Malayalam
തനിക്ക് ലഭിക്കുന്ന കഥാപത്രങ്ങള്ക്കൊക്കെ ഒരു തല്ലുകൊള്ളി സ്വഭാവമുണ്ട്, തുറന്ന് പറഞ്ഞ് പ്രശാന്ത് അലക്സാണ്ടര്‍
തനിക്ക് ലഭിക്കുന്ന കഥാപത്രങ്ങള്ക്കൊക്കെ ഒരു തല്ലുകൊള്ളി സ്വഭാവമുണ്ട്, തുറന്ന് പറഞ്ഞ് പ്രശാന്ത് അലക്സാണ്ടര്‍
നവാഗതനായ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രമായിരുന്നു ഓപ്പറേഷന് ജാവ. ഒ.ടി.ടി പ്ലാറ്റ്ഫോമിലും ചിത്രം ഏറെ ഹിറ്റായി മാറിയതോടെ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെപ്പറ്റിയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ചിത്രത്തിലെ ബഷീര്‍ എന്ന സൈബര്‍ സെല്‍ ഉദ്യോഗസ്ഥനായി എത്തി ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച് പ്രേക്ഷക പ്രീതി സ്വന്തമാക്കിയിരിക്കുകയാണ് പ്രശാന്ത് അലക്സാണ്ടര്‍.
ഇപ്പോഴിതാ തന്റെ സിനിമാജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് പ്രശാന്ത്. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു താരം ഇതേ കുറിച്ച് പറഞ്ഞത്. നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രങ്ങളാണ് തന്നെ തേടി അധികവും എത്തിയതെന്നാണ് പ്രശാന്ത് പറയുന്നത്. തനിക്ക് ലഭിക്കുന്ന കഥാപത്രങ്ങള്ക്കൊക്കെ ഒരു തല്ലുകൊള്ളി സ്വഭാവമുണ്ടെന്നും ഒരു നടനെന്ന നിലയില്‍ നല്ലവനായ ഒന്നും ചെയ്യാനില്ലാത്ത കഥാപാത്രങ്ങളേക്കാള്‍, തനിക്കിഷ്ടം അല്പം മോശക്കാരനെങ്കിലും എന്തെങ്കിലും ചെയ്യാനുള്ള കഥാപാത്രങ്ങളാണെന്നും പ്രശാന്ത് പറഞ്ഞു.
അവതാരകനായി കരിയര്‍ തുടങ്ങിയ പ്രശാന്ത് കഴിഞ്ഞ 19 വര്‍ഷമായി ചെറിയ ചെറിയ വേഷങ്ങളിലൂടെ സിനിമയില്‍ സജീവമാണ്. അടുത്തിടെയാണ് ശ്രദ്ധിക്കപ്പെടുന്ന നിരവധി വേഷങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയത്. വാസ്തവം, ഒരു കുപ്രസിദ്ധ പയ്യന് എന്നീ ചിത്രങ്ങള്‍ക്കു ശേഷം വി.സിനിമാസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ പത്മ ഉദയ് നിര്‍മിച്ച ചിത്രമാണ് ഓപ്പറേഷന് ജാവ. ക്യാമറ ഫായിസ് സിദ്ദീഖും എഡിറ്റിംഗ് നിഷാദ് യൂസഫും നിര്‍വഹിച്ചിരിക്കുന്നു. ജോയ് പോള്‍ എഴുതിയ വരികള്‍ക്ക് ജേക്സ് ബിജോയ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്.
രാജ്യത്ത് നടന്ന സൈബര്‍ ക്രൈമുകളുടെ പശ്ചത്തലത്തിലാണ് ചിത്രം എടുത്തിരിക്കുന്നത്. പ്രേക്ഷകരെ ഒട്ടും ബോര് അടിപ്പിക്കാതെ തന്നെ മുന്നോട്ട് കൊണ്ടു പോകാന്‍ ചിത്രത്തിനു സാധിച്ചു എന്നതാണ് ഓപ്പറേഷന് ജാവയുടെ ഒരു ഗുണമായി കാണികള്‍ പറയുന്നത്. മാത്രമല്ല. ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളും ഒന്നിനൊന്നായി മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. കുതിരവട്ടം പപ്പുവിന്റെ മകന് ബിനു പപ്പുവിന്റെയും അഭിനയത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
