Malayalam
‘മരക്കാര്‍’ തിയേറ്ററുകളില്‍ എത്തിക്കുന്നതിന് സര്‍ക്കാര്‍ ഇടപെടല്‍; സര്‍ക്കാരിന്റെ മധ്യസ്ഥതയില്‍ തിയേറ്റര്‍ റിലീസാകുന്ന രണ്ടാമത്തെ ചിത്രമായിരിക്കുമെന്ന് സുരേഷ് കുമാര്‍
‘മരക്കാര്‍’ തിയേറ്ററുകളില്‍ എത്തിക്കുന്നതിന് സര്‍ക്കാര്‍ ഇടപെടല്‍; സര്‍ക്കാരിന്റെ മധ്യസ്ഥതയില്‍ തിയേറ്റര്‍ റിലീസാകുന്ന രണ്ടാമത്തെ ചിത്രമായിരിക്കുമെന്ന് സുരേഷ് കുമാര്‍
മലയാളി പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. കഴിഞ്ഞി ദിവസം ചിത്രം ഒടിടി റിലീസായി എത്തുമെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇതിനെ തുടര്‍ന്ന് കടുത്ത പ്രതിക്ഷേധങ്ങളാണ് തിയേറ്റര്‍ ഉടമകളില്‍ നിന്നും സിനിമാ പ്രേക്ഷകരില്‍ നിന്നും ഉയര്‍ന്നു വന്നത്.
എന്നാല്‍ ഇപ്പോഴിതാ ‘മരക്കാര്‍’ തിയേറ്ററുകളില്‍ എത്തിക്കുന്നതിന് സര്‍ക്കാര്‍ ഇടപെടല്‍ നടക്കുന്നുവെന്ന വിവരമാണ് പുറത്ത് വരുന്നത്. സിനിമാ, സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ഈ വിഷയത്തില്‍ സിനിമാ സംഘടനകളുമായി വെള്ളിയാഴ്ച ചര്‍ച്ച നടത്തും. ചിത്രത്തിന്റെ നിര്‍മ്മാതാവിനും തിയറ്റര്‍ ഉടമകള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന അഭിപ്രായ വ്യത്യാസങ്ങളിലെ ഒത്തുതീര്‍പ്പ് ആണ് ചര്‍ച്ചയിലൂടെ ലക്ഷ്യമിടുന്നത്.
സര്‍ക്കാരിന്റെ മധ്യസ്ഥതയില്‍ തിയേറ്റര്‍ റിലീസാകുന്ന രണ്ടാമത്തെ ചിത്രമാണ് മരക്കാറെന്ന് നിര്‍മ്മാതാവ് സുരേഷ് കുമാര്‍ പറയുന്നു. ‘കടത്തനാടന്‍ അമ്പാടി’ എന്ന ചിത്രമാണ് സര്‍ക്കാര്‍ ഇടപെടലിലൂടെ തിയേറ്ററില്‍ എത്തിച്ച ആദ്യ ചിത്രം. കടത്തനാടന്‍ അമ്പാടി പ്രതിസന്ധിയിലായപ്പോള്‍ സര്‍ക്കാര്‍ ഇടപെട്ട് നവോദയ അപ്പച്ചനെ ഏല്‍പ്പിച്ചാണ് ചിത്രം റിലീസ് ചെയ്തത്.
മരക്കാര്‍ തിയേറ്ററില്‍ കാണേണ്ട സിനിമയാണ്. താന്‍ പ്രതീക്ഷ കൈവിടുന്നില്ല. അവസാന തീരുമാനത്തില്‍ എത്താന്‍ അഞ്ചാം തീയതി നടക്കുന്ന ചര്‍ച്ച അവസാനിക്കണം. രണ്ട് കൂട്ടരും വിട്ടുവീഴ്ച്ച ചെയ്യേണ്ടതുണ്ട്. ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്തില്ലെങ്കില്‍ വന്‍ നഷ്ടമാകും സര്‍ക്കാരിന് എന്നാണ് സുരേഷ് കുമാര്‍ പ്രതികരിക്കുന്നത്.
മരക്കാര്‍ സിനിമ തിയേറ്റര്‍ റിലീസ് ചെയ്യണമെങ്കില്‍ തിയേറ്ററുടമകള്‍ അഡ്വാന്‍സ് തുക നല്‍കണമെന്നും ഇരുന്നൂറോളം സ്‌ക്രീനുകള്‍ വേണമെന്നും ആന്റണി പെരുമ്പാവൂര്‍ ആവശ്യപ്പെടുന്നു. അഡ്വാന്‍സ് തുക തിയേറ്ററുടമകള്‍ക്ക് നഷ്ടം വന്നാല്‍ തിരികെ നല്‍കില്ല. എന്നാല്‍ തിയേറ്റര്‍ ലാഭം ഉണ്ടായാല്‍ ഇതിന്റെ ഷെയര്‍ വേണമെന്നും ആന്റണി പെരുമ്പാവൂര്‍ ആവശ്യപ്പെട്ടിരുന്നു.
