Malayalam
കാര്‍ത്തിയുടെ കൈദി 2 വിന്റെ ചിത്രീകരണം തടഞ്ഞ് കൊല്ലം ജില്ലാ കോടതി; ഉത്തരവ് കൊല്ലം സ്വദേശിയുടെ പരാതിയെ തുടര്‍ന്ന്
കാര്‍ത്തിയുടെ കൈദി 2 വിന്റെ ചിത്രീകരണം തടഞ്ഞ് കൊല്ലം ജില്ലാ കോടതി; ഉത്തരവ് കൊല്ലം സ്വദേശിയുടെ പരാതിയെ തുടര്‍ന്ന്
നിരവധി പ്രശംസകള്‍ സ്വന്തമാക്കിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു കാര്‍ത്തി നായകനായി എത്തിയ കൈദി എന്ന ചിത്രം. ആദ്യ ഭാഗം സൂപ്പര്‍ഹിറ്റ് ആയതോടെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. എന്നാല്‍ ഇപ്പോഴിതാ കൈദിയുടെ രണ്ടാം ഭാഗം നിര്‍മ്മിക്കുന്നതും മറ്റു ഭാഷകളിലേക്ക് മൊഴിമാറ്റുന്നതും തടഞ്ഞിരിക്കുകയാണ് കൊല്ലം ജില്ലാ കോടതി. കൊല്ലം ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജ് കെവി ജയകുമാര്‍ ആണ് ഉത്തരവിട്ടിരിക്കുന്നത്.
കൊല്ലം മുഖത്തല രജനി ഭവനില്‍ രാജീവ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. 2004 കാലയളവില്‍ രാജീവ് ഒരു കേസില്‍പ്പെട്ട് തമിഴ്നാട്ടിലെ പുഴല്‍ ജയിലില്‍ കഴിഞ്ഞിരുന്നു. ആ സമയത്തുണ്ടായ തന്റെ അനുഭവങ്ങള്‍ ജീവഗന്ധി എന്ന പേരില്‍ കഥയാക്കിയിരുന്നു. ഹോട്ടല്‍ മാനേജ്മെന്റ് പാസായ രാജീവ് പിന്നീട് സിനിമാ താരങ്ങള്‍ സ്ഥിരമായി താമസിക്കുന്ന എറണാകുളത്തെ ഭാരത് ഹോട്ടലില്‍ മാനേജരായി ജോലി നോക്കി.
അപ്പോള്‍ സിനിമാനിര്‍മ്മാതാവായിരുന്ന എആര്‍ രാജനെ പരിചയപ്പെട്ടു. അദ്ദേഹം വഴി കൈദി സിനിമയുടെ നിര്‍മ്മാതാക്കളില്‍ ഒരാളായ എസ്ആര്‍ പ്രഭുവിനെ 2007ല്‍ നേരില്‍ കണ്ട് തന്റെ പക്കലുണ്ടായിരുന്ന കഥ കൈമാറി. അതിന്റെ ഒരു ഭാഗം ഉപയോഗിച്ചാണ് കൈദിയുടെ ആദ്യഭാഗം ചിത്രീകരിച്ചതെന്നാണ് രാജീവ് പറയുന്നത്.
രണ്ടാം ഭാഗം ഉടനെ പുറത്തിറക്കുമെന്ന് സിനിമയുട അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരുന്നു. രണ്ടാംഭാഗം രാജീവിന്റെ കഥാഭാഗം ഉപയോഗിച്ച് നിര്‍മ്മിക്കാന്‍ പാടില്ലെന്നും ആദ്യഭാഗം മറ്റ് ഭാഷകളിലേക്ക് ഇനി ഒരു ഉത്തരവുണ്ടാകും വരെ പുനര്‍നിര്‍മ്മിക്കാന്‍ പാടില്ലെന്നുമാണ് കോടതി ഉത്തരവ്. അഭിഭാഷകരായ പിഎ. പ്രിജി, എസ്. സുനിമോള്‍, വിഎല്‍. ബോബിന് എന്നിവര്‍ രാജീവിന് വേണ്ടി കോടതിയില്‍ ഹാജരായി.
