Malayalam
ലാലേട്ടനും മമ്മൂക്കയും ഇന്ന് ജിമ്മിട്ടും ഗുഹനും ഒക്കെയായി വിളയാടുന്ന സ്ഥലത്ത് നാളെ മോഹന്‍ലാല്‍ വെറും ഹിന്ദുവും, മമ്മൂട്ടി വെറും മുസ്ലിമും ആയി മാറും, നടന്‍ എന്നൊരു ഐഡന്റിറ്റി തന്നെ അവരില്‍ നിന്ന് പറിച്ചു മാറ്റപ്പെടും; സോഷ്യല്‍ മീഡിയയില്‍ വൈറലായി കുറിപ്പ്
ലാലേട്ടനും മമ്മൂക്കയും ഇന്ന് ജിമ്മിട്ടും ഗുഹനും ഒക്കെയായി വിളയാടുന്ന സ്ഥലത്ത് നാളെ മോഹന്‍ലാല്‍ വെറും ഹിന്ദുവും, മമ്മൂട്ടി വെറും മുസ്ലിമും ആയി മാറും, നടന്‍ എന്നൊരു ഐഡന്റിറ്റി തന്നെ അവരില്‍ നിന്ന് പറിച്ചു മാറ്റപ്പെടും; സോഷ്യല്‍ മീഡിയയില്‍ വൈറലായി കുറിപ്പ്
കഴിഞ്ഞ കുറച്ച് അധികം വര്‍ഷങ്ങളായി കോവിഡിന്റെ പിടിയിലകപ്പെട്ട് തിയേറ്ററുകളെല്ലാം അടഞ്ഞു കിടക്കുകയായിരുന്നു. എന്നാല്‍ വീണ്ടും തിയേറ്ററുകള്‍ സജീവമാകുമ്പോള്‍ സിനിമയെ നെഞ്ചിലേറ്റിയ മലയാളികള്‍ക്ക് അതൊരു ആഘോഷം തന്നെയാണ്. ബിഗ് ബജറ്റ് സിനിമകളടക്കം നിരവധി ചിത്രങ്ങളാണ് റിലീസിനെത്തുന്നത്. ഇനിയും റിലീസ് കാത്ത് നിരവധി സിനിമകളാണ് അണിയറയില്‍ ഒരുങ്ങുന്നത്. മോഹന്‍ലാലിന്റെ മരക്കാര്‍ അറബിക്കടലിന്റെ സിംഹം ആണ് ഏറ്റവുമൊടുവില്‍ റിലീസിനെത്തിയ ചിത്രം.
എന്നാല്‍ ചിത്രം റിലീസിനെത്തിയതു മുതല്‍ ചിത്രത്തിനെതിരെ നിരവധി മോശം അഭിപ്രായങ്ങളാണ് എത്തിയത്. എന്നാല്‍ ഇപ്പോഴിതാ സിനിമാസ്വാദരകരുടെ ഗ്രൂപ്പില്‍ വന്ന കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ‘മമ്മൂട്ടി വയസ്സ് എഴുപത്, മോഹന്‍ലാല്‍ വയസ്സ് അറുപതിയൊന്ന്. മമ്മൂട്ടിയുടെ ആദ്യത്തെ പടം ചെയ്യുന്നത് 1971 ല്‍, മോഹന്‍ലാലിന്റെ ആദ്യത്തെ പടം ചെയുന്നത് 1978 ല്‍ അതായത് യഥാക്രമം അന്‍പത് വര്‍ഷങ്ങളും നാല്‍പതു വര്‍ഷങ്ങളും കഴിഞ്ഞിരിക്കുന്നു നമ്മുടെ മഹാനടന്മാര്‍ ഈ കരിയര്‍ ആരംഭിച്ചിട്ട്. ചുരുക്കിപ്പറഞ്ഞാല്‍ ഇന്ന് ഫാന്‍സാണേ എന്ന് പറഞ്ഞു സാമൂഹിക മാധ്യമങ്ങളില്‍ പൊങ്ങി നടക്കുന്നവരില്‍ 80% ശതമാനം ആള്‍ക്കാര്‍ക്കും അവരുടെ എക്സ്പീരിയന്‍സിന്റെ പകുതിയായിരിക്കും പ്രായം എന്ന് സാരം. ആരെയും പഠിപ്പിക്കാന്‍ ഞാനാളല്ല, പക്ഷേ കാര്യങ്ങള്‍ ചിലത് പറയാനുണ്ട് കൊള്ളേണ്ടവര്‍ക്ക് കൊള്ളാം, തള്ളേണ്ടവര്‍ക്ക് തള്ളാം.
