News
തന്റെ മകനെ പരിചയപ്പെടുത്തി ശ്രേയാ ഘോഷാല്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
തന്റെ മകനെ പരിചയപ്പെടുത്തി ശ്രേയാ ഘോഷാല്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
മലയാളിയല്ലെങ്കിലും മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന ഗായികയാണ് ശ്രേയാ ഘോഷാല്‍. നിരവധി ഗാനങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവരാന്‍ ഈ ബംഗാള്‍ സ്വദേശിനിയ്ക്കായി. മലയാളം അറിയാത്ത ശ്രേയാ ഘോഷാല്‍ മലയാള ഗാനങ്ങള്‍ അതിന്റെ തനിമ ചോര്‍ന്ന് പോകാതെ അക്ഷര ശുദ്ധിയോടെ പാടുന്നത് എല്ലാവരും അത്ഭുതത്തോടെയാണ് കണ്ടത്. അതുകൊണ്ടു തന്നെ മലയാളി പ്രേക്ഷകര്‍ക്ക് ശ്രേയയോട് ഒരു പര്‌ത്യേക ഇഷ്ടവുമുണ്ട്.
ഇപ്പോഴിതാ മകന്റെ വിശേഷവുമായെത്തിയിരിക്കുകയാണ് ശ്രേയ ഘോഷാല്‍. ‘ദെവ്യാന്‍ മുഘോപദ്യായയെ പരിചയപ്പെടുത്തുകയാണ്. മെയ് ഇരുപത്തി രണ്ടാം തീയതി അവന്‍ ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവന്നതോടു കൂടി ഞങ്ങളുടെ ജീവിതം തന്നെ മാറി മറിഞ്ഞു. അവന്‍ ജനിച്ച ആ കാഴ്ച ഞങ്ങളുടെ ഹൃദയത്തെ സ്‌നേഹത്താല്‍ നിറച്ചു. സ്വന്തം കുഞ്ഞിനാല്‍ അച്ഛനും അമ്മയ്ക്കും മാത്രം മനസിലാക്കുവാന്‍ സാധിയ്ക്കുന്ന വികാരം.
അനിയന്ത്രിതവും അമിതവുമായ സ്‌നേഹം. ഇപ്പോഴും അത് ഒരു സ്വപ്നം പോലെയാണ്. ഞങ്ങളുടെ ജീവിതത്തിലേയ്ക്ക് ദൈവം അയച്ച മനോഹരമായ സമ്മാനതിന് ഞാനും ശൈലാദിത്യയും ഒരുപാട് നന്ദി പറയുകയാണ്. ‘ എന്നായിരുന്നു ശ്രേയ ഘോഷാല്‍ കുറിച്ചത്. പോസ്റ്റ് പങ്കുവെച്ച് നിമിഷങ്ങള്‍ക്കകം തന്നെ നിരവധി ലൈക്കുകളും കമന്റുകളുമാണ് ചിത്രത്തിന് താഴെയായി എത്തിയിരിക്കുന്നത്.
2015ല്‍ ആയിരുന്നു സുഹൃത്തായിരുന്ന ശൈലാദിത്യയെ ശ്രേയ വിവാഹം ചെയ്തത്. ഇരുവരും ദീര്‍ഘനാളുകളായി പ്രണയത്തിലായിരുന്നു. വിവാഹചടങ്ങുകള്‍ അതീവ രഹസ്യമായാണ് നടന്നത്. ഇരുവരുടേയും അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങുകളില്‍ പങ്കെടുത്തത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ശ്രേയ ഇടയ്ക്കിടെ ഭര്‍ത്താവുമൊത്തുള്ള ചിത്രങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്.
ബിഗ് ബിയിലെ വിട പറയുകയാണോ എന്ന ഗാനം ആലപിച്ചുകൊണ്ടാണ് ശ്രേയ മലയാളിത്തിലേയ്ക്കെത്തുന്നത്. തുടര്‍ന്ന് നിരവധി ഹിറ്റ് ഗാനങ്ങള്‍ ആലപിക്കുകയും നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കുകയും ചെയ്തു. ഇന്ത്യയിലെ മികച്ച ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് 2002, 2005, 2007, 2008 എന്നീ വര്‍ഷങ്ങളിലായി നാലുതവണ ശ്രേയ ഘോഷലിനു ലഭിച്ചിരുന്നു. ബോളിവുഡ് രംഗത്താണ് കൂടുതലായി ഗാനങ്ങളാലപിച്ചിട്ടുള്ളതെങ്കിലും ഉര്‍ദു, ആസാമീസ്, ബംഗാളി, ഭോജ്പുരി, കന്നഡ, ഒഡിയ,പഞ്ചാബി, തമിഴ്, മറാത്തി, തെലുങ്ക് തുടങ്ങി മറ്റു ഭാഷകളിലെ ചലച്ചിത്രങ്ങളിലും ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.
