Malayalam
പതിനായിരം വട്ടം നീതി നിഷേധിക്കപ്പെട്ട സാധാരണക്കാരില്‍ സാധാരണക്കാരനായ ഒരുവന്‍, അയാളെ തടയാന്‍ ഒരാള്‍ക്കും കഴിയില്ല, അയാള്‍ പ്രതികരിച്ചു കൊണ്ടേ ഇരിക്കും; ജോജുവിന് പിന്തുണയുമായി ലക്ഷ്മി പ്രിയ
പതിനായിരം വട്ടം നീതി നിഷേധിക്കപ്പെട്ട സാധാരണക്കാരില്‍ സാധാരണക്കാരനായ ഒരുവന്‍, അയാളെ തടയാന്‍ ഒരാള്‍ക്കും കഴിയില്ല, അയാള്‍ പ്രതികരിച്ചു കൊണ്ടേ ഇരിക്കും; ജോജുവിന് പിന്തുണയുമായി ലക്ഷ്മി പ്രിയ
മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് ലക്ഷ്മി പ്രിയ. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം സമകാലിക വിഷയങ്ങളില്‍ തന്റേതായ അഭിപ്രായം പറഞ്ഞ് രംഗത്തെത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വിവാദങ്ങളിലേയ്ക്ക് എത്താറുള്ളത്. കഴിഞ്ഞ ദിവസമായിരുന്നു ഇന്ധന വിലക്കയറ്റത്തിനെതിരെ വൈറ്റില ദേശീയ പാത ഉപരോധിച്ച് സമരം നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ നടന്‍ ജോജു ജോര്‍ജിന്റെ വീഡിയോ ശ്രദ്ധ നേടിയത്. ഇതോടെ പ്രവര്‍ത്തകര്‍ ജോജുവിന്റെ കാര്‍ തല്ലിപ്പൊളിക്കുകയും അസഭ്യവര്‍ഷം ചൊരിയുകയുമുണ്ടായി.
കാര്‍ തല്ലിപ്പൊളിച്ചവര്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുകയുമാണ്. സംഭവം സോഷ്യല്‍മീഡിയയിലുള്‍പ്പെടെ ചര്‍ച്ചയായതോടെ നിരവധി പേര്‍ ജോജുവിനെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തി. ഇപ്പോഴിതാ നടി ലക്ഷ്മി പ്രിയ, ജോജുവിന് പിന്തുണയുമായി ഫേസ്ബുക്ക് കുറിപ്പ് പങ്കിട്ടിരിക്കുകയാണ്. ഈ പോസ്റ്റും നിമിഷ നേരത്തിനുള്ളിലാണ് വൈറലായിരിക്കുന്നത്.
ഈ മനുഷ്യന്റെ കണ്ണുകളില്‍ നിങ്ങള്‍ കണ്ടത് മദ്യപാനിയുടെ കണ്ണുകളിലെ ചുവപ്പല്ല! അദ്ദേഹം കടന്നു വന്ന വഴികളിലെ നൂറ് കണക്കിന് തിരസ്‌കാരങ്ങളുടെയും അവജ്ഞയുടെയും, പുച്ഛത്തിന്റെയും മാറ്റിനിര്‍ത്തപ്പെടലുകളുടെയും മുറിപ്പാടുകളില്‍ നിന്നും ആര്‍ജ്ജിച്ച കരളുറപ്പിന്റെ കരുത്താണ്! നിരാസങ്ങളുടെ ഇടയില്‍ നിന്നും സ്വന്തമായി വഴി വെട്ടി മുന്നേറിയവന്റെ നിശ്ചയദാര്‍ഢ്യം!, ലക്ഷ്മി പ്രിയ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുകയാണ്.
ദന്ത ഗോപുരങ്ങള്‍ക്കിടയില്‍ നില്‍ക്കുന്നവരില്‍ നിന്നും ഈ മനുഷ്യനെ വ്യത്യസ്തനാക്കുന്ന പിന്‍ബലം അനുഭവങ്ങളുടെ മൂശയില്‍ ഉരുകി ഉറച്ച മനക്കരുത്താണ്. ഒരാള്‍ക്കും ഊഹിക്കാന്‍ പോലും കഴിയാത്തത്ര ബലം അതിനുണ്ട്! അതുകൊണ്ട് തന്നെ അയാള്‍ കരയുമ്പോള്‍ അത് സാധാരണക്കാരന്റെ കരച്ചില്‍ ആവുന്നു.
അയാളുടെ ചിരി സാധാരണക്കാരന്റെ സന്തോഷമാവുന്നു. അയാളുടെ പ്രതിഷേധം സാധാരണക്കാരന്റെ പ്രതിഷേധമാണ്, അയാളുടെ ഉയര്‍ന്ന ശബ്ദം സാധാരണക്കാരന്റെ ശബ്ദമാണ്, അയാളുടെ വാക്കുകള്‍ നമ്മുടെ വാക്കുകളാണ്! അതേ അയാള്‍ നമ്മുടെ പ്രതിനിധിയാണ്. പതിനായിരം വട്ടം നീതി നിഷേധിക്കപ്പെട്ട സാധാരണക്കാരില്‍ സാധാരണക്കാരനായ ഒരുവന്‍. അയാളെ തടയാന്‍ ഒരാള്‍ക്കും കഴിയില്ല. അയാള്‍ പ്രതികരിച്ചു കൊണ്ടേ ഇരിക്കും. കൂടുതല്‍ കൂടുതല്‍ കരുതത്തോടെ, ജോജുവിന് പിന്തുണ.