കാലങ്ങളായി ഇപ്പോഴുള്ള ആചാരമാണ് മമ്മൂട്ടിയുടെ പടം വരുമ്പോള്‍ മോഹന്‍ലാലിന്റെ ഫാന്‍സ് മോശം പറയുന്നതും, മോഹന്‍ലാലിന്റെ പടം വരുമ്പോള്‍ മമ്മൂട്ടി ഫാന്‍സ് മോശം പറയുന്നതും. ഇവിടെ മരക്കാര്‍ കൂടി ഇറങ്ങിയപ്പോള്‍ അതിന്റെ മാക്സിമത്തില്‍ എത്തിയിട്ടുണ്ട്. എങ്ങനെയൊക്കെ ഫാന്‍സ് ആവാന്‍ പാടില്ലായിരിക്കോ അതിന്റെ അതിരു കടന്നിട്ടുണ്ട്. ഇത്തവണ ഫാന്‍സ് അതില്‍ മേജര്‍ ഷെയര്‍ മമ്മൂട്ടി ഫാന്‍സിനുണ്ട്. എന്താലെ മലയാളം അല്ല ലോകം കണ്ട നടന്മാരില്‍ ഒരാള്‍ക്ക് അഭിമാനിക്കാന്‍ പറ്റിയ വകകള്‍ ഉണ്ടാക്കി വെച്ചിട്ടുണ്ട്. പോസ്റ്റിലെ രണ്ട് ഫോട്ടോസ് ഉണ്ട്, രണ്ട് പേരുടെയും പടത്തില്‍ അവരുടെ കഥാപാത്രങ്ങള്‍ ഇമോഷണല്‍ ആവുന്ന ഒരു മൊമെന്റ്, രണ്ടിലും ഇവര്‍ അലറുന്നില്ല. നിമിഷ നേരം കൊണ്ട് കണ്ണുകളിലൂടെ പറയുന്നുണ്ട് ആ നിമിഷത്തെ വികാരം
ഇങ്ങനെ എണ്ണിയാല്‍ ഒടുങ്ങാത്ത അത്രയും അഭിനയ മുഹൂര്‍ത്തങ്ങള്‍ ഇവര്‍ നമുക്ക് സമ്മാനിച്ചിട്ടുണ്ട്. അതില്‍ ഇനിയും സംശയമുള്ളവര്‍ ഇവരുടെ പടങ്ങളിരുന്ന് കാണണ്ട ആവശ്യമൊന്നുമില്ല, വര്‍ഷാവര്‍ഷം ഇവരുടെ പിറന്നാളിന് ഇറങ്ങാറുള്ള സ്പെഷ്യല്‍ വീഡിയോസ് കണ്ടാല്‍ മതി അവരുടെ വലുപ്പം അറിയാന്‍. എല്ലാ കച്ചവടക്കാരെയും പോലെ അവരും, അവരുടെ ചിത്രങ്ങളിറങ്ങുമ്പോള്‍ അത് പരമാവധി വിജയിക്കാന്‍ അവര്‍ കഴിവതും ശ്രമിക്കും, പൈസ കൊടുത്തു കാണുന്ന നമ്മള്‍ക്ക് അത് മോശമാണെങ്കിലും നല്ലതാണെങ്കിലും പറയാനുള്ള അവകാശവുമുണ്ട്. പക്ഷേ കുറച്ചു നാളുകളായിട്ട് സഭ്യത എന്നത് അടുത്തു കൂടെ പോവാത്ത തരത്തില്‍ അധഃപതിച്ചു പോയി. അതൊരു ഇന്‍ഡസ്ട്രിയേ തന്നെ വലിച്ചു താഴെയിടാന്‍ പാകത്തില്‍ ആയി. വ്യാജപതിപ്പുകള്‍ ഒക്കെ ഇതിന്റെ പേരില്‍ പങ്കുവെയ്ക്കുക എന്ന് പറഞ്ഞാല്‍ അത്രയും വലിയ കുറ്റം ചെയ്യേണ്ട ആവശ്യകത എന്താണ്.
