News
മിസ്റ്റര്‍ ബീന്‍ കാര്‍ അപകടത്തില്‍ മരണപ്പെട്ടുവെന്ന് വാര്‍ത്ത!; സത്യാവസ്ഥ അറിയാതെ ആശങ്കയിലായി ലോകമെമ്പാടുമുള്ള ആരാധകര്‍
മിസ്റ്റര്‍ ബീന്‍ കാര്‍ അപകടത്തില്‍ മരണപ്പെട്ടുവെന്ന് വാര്‍ത്ത!; സത്യാവസ്ഥ അറിയാതെ ആശങ്കയിലായി ലോകമെമ്പാടുമുള്ള ആരാധകര്‍
മിസ്റ്റര്‍ ബീന്‍ കഥാപാത്രത്തിന് ജീവന്‍ പകര്‍ന്ന അതുല്യ പ്രതിഭ റൊവാന്‍ ആറ്റ്കിന്‍സണിന് ഭാഷയുടെയും ദേശത്തിന്റെയും അതിര്‍ വരമ്പുകള്‍ ഭേദിച്ച് ലോകമനസുകള്‍ കീഴടക്കാന്‍ നിഷ്പ്രയാസം സാധിച്ചു. മണ്ടത്തരങ്ങള്‍ കാട്ടി കാഴ്ചക്കാരെ ചിരിപ്പിക്കുന്ന മിസ്റ്റര്‍ ബീനിനെ ഇഷ്ടപ്പെടുന്നവരില്‍ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുണ്ട്. കുറവുകളെ നിറവുകളാക്കിയ പ്രതിഭയാണ് റൊവാന്‍ ആറ്റ്കിന്‍സണ്‍. ലോകത്തെമ്പാടുമായി കോടിക്കണിക്കിന് ആരാധകരുള്ള റൊവാന്‍ മരിച്ചുവെന്ന തരത്തില്‍ ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ട ട്വീറ്റുകളാണ് ഇപ്പോള്‍ ആരാധകരെ ആശങ്കയിലാഴ്ത്തിയിരിക്കുന്നത്.
എന്നാല്‍ മരിച്ചുവെന്ന തരത്തില്‍ പ്രചരിക്കുന്ന ട്വീറ്റുകളില്‍ യാതൊരു കഴമ്പുമില്ലെന്നാണ് വ്യക്തമാകുന്നത്. 2017ല്‍ ഫോക്‌സ് ന്യൂസിന്റെ ഹാന്‍ഡിലില്‍ പ്രത്യക്ഷപ്പെട്ട വ്യാജ വാര്‍ത്തയുടെ ഭാഗമാണ് ഇപ്പോള്‍ മിസ്റ്റര്‍ ബീന്‍ മരിച്ചുവെന്ന തരത്തില്‍ പ്രചരിക്കുന്ന ട്വീറ്റുകളുമെന്നാണ് ഹോളിവുഡ് അറിയിക്കുന്നത്. റൊവന്‍ അറ്റ്കിന്‍സണ്‍ ഒരു കാര്‍ അപകടത്തില്‍ മരിച്ചുവെന്നാണ് ട്വീറ്റ് അവകാശപ്പെട്ടിരുന്നത്. താരത്തിന്റെ മരണവാര്‍ത്ത അറിയിച്ചുകൊണ്ടുള്ള ട്വീറ്റ് തുറക്കുമ്പോള്‍ ഒരു പേജിലേക്ക് റീഡയറക്ട് ചെയ്യപ്പെടുകയാണ് ചെയ്യുന്നത്. പേജ് തുറന്ന് വരുമ്പോള്‍ ഒരു ഫോണ്‍ നമ്പര്‍ ഡയല്‍ ചെയ്യാന്‍ പറയുന്നതും കാണാം. അതിനാല്‍ തന്നെ സോഷ്യല്‍മീഡിയ ഉപയോക്താക്കളെ കബിളിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സാമൂഹ്യവിരുദ്ധര്‍ ഉണ്ടാക്കിയതാകാം താരത്തിന്റെ മരണത്തെ കുറിച്ചുള്ള ട്വീറ്റ്.
