News
പുഷ്പയിലെ ഐറ്റം സോംഗിന്റെ റിഹേഴ്സലുമായി സാമന്ത, സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
പുഷ്പയിലെ ഐറ്റം സോംഗിന്റെ റിഹേഴ്സലുമായി സാമന്ത, സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
അല്ലു അര്ജുന് കേന്ദ്ര കഥാപാത്രമായി എത്തി രശ്മിക മന്ദാന നായികയായി എത്തിയ പുതിയ ചിത്രമാണ് പുഷ്പ. മികച്ച പ്രതികരണം നേടി ചിത്രം മുന്നേറുകയാണ്. ഡിസംബര്‍ 17 ന് റിലീസ് ചെയ്ത ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ ഇതിനോടകം വൈറലായി മാറിയിരുന്നു. ചിത്രത്തിലെ ഒരു ഐറ്റം സോംഗില്‍ മാത്രമായി സാമന്ത പ്രത്യക്ഷപ്പെട്ടതും ഏറെ വാര്‍ത്തയായിരുന്നു.
ആദ്യമായാണ് സാമന്ത ഒരു ചിത്രത്തില്‍ ഗാനരംഗത്തില്‍ മാത്രമായി പ്രത്യക്ഷപ്പെടുന്നത്. ‘ഓ ആണ്ടവാ’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ യുട്യൂബ് വീഡിയോയ്ക്ക് 6 കോടിയിലേറെ കാഴ്ചകളാണ് ലഭിച്ചത്. ഇപ്പോഴിതാ ഹിറ്റ് നമ്പറിനുവേണ്ടി താന്‍ നടത്തിയ പരിശീലനത്തിന്റെ ലഘുവീഡിയോ പുറത്തുവിട്ടിരിക്കുകയാണ് സാമന്ത. സ്വന്തം യുട്യൂബ് ചാനലിലൂടെയാണ് സാമന്ത വീഡിയോ അവതരിപ്പിച്ചിരിക്കുന്നത്.
അതേസമയം ബോക്സ് ഓഫീസില്‍ തരംഗം തീര്‍ത്ത പുഷ്പയുടെ ഒടിടി റിലീസ് നാളെയാണ്. തെലുങ്കിനു പുറമെ തമിഴ്, മലയാളം, കന്നഡ ഭാഷകളിലുമായി ആമസോണ്‍ പ്രൈം വീഡിയോയിലൂടെ നാളെ രാത്രി 8ന് ചിത്രം എത്തും. ഹിന്ദി പതിപ്പിന് ഇപ്പോള്‍ റിലീസ് ഇല്ല. കൗതുകകരമായ വസ്തുത ചിത്രത്തിന്റെ ഹിന്ദി പതിപ്പിന് ഇന്ന് യുഎസ് റിലീസ് ആണ് എന്നതാണ്.
നൂറിലേറെ തിയറ്ററുകളിലാണ് യുഎസില്‍ പുഷ്പ ഹിന്ദി പതിപ്പ് ഇന്ന് പ്രദര്‍ശനം ആരംഭിക്കുന്നത്. എല്ലാ ഭാഷാ പതിപ്പുകളും ചേര്‍ത്ത് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 300 കോടിയിലേറെ നേടിയിരുന്നു. സുകുമാര്‍ സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിന്റെ ആദ്യഭാഗമാണ് പ്രദര്‍ശനത്തിനെത്തിയത്. രണ്ടാംഭാഗത്തിന്റെ റിലീസ് ഈ വര്‍ഷം ഉണ്ടാവും.