തങ്ങളുടെ ബിസിനസ് ജയിക്കാന്‍ തങ്ങളുടെ സിനിമയാണ് ഏറ്റവുമുയര്‍ന്ന കളക്ഷന്‍ നേടുന്നത് എന്ന് മത്സരിച്ചു പരസ്യം ചെയ്യാന്‍ നിര്‍മാതാക്കള്‍ അടക്കം തുടങ്ങിയപ്പോള്‍ നഷ്ടമായത് നല്ല ചിത്രങ്ങളെ നല്ലതെന്നും, മോശം ചിത്രങ്ങളെ മോശമെന്നും പറയാനുള്ള കഴിവാണ്. ഇപ്പോള്‍ നല്ലതായാലും മോശമായാലും സാരമില്ല എന്തും എങ്ങനെയും നശിപ്പിക്കാന്‍ നോക്കുക എന്നൊരു മാനസികാവസ്ഥ ഉണ്ടായിട്ടുണ്ട് പലര്‍ക്കും. സംഭവം കേള്‍ക്കുന്നതോ പറയുന്നതോ ശുഭമല്ല, എന്നാലും പറയുന്നു നാളെ ഇവരില്‍ ഒരാള്‍ ഇല്ലാതെയാകുന്ന ആ കാലം വരുമ്പോള്‍ ഞങ്ങളുടെ ഹൃദയത്തിലുണ്ടായിരുന്നു. ഇഷ്ടമായിരുന്നു, അഭിമാനമായിരുന്നു, എന്നൊക്കെ പറഞ്ഞ പോസ്റ്റിടാനും ഹാഷ്ടാഗ് ഇട്ടു മുതലകണ്ണീര്‍ ഒഴുക്കീട്ട് കാര്യമുണ്ടാവില്ല.
എനിക്കുമുണ്ട് സുഹൃത്തുക്കള്‍, മമ്മൂട്ടി ഫാന്‍ ആയ എനിക്ക് മോഹന്‍ലാല്‍ ഫാന്‍സ് സുഹൃത്തുക്കളും ഉണ്ട്. തമ്മില്‍ കളിയാക്കാറുണ്ട്, മോശം പടങ്ങള്‍ വരുമ്പോള്‍ നല്ല അന്തസ്സായി തന്നെ. എന്നാലും പലപടങ്ങള്‍ക്കും ഞങ്ങളൊരുമിച്ച് പോയി കണ്ടിട്ടുമുണ്ട്. എന്നാലും ഞങ്ങളുടെ ഇടയില്‍ ഈ ജിമ്മിട്ടോളി ഗുഹനോളി എന്ന് വിളിപ്പേരുകള്‍ ഒരിക്കല്‍ പോലും ഉണ്ടായിട്ടുമില്ല. ഈ കേട്ടാല്‍ പുച്ഛം തോന്നുന്ന പേരുകള്‍ ഈ വലിയ നടന്മാര്‍ക്ക് ആര് ആദ്യം കൊടുത്തു എന്നിനിയാലോചിക്കുന്നതില്‍ അര്‍ത്ഥമില്ല കാരണം ഇന്ന് അത് വൈറസ് പോലെ എല്ലാവരിലും പടര്‍ന്നു പന്തലിച്ചുപോയി. ഒരു മനസ്സാക്ഷിയുമില്ലാതെ അവരുടെ ശാരീരിക പരിമിതികളെയൊക്കെ അവഹേളിക്കുന്നത് കാണുമ്പോള്‍ ഒരുപാട് വിഷമം ഉണ്ട്. അതില്‍ ഫേസ്ബുക് വഴിയുള്ള സുഹൃത്തുക്കള്‍ ധാരാളമായി ചെയുന്നത് കാണുന്നുമുണ്ട്.
