Malayalam
ഇതെല്ലാം മോഹന്‍ലാലിന്റെ ബുദ്ധിപൂര്‍വ്വമായ നീക്കമാണ്, അല്ലാതെ ആന്റണി ഒറ്റയ്ക്ക് ഈ തീരുമാനം എടുക്കില്ല; മാനഷ്ടക്കേസ് വന്നാലും എനിക്ക് ഇത് പറയാതിരിക്കാന്‍ കഴിയില്ലെന്ന് സംവിധായകന്‍
ഇതെല്ലാം മോഹന്‍ലാലിന്റെ ബുദ്ധിപൂര്‍വ്വമായ നീക്കമാണ്, അല്ലാതെ ആന്റണി ഒറ്റയ്ക്ക് ഈ തീരുമാനം എടുക്കില്ല; മാനഷ്ടക്കേസ് വന്നാലും എനിക്ക് ഇത് പറയാതിരിക്കാന്‍ കഴിയില്ലെന്ന് സംവിധായകന്‍
മലയാളി പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാലിനെ നായകനാക്കി ആന്റണി പെരുമ്പാവൂര്‍ സംവിധാനം ചെയ്ത മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം. ഈ ബിഗ്ബജറ്റ് ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച കാര്യങ്ങള്‍ കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യല്‍ മീഡിയയിലും വാര്‍ത്തകളിലും നിറഞ്ഞ് നില്‍ക്കുകയായിരുന്നു. ഒടിടിയിലേയ്ക്കോ തിയേറ്ററിലേയ്ക്കോ എന്നുള്ള ചര്‍ച്ചയ്ക്കൊടുവില്‍ ചിത്രം ഒടിടിയിലേയ്ക്ക് തന്നെ എത്തപ്പെട്ടു. നിരവധി പ്രേക്ഷകരാണ് ചിത്രം ഒടിടിയ്ക്ക് നല്‍കരുതെന്ന വാദവുമായി രംഗത്തെത്തിയത്. എന്നാല്‍ ഏവരുടെയെല്ലാം ആവശ്യം പാടെ തള്ളിക്കളഞ്ഞു.
മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ തിയേറ്റര്‍ റിലീസിനുള്ള ചര്‍ച്ചകള്‍ അവസാനിപ്പിച്ചെന്ന് ഫിലിം ചേമ്പര്‍ പ്രസിഡന്റ് സുരേഷ് കുമാര്‍ വ്യക്തമാക്കിയതോടെ നീണ്ട നാളത്തെ സംശയങ്ങള്‍ക്ക് ഉത്തരമായി. ഒടിടി പ്ലാറ്റ്‌ഫോമുകളെ കുറിച്ചുള്ള വാര്‍ത്തകളും വിവരങ്ങളും പങ്കുവയ്ക്കുകയും സര്‍വേകള്‍ നടത്തുകയും ചെയ്യുന്ന ലെറ്റ്സ് ഒടിടി ഗ്ലോബല്‍ എന്ന പേജ് മരക്കാര്‍ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുമെന്ന വിവരം പുറത്തുവിട്ടിരുന്നു.
എന്നാല്‍ മരക്കാര്‍ തിയേറ്ററില്‍ തന്നെ റിലീസ് ചെയ്തേക്കുമെന്ന വാര്‍ത്തകളും അടുത്തിടെ പുറത്തു വന്നിരുന്നു. ഒടിടി കരാര്‍ ഭേദഗതി വരുത്തിയാണ് ചിത്രം തിയേറ്ററില്‍ റിലീസിന് ചെയ്യാന്‍ ഒരുങ്ങുന്നത്. 150 തിയേറ്ററുകളുടെ കൂട്ടായ്മ സിനിമ റിലീസ് ചെയ്യാന്‍ നിര്‍മ്മാതാക്കളുമായി സംസാരിച്ചു തുടങ്ങി.
സാധാരണ തിയേറ്റര്‍ റിലീസ് ചെയ്യുന്ന സിനിമകള്‍ 42 ദിവസത്തിന് ശേഷമാണ് ഒ.ടി.ടിക്ക് നല്‍കുന്നത്. എന്നാല്‍ മരക്കാര്‍ അതിന് മുമ്പ് തന്നെ ഒടിടിയിലേക്ക് മാറ്റുന്നത് അടക്കമുള്ള സാധ്യതയാണ് ആലോചിക്കുന്നത് എന്നാണ് മനോരമ റിപ്പോര്‍ട്ടു ചെയ്യുന്നത്. മരക്കാര്‍ തിയേറ്റര്‍ റിലീസ് ചെയ്യണമെങ്കില്‍ തിയേറ്ററുടമകള്‍ അഡ്വാന്‍സ് തുക നല്‍കണമെന്നും ഇരുന്നൂറോളം സ്‌ക്രീനുകള്‍ വേണമെന്നും ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കിയിരുന്നു. അഡ്വാന്‍സ് തുക തിയേറ്ററുടമകള്‍ക്ക് നഷ്ടം വന്നാല്‍ തിരികെ നല്‍കില്ല. എന്നാല്‍ തിയേറ്റര്‍ ലാഭം ഉണ്ടായാല്‍ ഇതിന്റെ ഷെയര്‍ വേണമെന്നും ആന്റണി പെരുമ്പാവൂര്‍ ആവശ്യപ്പെട്ടിരുന്നു.
ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ ശാന്തിവിള ദിനേശ്. നിലവിലെ ഈ ഒടിടി തര്‍ക്കം നടക്കുന്നത് കാണുമ്പോള്‍ തനിക്ക് ഒര്‍മ്മ വരുന്നത് പരമശിവന്റെ കഴുത്തിലിരുന്ന സര്‍പ്പം ചോദിച്ച ഗരുഡാ സൗഖ്യമാ എന്ന വരികളാണെന്നാണ് സംവിധായകാന്‍ ശാന്തിവിള ദിനേശ് അഭിപ്രായപ്പെടുന്നത്.
ഒടിടിക്ക് വിറ്റുവെന്ന് മാത്രമല്ല, അതിന്റെ പഴി മുഴുവനും കേരളത്തിലെ തിയേറ്ററുകാരുടെ നെഞ്ചിലേക്ക് വെച്ച് കൊടുക്കുകയും ചെയ്തിരിക്കുന്നു. മോഹന്‍ലാലിനെ തിയേറ്ററുകാര്‍ വഞ്ചിക്കുകയാണ്, ഒറ്റപ്പെടുത്തുകയാണ് എന്നൊക്കെയാണ് വാദം. എന്നാല്‍ മോഹന്‍ലാലിനെ ആരും ഒറ്റപ്പെടുത്തില്ലെന്ന് ആന്റണി മനസ്സിലാക്കണം. ആന്റണി മോഹന്‍ലാലിന്റെ എര്‍ത്തായിട്ട് മൂന്ന് വെള്ളിയാഴ്ചയല്ലേ ആയിട്ടുള്ളുവെന്നും അദ്ദേഹം പറയുന്നു.
മോഹന്‍ലാല്‍ എന്ന് പറയുന്ന, പത്ത് നാല്‍പ്പത് വര്‍ഷമായി മലയാള സിനിമാ പ്രേക്ഷകര്‍ നെഞ്ചോട് ചേര്‍ത്ത് വെച്ച ഒരു വലിയ മഹാനടനെ അദ്ദേഹത്തിന്റെ പിന്‍ബലം ഉണ്ടെന്ന് വെച്ച് നിഴലായി നടക്കുന്ന വിശ്വപ്രസിദ്ധമായ നിര്‍മ്മാതാവ്, പ്രേക്ഷകര്‍ തിയേറ്ററില്‍ കാണാന്‍ കൊതിച്ചിരുന്ന ഒരു സിനിമയെ കുറച്ച് കോടികള്‍ ലാഭം കിട്ടാന്‍ വേണ്ടി മാത്രം ആക്രിക്കച്ചവടം നടത്തുന്നത് പോലെ ഒടിടിക്ക് വിറ്റിരിക്കുന്നു’എന്ന് തന്റെ സ്വന്തം യൂട്യൂബ് ചാനലിലൂടെ ശാന്തിവിള ദിനേശ് പറയുന്നു.
മാനഷ്ടക്കേസ് വന്നാലും എനിക്ക് ഇത് പറയാതിരിക്കാന്‍ കഴിയില്ല. ആരെയാണ് ആന്റണി അധിക്ഷേപിക്കുന്നത്. മോഹന്‍ലാലിന്റെ ഫാന്‍സുകാര്‍ തന്നെ പറയുന്നത് മരയ്ക്കാര്‍ തിയേറ്ററില്‍ കാണണം എന്ന് പറയുന്നു, മോഹന്‍ലാലിന് വേണ്ടി ജീവന്‍ കൊടുക്കാന്‍ തയ്യാറായി നടക്കുന്ന ലക്ഷക്കണക്കിന് ഫാന്‍സുകാര്‍ ഉണ്ട്. സത്യത്തില്‍ ആ ഫാന്‍സുകാരെ വഞ്ചിക്കുകയല്ലേ. മോഹന്‍ലാലിനെ സ്‌ക്രീനില്‍ കാണാന്‍ ആഗ്രഹിക്കുന്ന ലക്ഷക്കണക്കിന് പ്രേക്ഷകരും ഉണ്ട്. അതുകൊണ്ടാണല്ലോ ഈ അറുപത്തിരണ്ടാം വയസ്സിലും അടുത്ത വീട്ടില്ലെ ചെറുപ്പക്കാരനെപ്പോലെ മലയാളികള്‍ സ്‌നേഹിക്കുന്നത്.
