Malayalam
കൊച്ചിയിലെ മോഡലുകളുടെ മരണത്തിന് പിന്നില്‍ ലഹരി മാഫിയയെന്ന് സംശയം; താമസിച്ചിരുന്ന മുറിയില്‍ നിന്ന് കണ്ടെത്തിയത് കൊടും ലഹരികള്‍; അന്വേഷണം ആരംഭിച്ച് പോലീസ്
കൊച്ചിയിലെ മോഡലുകളുടെ മരണത്തിന് പിന്നില്‍ ലഹരി മാഫിയയെന്ന് സംശയം; താമസിച്ചിരുന്ന മുറിയില്‍ നിന്ന് കണ്ടെത്തിയത് കൊടും ലഹരികള്‍; അന്വേഷണം ആരംഭിച്ച് പോലീസ്
കൊച്ചിയില്‍ കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയ യൂട്യൂബ് വ്ലോഗറും മോഡലുമായ നേഹയുടെ മരണത്തിലെ പുതിയ കണ്ടെത്തലുകളില്‍ ഞെട്ടിയിരിക്കുകയാണ് മലയാളികള്‍. ഫെബ്രുവരി 28 നായിരുന്നു കണ്ണൂര്‍ സ്വദേശിനിയായ നേഹയെ കൊച്ചി പോണേക്കരയിലെ ഫ്ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അപ്പാര്‍ട്ട്മെന്റിലെ ഒരു മുറിയിലെ ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
വിവാഹിതയായിരുന്ന നേഹ ഏറെ നാളുകളായി ഭര്‍ത്താവുമായി അകന്നാണ് താമസം. ആറ് മാസങ്ങള്‍ക്ക് മുന്‍പായിരുന്നു നേഹ കൊച്ചിയിലെത്തിയത്. ഇക്കാലയളവില്‍ നേഹ സുഹൃത്തായ സിദ്ധാര്ഥിനൊപ്പമായിരുന്നു താമസം. സിദ്ധാര്‍ഥുമായി അടുപ്പത്തിലായിരുന്ന നേഹ ഇയാള്‍ വിവാഹം കഴിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ നാട്ടില്‍ പോയ സിദ്ധാര്‍ഥ് വിവാഹത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. നേഹ മരിച്ച ദിവസം സിദ്ധാര്‍ഥ് കാസര്‍ഗോഡായിരുന്നു. ഇരുവരുടേയും സുഹൃത്ത് മുഹമ്മദ് സനൂജിനെ നേഹയ്ക്കൊപ്പം നിര്‍ത്തിയിട്ടാണ് സിദ്ധാര്‍ഥ് പോയത്. പുറത്തേക്ക് പോയി വന്നപ്പോള്‍ നേഹയെ തൂങ്ങിയ നിലയില്‍ കാണുകയായിരുന്നുവെന്നാണ് സനൂജ് പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.
സംഭവത്തില്‍ എളമക്കര പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ തുടങ്ങുന്നതിനിടെയാണ് കാസര്‍ഗോഡ് സ്വദേശിയായ അബ്ദുല്‍ സലാം ഫ്ലാറ്റിലേക്ക് വരുന്നത്. ഇയാളുടെ വെപ്രാളം കണ്ട് സംശയം തോന്നിയ പൊലീസ് വാഹനം പരിശോധിക്കുകയും എട്ട് ഗ്രാം എംഡിഎംഎയും ടാബ്ലറ്റും പിടിച്ചെടുത്തെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 380 ഗ്രാം വെള്ള ഉപ്പ് പരുവത്തിലുള്ള എംഡിഎംഎയും പിടിച്ചെടുത്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പിന്നീട് പൊലീസ് ചോദ്യം ചെയ്തപ്പോള്‍ അബ്ദുല്‍ സലാം ഫ്ലാറ്റില്‍ സ്ഥിരമായി ലഹരിമരുന്ന് എത്തിച്ചിരുന്നതായി വ്യക്തമായതായും റിപ്പോര്‍ട്ടുകളുണ്ട്.
ഫ്ലാറ്റിനുള്ളില്‍ നിന്നും ലഹരി മരുന്ന് കണ്ടെത്തിയിരുന്നു. നേഹയുടെ മരണത്തില്‍ ലഹരി മരുന്ന് മാഫിയയ്ക്ക് എന്തെങ്കിലും ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. അബ്ദുല്‍ സലാമിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. അതോടൊപ്പം നേഹയുടെയും സിദ്ധാര്ഥിന്റെയും ഫോണുകള്‍ ശാസ്ത്രീയ പരിശോധനകള്‍ക്കും വിധേയമാക്കും.
നേഹയുടെ മരണം ആത്മഹത്യയാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞെങ്കിലും അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങി. അതേസമയം സിദ്ധാര്‍ഥിനും നേഹയ്ക്കുമിടയില്‍ പ്രശ്നങ്ങള്‍ നിലനിന്നിരുന്നതായും സൂചനയുണ്ട്. നേഹയുമായി വഴക്ക് നടന്ന അന്നാണ് സിദ്ധാര്‍ഥ് നാട്ടിലേക്ക് പോയത്. ഈ സാഹചര്യത്തില്‍ ഇരുവരുടേയും ഫോണുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.
മരിക്കുന്നതിന് മുന്‍പ് നേഹ സിദ്ധാര്‍ഥിന് അയച്ച മെസേജുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ മറ്റ് സുഹൃത്തുക്കളേയും ചോദ്യം ചെയ്യും. മരിക്കുന്നതിന് മുന്‍പ് നേഹ സുഹൃത്തുക്കള്‍ക്ക് സന്ദേശമയച്ചിരുന്നു. ഇതിന് ശേഷമാണ് നേഹ ആത്മഹത്യ ചെയ്തതെന്നാണ് സുഹൃത്തുക്കള്‍ സംശയിക്കുന്നത്. ആത്മഹത്യ ചെയ്യാന്‍ പോകുന്നുവെന്ന് പറഞ്ഞ് സുഹൃത്തുക്കളില്‍ ചിലര്‍ക്ക് നേഹ സന്ദേശമയച്ചിരുന്നുവെന്ന് പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്.
