Malayalam
മിന്നല്‍ മുരളിയിലെ ബാലതാരം അവാന് ബോളിവുഡിലേയ്ക്ക്; അരങ്ങേറ്റം മനോജ് ബാജ്പേയി ചിത്രത്തില്‍
മിന്നല്‍ മുരളിയിലെ ബാലതാരം അവാന് ബോളിവുഡിലേയ്ക്ക്; അരങ്ങേറ്റം മനോജ് ബാജ്പേയി ചിത്രത്തില്‍
ഏറെ പ്രേക്ഷക പ്രീതി സ്വന്തമാക്കിയ ‘മിന്നല്‍ മുരളി’ എന്ന ചിത്രത്തില്‍ നടന് ടൊവിനോ തോമസിന്റെ കുട്ടിക്കാലം അവതരിപ്പിച്ച ബാലതാരം ബോളിവുഡിലേയ്ക്ക് കടക്കുന്നു. കോഴിക്കോട് സ്വദേശിയാണ് അവാന്. സംവിധായകന് റാം റെഡ്ഡിയുടെ ‘പഹാടോം മേം’ എന്ന ഹിന്ദി ചിത്രത്തില്‍ അഭിനയിക്കാനുള്ള അവസരം തേടിയെത്തിയ സന്തോഷത്തിലാണ് ഈ കൊച്ചു മിടുക്കന്.
മനോജ് ബാജ്പേയിയാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദുബായില്‍ കെ.ജി. വിദ്യാര്‍ഥിയായിരിക്കെ അവതാരകനായാണ് അവാന് കലാരംഗത്തേയ്ക്ക് ചുവടുവെച്ചത്. പിന്നീട് ‘ജിമ്മി ഈ വീടിന്റെ ഐശ്വര്യം’ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്ത് ചുവടുറപ്പിച്ചു.
ബ്രിട്ടാനിയ ബിസ്കറ്റിന്റെ പരസ്യത്തില്‍ അവാന് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. തുടര്‍ന്നാണ് ‘മിന്നല്‍ മുരളി’യിലെ കുഞ്ഞു ജെയ്സണായി തിളങ്ങിയത്. യൂട്യൂബില്‍ വീഡിയോ കണ്ട സംവിധായകന് ബേസില്‍ ജോസഫ് തന്റെ ചിത്രത്തിലേക്ക് അവാനെ തിരഞ്ഞെടുക്കുകയായിരുന്നു.
കലാരംഗത്ത് ചുവടുറപ്പിച്ചതോടെ തുടര്‍വിദ്യാഭ്യാസം രക്ഷിതാക്കള്‍ മുന്‍കൈയെടുത്ത് കോഴിക്കോട്ടേക്ക് മാറ്റി. അവതരിപ്പിച്ച കഥാപാത്രങ്ങളെല്ലാം ഹിറ്റായതോടെ കൂടുതല്‍ അവസരങ്ങളാണ് ഇപ്പോള്‍ ഈ ബാലതാരത്തെ തേടിയെത്തുന്നത്. ദുബായ് ആരോഗ്യമേഖലയില്‍ ജോലിചെയ്യുന്ന കോഴിക്കോട് നടക്കാവ് വണ്ടിപ്പേട്ട സഹീര്‍ പൂക്കോട്ടൂരിന്റെയും റോഷ്നയുടെയും മകനാണ് എട്ടുവയസ്സുള്ള അവാന്.
