Malayalam
ആ വിയോഗമായിരുന്നു തന്നെ ഏറ്റവും കൂടുതല്‍ തളര്‍ത്തിയത്!, മരണത്തെ കുറിച്ച് കൂടുതല്‍ ചിന്തിച്ച് തുടങ്ങി; തുറന്ന് പറഞ്ഞ് മമ്മൂട്ടി
ആ വിയോഗമായിരുന്നു തന്നെ ഏറ്റവും കൂടുതല്‍ തളര്‍ത്തിയത്!, മരണത്തെ കുറിച്ച് കൂടുതല്‍ ചിന്തിച്ച് തുടങ്ങി; തുറന്ന് പറഞ്ഞ് മമ്മൂട്ടി
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂട്ടി. വ്യത്യസ്തങ്ങളായ നിരവധി കഥാപാത്രങ്ങളാണ് മമ്മൂട്ടി മലയാള സിനിമാ ലോകത്തിന് നല്‍കിയത്. അദ്ദേഹത്തിന്റെ തുടക്ക കാലത്തെ കഥാപാത്രങ്ങള്‍ മുല് അടുത്തിടെയുള്ള കഥാപാത്രങ്ങള്‍ വരെ പേരക്ഷകര്ക്ക് സുപരിചിതമാണ്. മമ്മൂട്ടി ചെയ്തിട്ടുളള കഥാപാത്രങ്ങള്‍ പോലെ യഥാര്‍ഥ ജീവിതത്തിലും അദ്ദേഹം വളരെ ബോള്‍ഡാണ്. കൃത്യമായ കാഴ്ച്ചപ്പാടും അഭിപ്രായവും കൊണ്ടു തന്നെ മമ്മൂട്ടി എല്ലാവര്ക്കും പ്രിയങ്കരനാണ്. ഇപ്പോഴിതാ മമ്മൂട്ടിയുടെ ഒരു പഴയകാല അഭിമുഖമാണ് ഫാന്‍സ് ഗ്രൂപ്പുകളിലടക്കം പ്രചരിക്കുന്നത്.
തന്റെ ജീവിതത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ച സംഭവത്തെ കുറിച്ചാണ് മമ്മൂട്ടി പറയുന്നത്. അച്ഛന്റെ നഷ്ടമാണ് മെഗാസ്റ്റാറിനെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ തളര്‍ത്തിയത്. പിതാവിന്റെ വിയോഗത്തിന് ശേഷമാണ് താന്‍ മരണത്തെ കുറിച്ച് കൂടുതല്‍ ചിന്തിച്ച് തുടങ്ങിയതെന്നും നടന് പറയുന്നു. മരണത്തെ കുറിച്ച് ചിന്തിക്കാറുണ്ടോ എന്നുള്ള അവതാരകന്റെ ചോദ്യത്തിനായിരുന്നു മെഗാസ്റ്റാറിന്റെ മറുപടി. വാപ്പയുടെ വിയോഗത്തിന് ശേഷമാണ് ഇതിനെ കുറിച്ച് കൂടുതല്‍ ചിന്തിക്കാന്‍ തുടങ്ങിയത്. ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമായിരുന്നു അത്. ചെറുപ്പത്തില്‍ വാപ്പയുടെ സഹോദരനേയും ഏറ്റവും അടുത്ത ആളുകളേയുമെല്ലാം നഷ്ടപ്പെട്ടിട്ടുണ്ട്.
