News
‘കാലം എത്ര പെട്ടെന്നാണ് പോവുന്നത്,’; നദിയ മൊയ്തുവിനൊപ്പം നില്ക്കുന്ന ഈ താരങ്ങളെ മനസ്സിലായോ!; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
‘കാലം എത്ര പെട്ടെന്നാണ് പോവുന്നത്,’; നദിയ മൊയ്തുവിനൊപ്പം നില്ക്കുന്ന ഈ താരങ്ങളെ മനസ്സിലായോ!; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
ഇന്നും ഏറെ ആരാധകരുള്ള താരമാണ് നദിയ മൊയ്തു. ഫാസില്‍ സംവിധാനം ചെയ്ത നോക്കത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിലൂടെയാണ് നടി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്.
ഇപ്പോഴിതാ താരം പങ്കുവെച്ച ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നോക്കത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തില്‍ നദിയയ്ക്കൊപ്പം ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്ന മൂന്ന് ബാലതാരങ്ങളെ പ്രേക്ഷകര്‍ മറക്കാനിടയില്ല. ഇതില്‍ രണ്ട് പേര്‍ക്കൊപ്പമുള്ള ഒരു ചിത്രമാണ് നാദിയ പങ്കുവച്ചിരിക്കുന്നത്.
സമീര്‍, ആസിഫ് എന്നിവരാണ് ചിത്രത്തില്‍ ബാലതാരങ്ങളായി എത്തിയിരുന്നത്. ”ചില ചിത്രങ്ങളിലൂടെ ഓടിച്ച് നോക്കിയപ്പോള്‍ ഇത് കണ്ടെത്തി. നോക്കത്താ ദൂരത്ത് കണ്ണും നട്ട് എന്ന സിനിമയിലെ എന്റെ കൂട്ടാളികള്‍. സമീറും ആസിഫും. കാലം എത്ര പെട്ടെന്നാണ് പോവുന്നത്,” എന്ന അടിക്കുറിപ്പോടെയാണ് നാദിയ ചിത്രം പങ്കുവച്ചിരിക്കുന്നത്.
1984 ലാണ് ഫാസിലിന്റെ തന്നെ കഥയില്‍ നോക്കെത്താ ദൂരത്ത് പുറത്തിറങ്ങിയത്. 36 വര്‍ഷങ്ങള്‍ക്കിപ്പുറവും നാദിയ അവതരിപ്പിച്ച ഗേളി എന്ന കഥാപാത്രത്തിന് ആരാധകര്‍ ഏറെയാണ്. കുരുത്തക്കേടും കുസൃതിയുമായാണ് ഗേളിയും കൂട്ടുകാരും മലയാളികളുടെ ഹൃദയത്തില്‍ ഇടം നേടിയത്.
സംവിധാനം മാത്രമല്ല, കഥയും ഫാസില്‍ തന്നെയായിരുന്നു. മോഹന്‍ലാല്‍ നായകനായി എത്തിയ ചിത്രത്തില്‍ പത്മിനി, ഉമ്മര്‍, തിലകന്, സുകുമാരി, നെടുമുട് വേണു തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്. അതേസമയം, കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണ് നാദിയ ഇപ്പോള്‍. ദൃശ്യം 2 ന്റെ തെലുങ്ക് റീമേയ്ക്കിലും മമ്മൂട്ടിക്കൊപ്പം ഭീഷ്മപര്‍വത്തിലും വേഷമിടുന്നുണ്ട്.
