Malayalam
‘ചലച്ചിത്ര രംഗത്തും ഛായാഗ്രഹണ രംഗത്തും ഒരുപോലെ ശ്രദ്ധേയമായ വ്യക്തിത്വം’; ശിവന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്
‘ചലച്ചിത്ര രംഗത്തും ഛായാഗ്രഹണ രംഗത്തും ഒരുപോലെ ശ്രദ്ധേയമായ വ്യക്തിത്വം’; ശിവന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്
പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ ശിവന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ചലച്ചിത്ര രംഗത്തും ഛായാഗ്രഹണ രംഗത്തും ഒരുപോലെ ശ്രദ്ധേയമായ വ്യക്തിത്വമായിരുന്നു ശിവന്റേത്. തിരുവനന്തപുരത്തെ ശിവന് സ്റ്റുഡിയോ നീണ്ട കാലം സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സംഗമസ്ഥാനമായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
ദേശീയ അന്തര്‍ദ്ദേശീയ അംഗീകാരങ്ങള്‍ നേടിയ സംവിധായകനും കേരളത്തിലെ ആദ്യത്തെ പ്രൊഫഷണല്‍ പ്രസ് ഫോട്ടോഗ്രാഫറുമായ ശിവന്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്തരിച്ചത്. ഇന്ന് പുലര്‍ച്ചെ തിരുവന്തപുരത്തെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഹരിപ്പാട് പടീറ്റതില്‍ വീട്ടില്‍ ഗോപാലപിള്ളയുടെയും വെട്ടുവിളഞ്ഞതില്‍ വീട്ടില്‍ ഭവാനിയമ്മയുടെയും ആറു മക്കളില്‍ രണ്ടാമനാണു ശിവന് എന്ന ശിവശങ്കരന് നായര്‍. തിരുവിതാംകൂറിലെയും തിരുകൊച്ചിയിലെയും പിന്നെ കേരളത്തിലെയും ആദ്യ ഗവ. പ്രസ് ഫൊട്ടോഗ്രഫറാണ്. നെഹ്റു മുതല്‍ ഒട്ടനവധി നേതാക്കളുടെ രാഷ്ട്രീയജീവിതം പകര്‍ത്തി. 1959ല്‍ തിരുവനന്തപുരം സ്റ്റാച്യുവില്‍ ശിവന്‍സ് സ്റ്റുഡിയോയ്ക്കു തുടക്കമിട്ടു.
ഐക്യകേരളത്തിന് മുമ്പും പിമ്പുമുള്ള ചരിത്രത്തിന്റെ ദൃക്സാക്ഷിയായ ശിവന് ആദ്യത്തെ കേരള മന്ത്രിസഭയുടെ സത്യപ്രതിജ്ഞയടക്കം നിരവധി അമൂല്യ മുഹൂര്‍ത്തങ്ങള്‍ ഒപ്പിയെടുത്ത പ്രസ് ഫോട്ടോഗ്രാഫറാണ്.
‘ചെമ്മീന്‍’ സിനിമയുടെ നിശ്ചല ചിത്രങ്ങളിലൂടെ ചലച്ചിത്രമേഖലയിലെത്തി. സ്വപ്നം, അഭയം, യാഗം, കൊച്ചുകൊച്ചു മോഹങ്ങള്‍, കിളിവാതില്‍, കേശു, ഒരു യാത്ര തുടങ്ങിവയാണ് പ്രധാന ചിത്രങ്ങള്‍. മൂന്നു തവണ ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയിട്ടുണ്ട്. ചലച്ചിത്ര പ്രവര്‍ത്തകരായ സംഗീത് ശിവന്, സന്തോഷ് ശിവന്, സഞ്ജീവ് ശിവന് എന്നിവര്‍ മക്കളാണ്.