നിങ്ങള്‍ക്ക് തല്ലിത്തകര്‍ക്കാന്‍ നോക്കാം, എന്നാല്‍ തടയാന്‍ നിങ്ങള്‍ക്ക് കഴിയില്ല, ഇയാളെ സന്തോഷിപ്പിച്ചിട്ട് വേണം ചേച്ചിയ്ക്ക് ചാന്‍സ് ഉണ്ടാവാന്‍ എന്ന കമെന്റ് ഇട്ട് സന്തോഷിക്കാന്‍ നോക്കുന്നവരോട്, ഇത്ര കാലം മലയാള സിനിമയില്‍ തുടരാം എന്നും ഇത്ര സിനിമകള്‍ ചെയ്തു കൊള്ളാം എന്നും ഞാനാര്‍ക്കും വാക്ക് കൊടുത്തിട്ടില്ല. ഒരു സാധാരണ മനുഷ്യനെപ്പോലെ ജീവിക്കാനുള്ള വകയൊക്കെ ഞാന്‍ സമ്പാദിച്ചു വച്ചിട്ടുണ്ട്, എന്ന് പറഞ്ഞാണ് ലക്ഷ്മിപ്രിയ കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.
ലക്ഷ്മിയുടെ പോസ്റ്റുനു താഴെ നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. എന്ത് പോസ്റ്റിട്ടാലും വിമര്‍ശിക്കുന്ന ഇവന്മാര്‍ക്കൊക്കെ കണക്കിന് കൊടുത്തത് നന്നായി. എന്നു തുടങ്ങി നിരവധി പേര്‍ കമന്റുമായി എത്തിയിട്ടുണ്ട്. അതേസമയം, കുറച്ച് നാളുകള്‍ക്ക് മുമ്പ് നടിയുടെ ജാതിയും മതവും പേരുമൊക്കെ ചോദിച്ചും ചിലരെത്തിയിരുന്നു. തന്റെ പേര് ലക്ഷ്മി പ്രിയ എന്നാണെന്ന് കേരള ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തിയതിനെ കുറിച്ചും അതിന് പിന്തുണ നല്‍കിയവര്‍ക്കുള്ള നന്ദി അറിയിച്ചും നടി എത്തിയിരുന്നത് ഏറെ വാര്‍ത്തയായിരുന്നു. ഒരു പേരില്‍ എന്തിരിക്കുന്നു എന്ന ചിന്ത കൊണ്ട് മാത്രം കൊണ്ടു നടന്നിരുന്ന എന്റെയാ പഴയ പേര് ഞാന്‍ ഉപേക്ഷിച്ചിരിക്കുന്നു.നീണ്ട പതിനെട്ടു വര്‍ഷം ഞാന്‍ സബീന ആയിരുന്നു.19 വര്‍ഷമായി ഞാന്‍ ലക്ഷ്മി പ്രിയയും.
ഇത് രണ്ടും ചേരുന്ന ഒരാളിനെ കൊണ്ടു നടക്കാന്‍ എനിക്ക് യാതൊരു ബുദ്ധിമുട്ടും തോന്നിയിരുന്നില്ല. കാരണം ഞാന്‍ എന്നും ഞാന്‍ ആയിരുന്നു. എത്ര വലിയ പ്രതിസന്ധി വരുമ്പോഴും ദൈവത്തിന്റെ മാത്രം കരം പിടിച്ചു മറു കര നീന്തിയ വളരെ കരുത്തുള്ള ഒരു സ്ത്രീ. കല്ലെറിഞ്ഞതിനും ആര്‍ത്തു വിളിച്ചതിനും നിങ്ങളോട് എനിക്ക് തീര്‍ത്താല്‍ തീരാത്ത നന്ദിയുണ്ട്. കാരണം നിങ്ങളുടെ ആ കല്ലെറിയല്‍ കൊണ്ടാണ് പൂര്‍ണ്ണമായും ഹിന്ദു എന്ന എന്റെ സ്വത്വം രേഖാമൂലം അങ്ങനെ തന്നെ ആവട്ടെ എന്ന് ഞാന്‍ തീരുമാനിക്കുന്നത്. കല്ലെറിഞ്ഞവര്‍ക്കും ചേര്‍ത്തു പിടിച്ചവര്‍ക്കും നന്ദി അറിയിക്കട്ടെ. ഒറ്റ മുറിയില്‍ നിന്നും എന്നെ ചേര്‍ത്തു പിടിച്ചു കൃത്യമായ ഒരു മേല്‍വിലാസം ഉണ്ടാക്കി തന്ന എന്റെ ഭര്‍ത്താവിനോടുള്ള എന്റെ സ്നേഹം അറിയിക്കാന്‍ എനിക്ക് വാക്കുകളില്ല എന്നും താരം പറഞ്ഞിരുന്നു.