എന്നാല്‍ വാപ്പയെ നഷ്ടപ്പെടുമെന്ന് ഞാന്‍ ഒരിക്കല്‍ പോലും വിചാരിച്ചിരുന്നില്ല. പെട്ടെന്നായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. ആ സമയം ഞാന്‍ ഇവിടെ ഇല്ലായിരുന്നു. അതിന് ശേഷമാണ് മരണത്തെ കുറിച്ച് ഞാന്‍ ചിന്തിച്ച് തുടങ്ങുന്നത്. എന്നില്‍ നിന്ന് ആദ്യമായി നഷ്ടപ്പെട്ട് പോകുന്നത് അച്ഛനെയാണെന്നും മമ്മൂട്ടി പറയുന്നു. മമ്മൂട്ടിയുടെ അഭാവത്തില്‍ വരും തലമുറ എങ്ങനെ വിലയിരുത്തണമെന്നുളള അവതാരകന്റെ ചോദ്യത്തിന് താന്‍ ഇല്ലാതിരിക്കുന്ന കാലം, ഭാവിതലമുറ തന്നെ ഒരു നല്ല അഭിനേതാവായും നല്ല മനുഷ്യനായും വിലയിരുത്തണമെന്നാണ് ആഗ്രഹിക്കുന്നതെന്നും മെഗാസ്റ്റാര്‍ പറയുന്നു. അതിന്റെ അപ്പുറത്തേയ്ക്ക് ഒരു ആഗ്രഹവും ഇല്ലെന്നും താരം പറഞ്ഞു.
താന്‍ ചെയ്ത കൃഷി പണികളെ കുറിച്ചും മെഗാസ്റ്റാര്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്. പാടത്ത് കിളക്കുകയും കൊയ്യുകയുമൊക്കെ ചെയ്തിട്ടുണ്ട്. എന്നാല്‍ അതൊരു ജോലിയുടെ ഭാഗമായിട്ടായിരുന്നില്ല. വീട്ടിലേയ്ക്കുള്ള ആവശ്യത്തിന് വേണ്ടി എല്ലാവരും കൂടി ഒരുമിച്ച് ചെയ്തതാണ്. ഇപ്പോഴും തനിക്ക് കൃഷിയോട് വലിയ താല്പര്യമാണെന്നും മമ്മൂക്ക പറയുന്നു. കൃഷി ചെയ്യാന്‍ തനിക്ക് വലിയ ഇഷ്ടമാണ്. ഫലം തരുന്ന നെല്ല്, തെങ്ങ് തുടങ്ങിയ കൃഷികളോടാണ് കൂടുതല്‍ താല്പര്യം. കാരണം അതൊരു ക്രിയേഷനാണ്. വിത്ത് നട്ട് ഒരു വലിയ മരമായി അതില്‍ നിന്ന് ഫലങ്ങള്‍ ഉണ്ടാകുന്നത് വലിയ കാഴ്ച തന്നെയാണ്. അത് നമ്മള് ഒന്നും ചെയ്തിട്ടല്ല.അതൊരു പ്രതിഭാസമാണ്. അതുപോലെ പൂക്കളോടും ചെടികളോടും വലിയ ഇഷ്ടമാണെന്നും മെഗാസ്റ്റാര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ആരാധകര്‍ക്ക് ഇടയ്ക്കിടെ സര്‍പ്രൈസുകള്‍ നല്കി ഞെട്ടിക്കാറുമുണ്ട് മമ്മൂക്ക. ഫാന്‍സിന് മെഗാസ്റ്റാര്‍ നല്കിയ സര്‍പ്രൈസിനെ കുറിച്ചുളള വാര്‍ത്തകള്‍ മുന്‍പ് പല തവണ വന്നിട്ടുണ്ട്. തന്നെ കാണണമെന്നുളള പലരുടെയും ആഗ്രഹം നിറവേറ്റിയാണ് മെഗാസ്റ്റാര്‍ എത്താറുളളത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് കോഴിക്കോട് സ്വദേശി അശ്വിന് പിറന്നാള്‍ ദിനത്തില്‍ മമ്മൂക്ക നല്കിയ സര്‍പ്രൈസ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഭിന്നശേഷിക്കാരനായ അശ്വിനെ വീഡിയോ കോളിലൂടെയാണ് മമ്മൂട്ടി വിളിച്ചത്. ജന്മദിനത്തില് തന്റെ ഇഷ്ടതാരത്തെ കാണാനും സംസാരിക്കാനും അശ്വിന് സാധിച്ചു. സാമൂഹിക പ്രവര്‍ത്തകയായ നര്‍ഗീസ് ബീഗമാണ് ആരാധകന് മമ്മൂക്ക നല്കിയ സര്‍പ്രൈസിന്റെ വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
‘ഇന്ന് നമ്മുടെ അശ്വിന്റെ പെരുന്നാള്‍ രാവായിരുന്നു ട്ടോ. ഓന്റെ ആഗ്രഹം അറിഞ്ഞ് അദ്ദേഹം വീഡിയോ കോളില്‍ വിളിച്ചു. കുറെ സമയം സംസാരിച്ചു. മമ്മൂക്ക താങ്ക്യൂ’. എന്ന് കുറിച്ചാണ് നര്‍ഗീസ് ബീഗം വീഡിയോ പങ്കുവെച്ചത്. ‘സാറിനെ കാണണമെന്ന് അവന് എപ്പോഴും പറയുന്നൊരു കാര്യമാണെന്ന്’ അശ്വിനെ കുറിച്ച് വീഡിയോയില്‍ നര്‍ഗീസ് പറയുന്നു.