പലപ്പോഴും സിനിമാ താരങ്ങളും സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും ഇത്തരത്തിലുള്ള വ്യാജ മരണവാര്‍ത്തകളുടെ ഇരകളാകാറുണ്ട്. അവയില്‍ പുതിതായി ചേര്‍ക്കപ്പെട്ട പേരാണ് റൊവാന്‍ ആറ്റ്കിന്‍സണിന്റേത്. അഭിനയത്തോടുള്ള അടങ്ങാത്ത അഭിനിവേശം കൊണ്ട് കലാരംഗത്ത് എത്തിയ വ്യക്തിയാണ് റൊവാന്‍ ആറ്റ്കിന്‍സണ്‍. തന്റെ പരിമിതികളില്‍ ഭയന്ന് സമൂഹത്തില്‍ നിന്നും മാറിനില്‍ക്കുന്നവര്‍ക്ക് എന്നും പ്രചോദനമാണ് റൊവാന്‍ ആറ്റ്കിന്‍സണ്‍ എന്ന പ്രതിഭയുടെ ജീവിതം. സംസാരത്തിലെ വിക്കും ശരീരപ്രകൃതിയും അഭിനയത്തിന് തടസമായപ്പോഴും സിനിമാ മോഹവുമായി ലൊക്കേഷനുകളില്‍ എത്തുമ്പോള്‍ പലരും അദ്ദേഹത്തെ കളിയാക്കി പറഞ്ഞയച്ചിരുന്നു. എന്നാല്‍ തോറ്റുകൊടുക്കാന്‍ റൊവാന്‍ തയാറായിരുന്നില്ല. ഒടുവില്‍ തന്റെ കുറവുകളെയെല്ലാം ഒരുമിച്ച് ചേര്‍ത്ത് മിസ്റ്റര്‍ ബീന്‍ എന്ന കഥാപാത്രത്തെ റൊവാന്‍ സൃഷ്ടിച്ചു.
മിസ്റ്റര്‍ ബീന്‍ എന്ന കഥാപാത്രം കാട്ടിക്കൂട്ടുന്ന മണ്ടത്തരങ്ങള്‍ തോല്‍ക്കാന്‍ മനസില്ലാത്ത റൊവാന്‍ ആറ്റ്കിന്‍സണിന്റെ ബുദ്ധിപരമായ തീരുമാനത്തില്‍ നിന്നും ഉടലെടുത്തതാണ്. തന്റെ പരിമിതികളെ മറികടക്കാന്‍ തനിക്ക് ഇണങ്ങുന്ന കഥാപാത്രത്തിന് റൊവാന്‍ രൂപം കൊടുത്തപ്പോള്‍ ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ ആ കഥാപാത്രത്തെ ഏറ്റെടുക്കുകയായിരുന്നു. ‘മുതിര്‍ന്ന മനുഷ്യന്റെ ശരീരമുള്ള കുട്ടി’ എന്നാണ് റൊവാന്‍ മിസ്റ്റര്‍ ബീന്‍ കഥാപാത്രത്തെ വിശേഷിപ്പിക്കുന്നത്. 1955 ജനുവരി ആറിന് ഇംഗ്ലണ്ടിലെ ഒരു സമ്പന്ന കര്‍ഷക കുടുംബത്തിലാണ് റൊവാന്‍ ജനിച്ചത്. ഇംഗ്ലണ്ടില്‍ തന്നെയായിരുന്നു റൊവാന്റെ പ്രാഥമിക വിദ്യാഭ്യാസം. അന്തര്‍മുഖനായിരുന്നുവെങ്കിലും പഠനത്തില്‍ കേമനായിരുന്നു.
ഇലക്ട്രിക്കല്‍ എഞ്ചിനീയറിങില്‍ ബിരുദനന്തര ബിരുദം നേടിയിട്ടുണ്ട്. ആദ്യം ഒരു കോമിക് ട്രൂപ്പില്‍ റൊവാന്‍ അംഗമായിരുന്നു. വിക്ക് മൂലം ട്രൂപ്പില്‍ നിന്നും പുറത്തായി. പിന്നീടാണ് സ്വന്തമായി ഒരു കഥാപാത്രത്തെ അതായത് മിസ്റ്റര്‍ ബീനിനെ റൊവാന്‍ സൃഷ്ടിച്ചത്. വാക്കുകളെക്കാള്‍ കൂടുതല്‍ ശരീര ഭാഷകൊണ്ട് സംസാരിക്കുന്ന കഥാപാത്രമാണ് മിസ്റ്റര്‍ ബീന്‍. മിസ്റ്റര്‍ ബീന്‍ സീരിസ് ആനിമേറ്റഡ് കാര്‍ട്ടൂണ്‍ രൂപത്തിലും പുറത്തിറങ്ങിയിരുന്നു. 1983ല്‍ ബോണ്ട് ചിത്രമായ ‘നെവര്‍ സെ നെവര്‍ എഗൈനി’ലും റൊവാന്‍ അഭിനയിച്ചിട്ടുണ്ട്. ജീവിതത്തില്‍ ചെറിയ പ്രതിസന്ധികളില്‍ പോലും തളര്‍ന്ന് പോകുന്നവര്‍ക്ക് വലിയ പ്രചോദനമാണ് റൊവാന്‍ ആറ്റ്കിന്‍സണിന്റെ ജീവിതം.
