ്ധാണ്.
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ‘മാസ്റ്റര്‍’ ആണ് ഒടുവില്‍ പുറത്തിറങ്ങിയ വിജയ് ചിത്രം. കോവിഡ് പ്രതിസന്ധിയില്‍ പൂട്ടിക്കിടന്ന തിയേറ്ററുകള്‍ തുറന്നപ്പോള്‍ ആദ്യം റിലീസിനെത്തിയത് വിജയുടെ ചിത്രമായിരുന്നു. മാളവിക മോഹന്‍, അര്‍ജുന്‍ ദാസ്, ആന്‍ഡ്രിയ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. അനിരുദ്ധ് രവിചന്ദരാണ് സംഗീത സംവിധാനം. സത്യന്‍ സൂര്യന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ ഫിലോമിന്‍ രാജാണ്.