മോഹന്‍ലാല്‍ എന്ന നടനെ തിരനോട്ടം മുതല്‍ അല്ലെങ്കില്‍ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ മുതല്‍ ഈ കഴിഞ്ഞ പത്ത് മുപ്പത്തിയാറ് വര്‍ഷമായി പൊന്ന് പോലെ കൊണ്ട് നടക്കുന്ന പ്രേക്ഷകരാണ് കേരളത്തില്‍ ഉള്ളതെന്ന് ആന്റണി മനസ്സിലാക്കണം. ആ പ്രേക്ഷകരെ വഞ്ചിക്കുന്ന തരത്തില്‍ പൂച്ച എലിയെ തട്ടിക്കളിക്കുന്നത് പോലെ കഴിഞ്ഞ നാലഞ്ച് മാസമായി കളിക്കുകയാണ്. തിയേറ്ററുകാരുമായി ചര്‍ച്ചകള്‍ നടത്തുമ്‌ബോള്‍ തന്നെ ചിത്രം ആമസോണിന് വിറ്റിരുന്നുവെന്നുള്ളതാണ് സത്യം. തിയേറ്ററുകാരെ മാത്രമല്ല, മലയാളികളെ മുഴുവന്‍ പറ്റിക്കുകയാണ്.
കേരളത്തിലെ തിയേറ്ററുകാര്‍ എല്ലാം മോഹന്‍ലാലിന്റെ നെഞ്ചില്‍ കയറിയിരുന്ന് താണ്ഡവം ആടുകയാണെന്നാണ് ആന്റണി പറയുന്നത്. കള്ളം പറയരുത് ആന്റണീ.. എന്തെല്ലാം ചെയ്യാമോ അതിന്റെ പരമാവധി കാര്യങ്ങള്‍ തിയേറ്ററുകാര്‍ നിങ്ങള്‍ക്ക് വേണ്ടി ചെയ്ത് തന്നിട്ടുണ്ട്. തിയേറ്ററുകാര്‍ക്ക് നിങ്ങളുടെയൊന്നും ഒശാരം വേണ്ട. മോഹന്‍ലാലിന്റെ പടം വെച്ച് ഒടിയിട്ട് ഒരുപാട് പൈസ അവര്‍ക്കും കിട്ടിയിട്ടുണ്ട്. അവരാരും മോഹന്‍ലാലിനെ പൊളിച്ചടുക്കണം എന്ന് ആഗ്രഹിക്കുന്നവരല്ലെന്നും ശാന്തിവിള ദിനേശ് പറയുന്നു.
ഇനിയുള്ള ഒരു പത്ത് വര്‍ഷം കൂടി മോഹന്‍ലാല്‍ സിനിമയില്‍ സജീവമായി നിന്നാല്‍ അതിന്റെ ഒരു വിഹിതം ഞങ്ങള്‍ക്കും ലഭിക്കും, അതുകൊണ്ട് ഞങ്ങളുടെ കുടുംബത്തിന് ജീവിക്കാം എന്ന് വിശ്വസിക്കുന്നവരാണ് കേരളത്തിലെ തീയേറ്ററുകാര്‍. ആ തിയേറ്ററുകാരുടെ നെഞ്ചില്‍ ആണി അടിക്കുന്നത് പോലെ പറഞ്ഞിട്ട് ആന്റണി മോഹന്‍ലാലിനെ വിറ്റ് കാശാക്കുകയാണ്. ഇതൊന്നും മോഹന്‍ലാല്‍ അറിയാതെ അല്ല. ഇതൊന്നും ആന്റണിയുടെ തലയല്ലെന്നും അറിയാം. ഇതെല്ലാം മോഹന്‍ലാലിന്റെ ബുദ്ധിപൂര്‍വ്വമായ നീക്കമാണെന്ന് എനിക്ക് അറിയാം. അല്ലാതെ ആന്റണി ഒറ്റക്ക് ഈ തീരുമാനം എടുക്കില്ലെന്ന് എനിക്ക് അറിയാമെന്നും. മോഹന്‍ല്‍ല്‍ തന്നെയാണ് ഇതിന് പിന്നിലെന്ന് ആര്‍ക്കും മനസ്സിലാവുമെന്നും ശാന്തിവിള ദിനേശ് പറയുന്നു.
