Malayalam
ഫിയോക്കിന്റെ തീരുമാനത്തിന് പിന്നാലെ ഭീഷ്മ പര്‍വത്തിന് ഫാന്‍സ് ഷോ ഇല്ലെന്ന് വ്യക്തമാക്കി മമ്മൂട്ടി, നിരാശയോടെ ആരാധകര്‍
ഫിയോക്കിന്റെ തീരുമാനത്തിന് പിന്നാലെ ഭീഷ്മ പര്‍വത്തിന് ഫാന്‍സ് ഷോ ഇല്ലെന്ന് വ്യക്തമാക്കി മമ്മൂട്ടി, നിരാശയോടെ ആരാധകര്‍
മലയാളികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയുടെ ഭീഷ്മ പര്‍വം. ഇപ്പോഴിതാ ഭീഷ്മ പര്‍വത്തിന് ഫാന്‍സ് ഷോ ഇല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മമ്മൂട്ടി. ഭീഷ്മ പര്‍വം പ്രമോഷന്റെ ഭാഗമായി കൊച്ചിയില്‍ നടത്തിയ പ്രെസ് മീറ്റില്‍ വെച്ചാണ് മമ്മൂട്ടിയുടെ പ്രതികരണം.
എല്ലാ സിനിമയും സിനിമാസ്വാദകരുടെ സിനിമയാണെന്നും ടിക്കറ്റ് എടുത്ത് കയറുന്നവരില്‍ ഫാന്‍സായവരും അല്ലാത്തവരും ഉണ്ടാകുമെന്നും മമ്മൂട്ടി പറഞ്ഞു. ഫാന്‍സ് ഷോ നിര്‍ത്തുവാനുള്ള തിയേറ്റര്‍ ഉടമകളുടെ സംഘടനായ ഫിയോക്കിന്റെ തീരുമാനത്തെ പറ്റിയുള്ള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനായിരുന്നു മമ്മൂട്ടിയുടെ മറുപടി.
‘എല്ലാ സിനിമയും സിനിമാസ്വാദകരുടെ സിനിമയാണ്. സിനിമക്ക് ഇന്ന ആളെ കേറ്റും ഇന്ന ആളെ കേറ്റില്ല എന്ന് ഫിയോക് പറയാന്‍ സാധ്യതയില്ല. എല്ലാവര്ക്കും ടിക്കറ്റ് കൊടുത്ത് കേറ്റും. അതില്‍ ഫാന്‍സ് ഉണ്ടാവാം. ഫാന്‍സ് അല്ലാത്തവരും കാണും,’ എന്നും മമ്മൂട്ടി പറഞ്ഞു. മമ്മൂട്ടിയുടെ സിനിമക്ക് തലേ ദിവസം രാത്രി ഷോ വെച്ചിട്ടുണ്ടല്ലോ എന്ന് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് അങ്ങനെയൊന്ന് ഇല്ല എന്ന് മമ്മൂട്ടി പറഞ്ഞു.
ഫാന്‍സ് ഷോ നടത്തുന്നതില്‍ എതിര്‍പ്പുണ്ടോ എന്ന് വീണ്ടും മാധ്യമപ്രവര്ത്തകന് ചോദിച്ചപ്പോള്‍ ഫാന്സിനോട് ഷോ കാണരുതെന്ന് പറയാന്‍ പറ്റില്ലല്ലോയെന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. ഭീഷ്മ പര്‍വം ഫാന്‍സ് ഷോയുടെതായി വിവിധ പ്രചരണങ്ങള്‍ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ നടത്തുന്നതിനിടയിലാണ് മമ്മൂട്ടിയുടെ പ്രതികരണം. സൂപ്പര്‍താര സിനിമകളുടെ റിലീസ് സമയത്തുള്ള ഫാന്‍സ് ഷോകള്‍ നിരോധിക്കാനായിരുന്നു ഫിയോക്ക് തീരുമാനമെടുത്തത്.