‘ഞാന്‍ ഈ വിവരം പറഞ്ഞപ്പോള്‍ അവന് ഭയങ്കര ഹാപ്പിയാണ്’, നര്‍ഗീസ് മമ്മൂക്കയോട് പറഞ്ഞു. മുടി വളര്‍ത്തിയിട്ട് മനസിലാകുന്നുണ്ടോ എന്നാണ് മമ്മൂക്ക അശ്വിനോട് ചോദിച്ചത്. തുടര്‍ന്ന് ഭക്ഷണം കഴിച്ചോ എന്നും ആരാധകനോട് മമ്മൂക്ക ചോദിച്ചു. ‘മോന്റെ ജീവിതത്തിലെ എറ്റവും വലിയ സന്തോഷമാണിത്’ എന്ന് നര്‍ഗീസ് ബീഗം മെഗാസ്റ്റാറിനെ അറിയിച്ചു.
അതേസമയം മമ്മൂക്കയ്ക്ക് നന്ദി അറിയിച്ച് നര്‍ഗീസ് ബീഗം വീണ്ടും കമന്റിട്ടിരുന്നു. മമ്മുക്കയെ അശ്വിന് കണ്ട് സംസാരിക്കാന്‍ അവസരമുണ്ടാക്കിയത് സുഹൃത്ത് സ്മിതയാണെന്ന് ഇവര്‍ അറിയിച്ചു. അശ്വിന് ഇത്രയേറെ സന്തോഷിച്ച അവസരം വെറെയില്ല. സ്നേഹം, പ്രാര്‍ത്ഥന മമ്മുക്ക എന്നും നര്‍ഗീസ് ഫേസ്ബുക്കില്‍ കുറിച്ചു. കുറച്ചുദിവസം മുന്‍പ് അശ്വിനെ സന്ദര്‍ശിച്ചപ്പോള്‍ മമ്മൂട്ടിയെ കാണണണെന്ന് അവന് ഇടക്കിടെ പറയുന്നതായി നര്‍ഗീസ് ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു.
അവന്റെ ആഗ്രഹം സാധിക്കുമോയെന്ന് അറിയില്ലെന്നും നര്‍ഗീസ് കുറിച്ചു. ‘അശ്വിനെ കാണാന്‍ വന്നതാണ്. ആക്ടര്‍ മമ്മുട്ടിയെ കാണണമെന്ന ആഗ്രഹമാണ് ഇടക്കിടെ പറയുന്നത്. മുന്‍പ് ഞാനൊരു പോസ്റ്റ് ഇട്ടിരുന്നു, അശ്വിന് മമ്മുട്ടിയെ കാണാന്‍ വല്യ പൂതിയുണ്ട് എന്ന് പറഞ്ഞ്. ആ പോസ്റ്റ് പറന്ന് പറന്ന് മമ്മുട്ടിയിലെത്തുമെന്ന്, അങ്ങനെ അദ്ദേഹം കോഴിക്കോട് വരുമ്പോള്‍ അശ്വിനെ കാണാന്‍ എത്തുമെന്നും സ്വപ്നം കണ്ടു. അശ്വിന് ഇന്ന് കണ്ടപ്പോള്‍ അതേക്കുറിച്ച് സംസാരിച്ചതേയില്ല അവന്റെ ആഗ്രഹം സാധിക്കുമോ അറിയില്ല’, എന്നാണ് നര്‍ഗീസ് ബീഗം പോസ്റ്റിട്ടത്.
