News
‘പാല്‍ ഉപയോഗമില്ലാതെ ആക്കരുത്, ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കൂ’, പോസ്റ്ററില്‍ പാല്‍ അഭിഷേകം നടത്തിയ ആരാധകരോട് അഭ്യര്‍ത്ഥനയുമായി സോനു സൂദ്
‘പാല്‍ ഉപയോഗമില്ലാതെ ആക്കരുത്, ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കൂ’, പോസ്റ്ററില്‍ പാല്‍ അഭിഷേകം നടത്തിയ ആരാധകരോട് അഭ്യര്‍ത്ഥനയുമായി സോനു സൂദ്
രാജ്യം രണ്ടാം കോവിഡ് വ്യാപനത്തിന്റെ പിടിയില്‍ അകപ്പെട്ട് ശ്വാസം മുട്ടിക്കൊണ്ടിരിക്കുന്ന വേളയില്‍ മുന്‍നിര പോരാളികള്‍ക്കൊപ്പം തന്നാലാകുന്ന എല്ലാ സഹായങ്ങളും നല്‍കി ഒപ്പമുണ്ടാകുന്ന ബോളിവുഡ് നടനാണ് സോനു സൂദ്. കഴിഞ്ഞ ദിവസം ആന്ധ്രാ പ്രദേശിലെ നെല്ലൂരും, കുര്‍നൂലിലും ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്ന വിവരം സോനു അറിയിച്ചിരുന്നു. ജൂണ്‍ മാസത്തോടെ പ്ലാന്റുകള്‍ രണ്ട് ആശുപത്രികളിലായി സ്ഥാപിക്കുമെന്നാണ് അദ്ദേഹം അറിയിച്ചത്.
ഇതിന് പിന്നാലെ താരത്തിനോടുള്ള നന്ദി സൂചകമായി നെല്ലൂരിലെയും, കുര്‍നൂലിലെയും ജനങ്ങള്‍ സോനുവിന്റെ പോസ്റ്ററില്‍ പാല്‍ അഭിഷേകം നടത്തുകയുണ്ടായി. ഈ സംഭവത്തില്‍ പ്രതികരണം അറിയിച്ചിരിക്കുകയാണ് താരം.
പാല്‍ അഭിഷേകം ചെയ്യാതെ ആവശ്യക്കാര്‍ക്ക് എത്തിച്ച് കൊടുക്കാനാണ് സോനു തന്റെ ആരാധകരോട് അഭ്യര്‍ത്ഥിച്ചത്. അവര്‍ തരുന്ന സ്നേഹത്തിന് നന്ദിയുണ്ട്. എന്നാല്‍ ഇത്തരത്തില്‍ പാല്‍ ഉപയോഗമില്ലാതെ ആക്കരുതെന്നാണ് സോനു ആരാധകരോട് പറയുന്നു. നെല്ലൂര്‍, കൂര്‍നൂല്‍ നിവാസികള്‍ നടത്തിയ പാല്‍ അഭിഷേകങ്ങളുടെ വീഡിയോ പങ്കുവെച്ച് കൊണ്ടായിരുന്നു സോനുവിന്റെ പ്രതികരണം.
അടുത്തിടെ സോനു സൂദിന്റെ ടീം ബാംഗ്ലൂര്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ എത്തിച്ച് 22 പേരുടെ ജീവന്‍ രക്ഷിച്ചത് ഏറെ വാര്‍ത്തയായിരുന്നു. കര്‍ണ്ണാടകയിലെ സോനു സൂദ് ഫൗണ്ടേഷനെ എആര്‍എകെ ആശുപത്രി ഓക്‌സിജന്‍ സിലിന്‍ഡറുകള്‍ അത്യാവശ്യമായി വേണമെന്ന് അറിയിക്കുകയായിരുന്നു. പെട്ടന്ന് തന്നെ അവര്‍ 16 ഓക്‌സിജന്‍ സിലിന്‍ഡറുകള്‍ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.
സമൂഹമാധ്യമത്തിന്റെ സഹായത്തോടെ ഓക്സിജന്‍ സിലിന്‍ഡര്‍, ആശുപത്രി കിടക്ക എന്നിവ ആവശ്യമുള്ളവരെ സോനു സൂദ് ദിനരാത്രം സഹായിച്ച് കൊണ്ടിരിക്കുകയാണ്. അതിന് പുറമെ ഇന്ത്യയിലെ ഓക്സിജന്‍ ക്ഷാമം കാരണം വിദേശ രാജ്യങ്ങളില്‍ നിന്നും ഓക്സിജന്‍ പ്ലാന്റുകളും സോനൂ സൂദ് ഇന്ത്യയില്‍ എത്തിച്ചു. സമയമാണ് നിലവില്‍ നമ്മള്‍ നേരിടുന്ന വലിയ വെല്ലുവിളി. എല്ലാം സമയത്ത് തന്നെ എത്താന്‍ പരമാവധി ശ്രമിക്കുന്നുണ്ട്. ഇനി ഒരു ജീവന്‍ പോലും നഷ്ടപ്പെടരുതെന്നും സോനൂ സൂദ് പറഞ്ഞിരുന്നു.