ഇങ്ങനെ ചെയ്യുന്നതില്‍ എന്ത് ആനന്ദമാണ് കാണുന്നത്, മമ്മൂട്ടിയോ മോഹന്‍ലാലോ ഇത് കണ്ടു സന്തോഷിക്കും എന്ന് തോന്നുണ്ടോ? ഇച്ചാക്ക എന്നും എന്റെ ലാലു എന്നും പരസ്പരം വിളിച്ചു ബഹുമാനിക്കുന്ന അവര്‍ക്ക് ചുറ്റുമുള്ള ഉപജാപകര്‍ക്ക് ഇതൊക്കെ കാണുമ്പോള്‍ ഒരു ഹരം തോന്നുണ്ടാവാം ആ ഹരം ആളിക്കത്തിക്കാന്‍ താല്‍പര്യവുമുണ്ടാവാം. പക്ഷേ അങ്ങനെ ചെയ്യുമ്പോള്‍ മറന്നു പോവുന്ന ഒരു കാര്യമുണ്ട്. മലയാള സിനിമ വ്യവസായത്തെ അതില്‍ വിശ്വസിച്ചു ജീവിക്കുന്നവരെ അത് എത്ര ഭീകരമായി ബാധിക്കുന്നു എന്നത്. അല്ല അച്ഛന്റെയും മുത്തശ്ശന്റെയും പ്രായമുള്ളവരെ അവഹേളിക്കുന്ന ആളുകള്‍ക്ക്, സിനിമ വ്യവസായം ഉയര്‍ന്നാല്‍ എന്ത് തളര്‍ന്നാല്‍ എന്ത്.
ഇത്തിരി പൗരബോധം സിനിമാസ്വാദനത്തിലും കാണിക്കാമെന്നേ, ഒന്നുമില്ലേല്‍ തലമുറകളായി നമ്മളെ സിനിമ ആസ്വദിക്കാന്‍ പഠിപ്പിച്ചവരല്ലേ. വിമര്‍ശനം പോരെ, അധിക്ഷേപം വേണോ, ഒരു തരത്തില്‍ ഇതൊരു യുദ്ധമൊന്നുമല്ലലോ ഇതില്‍ നിന്ന് ആര്‍ക്കുമൊരു ജീവഹാനിയും ഉണ്ടാവുന്നില്ലലോ ഇങ്ങനെ അങ്ങനെയൊക്കെ ചവിട്ടി തേക്കാന്‍. ഇത് വീണ്ടും പറയാന്‍ കാരണം, സിനിമയെ ബാധിക്കാത്ത ഒരു വസ്തു കൂടി ഇപ്പോള്‍ ഉയര്‍ന്നു വന്നു തുടങ്ങി, മതം. ലാലേട്ടനും മമ്മൂക്കയും ഇന്ന് ജിമ്മിട്ടും ഗുഹനും ഒക്കെയായി വിളയാടുന്ന സ്ഥലത്ത് നാളെ മോഹന്‍ലാല്‍ വെറും ഹിന്ദുവും, മമ്മൂട്ടി വെറും മുസ്ലിമും ആയി മാറും, നടന്‍ എന്നൊരു ഐഡന്റിറ്റി തന്നെ അവരില്‍ നിന്ന് പറിച്ചു മാറ്റപ്പെടും.
