Malayalam
മിഷന്‍ സി ട്രെയിലര്‍ സൂപ്പര്‍ഹിറ്റ്, അപൂര്‍വ്വ നേട്ടം സ്വന്തമാക്കി നടന്‍ കൈലാഷ്; ഏറെ അഭിമാനം തോന്നിയ കഥാപാത്രമാണിതെന്നും നടന്‍
മിഷന്‍ സി ട്രെയിലര്‍ സൂപ്പര്‍ഹിറ്റ്, അപൂര്‍വ്വ നേട്ടം സ്വന്തമാക്കി നടന്‍ കൈലാഷ്; ഏറെ അഭിമാനം തോന്നിയ കഥാപാത്രമാണിതെന്നും നടന്‍
വിനോദ് ഗുരുവായൂര്‍ ഒരുക്കുന്ന ‘മിഷന്‍ സി’ ചിത്രത്തിന്റെ ട്രെയ്ലര്‍ ഹിറ്റായതോടെ അപൂര്‍വ്വ നേട്ടം സ്വന്തമാക്കി നടന്‍ കൈലാഷ്. ട്രെയലറിലെ ഒടുന്ന ബസില്‍ നിന്നുള്ള താരത്തിന്റെ സാഹസിക രംഗങ്ങളാണ് പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നത്. കൈലാഷിനെതിരെ നേരത്തെ ട്രോളുകളും വിമര്‍ശനങ്ങളും എത്തിയിരുന്നുവെങ്കിലും താരത്തിന്റെ അഭിനയ മികവിന് ഇപ്പോള്‍ നിറഞ്ഞ കൈയ്യടിയാണ് ലഭിക്കുന്നത്. കൈലാഷിന്റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവാകും മിഷന്‍ സി എന്നാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച.
താന്‍ ഇതുവരെ ചെയ്തിട്ടുള്ള കഥാപാത്രങ്ങളില്‍ നിന്നും ഏറെ അഭിമാനം തോന്നിയ കഥാപാത്രമാണ് മിഷന്‍ സിയിലേത് എന്നാണ് കൈലാഷ് പറയുന്നത്. ക്യാപ്റ്റന്‍ അഭിനവ് എന്ന കഥാപാത്രത്തെയാണ് കൈലാഷ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. വേറിട്ടതും വ്യത്യസ്തവുമായ ഒട്ടേറെ കഥാപാത്രങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. പക്ഷേ മിഷന്‍ സിയിലെ കഥാപാത്രം കൂടുതല്‍ ശ്രദ്ധേയമാണ്. അത് വലിയൊരു ഉത്തരവാദിത്തമാണ്. തനിക്ക് അവസരങ്ങള്‍ തന്ന സംവിധായകരോടും നിര്‍മ്മാതാക്കളോടും എന്നും സ്നേഹവും നന്ദിയുമുണ്ട്. തന്റെ ഏറ്റവും പ്രിയപ്പെട്ട പ്രേക്ഷകരോട് ഹൃദയത്തില്‍ നിന്നുള്ള സ്നേഹവും കടപ്പാടും പങ്കുവയ്ക്കുകയാണെന്നും കൈലാഷ് പറഞ്ഞു.
റോഡ് ത്രില്ലര്‍ മൂവിയായി ഒരുക്കിയ ചിത്രത്തില്‍ അപ്പാനി ശരത്ത് ആണ് നായകനായെത്തുന്നത്. ടെററിസ്റ്റുകള്‍ ബന്ദികളാക്കിയ ഓടിക്കൊണ്ടിരിക്കുന്ന ഒരു ടൂറിസ്റ്റ് ബസ്സും അതില്‍ കുടുങ്ങിപ്പോയ ഒരു കൂട്ടം വിദ്യാര്‍ത്ഥികളും, അവരെ രക്ഷപ്പെടുത്താന്‍ എത്തുന്ന പോലീസുകാരുടെയും കമാന്റോകളുടെയും സാഹസികവും സംഘര്‍ഷഭരിതവുമായ നിമിഷങ്ങളാണ് സിനിമയുടെ ഇതിവൃത്തം. മേജര്‍ രവി, ജയകൃഷ്ണന്‍, ബാലാജി ശര്‍മ്മ തുടങ്ങിയ താരങ്ങളും മുപ്പത്തഞ്ചോളം പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. രാമക്കല്‍മേടും മൂന്നാറുമായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ഹൃദയഹാരിയായ ഗാനങ്ങളും ചിത്രത്തിന്റെ മറ്റൊരു പുതുമയാണ്. എം സ്‌ക്വയര്‍ സിനിമയുടെ ബാനറില്‍ മുല്ല ഷാജിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഇതിനു മുമ്പ് ചിത്രത്തിന്റെ പോസ്റ്ററുകള്‍ പുറത്തു വന്നതോടെ കൈലാഷിനെതിരെ കടുത്ത സൈബര്‍ ആക്രമണമാണ് നടന്നത്. തുടര്‍ന്ന് ചിത്രത്തിന്റെ സംവിധായകന്‍ തന്നെ രംഗത്തെത്തിയിരുന്നു. മിഷന്‍ സി എന്ന സിനിമയില്‍ കൈലാഷ് നന്നായി തന്നെ പെര്‍ഫോം ചെയ്തിട്ടുണ്ട്. സിനിമ പുറത്തിറങ്ങുമ്പോള്‍ നിങ്ങള്‍ക്ക് അത് മനസിലാകും. ഇപ്പോള്‍ സിനിമയെ പോലും മോശമായി ചിത്രീകരിക്കുകയാണ്. എന്നോ ഒരു റോള് ചെയ്തതിന്റെ പേരിലാണ് അദ്ദേഹത്തെ ഇങ്ങനെ ആക്രമിച്ചുകൊണ്ടിരിക്കുന്നത്. സിനിമയില്‍ പ്രധാനറോളാണ് തന്റേതെന്ന മനസിലാക്കി സാമ്പത്തികം പോലും നോക്കാതെ വന്ന് അഭിനയിച്ച ആളാണ് കൈലാഷ്.
ട്രോളുകള്‍ നമുക്ക് ആവശ്യമാണ്. പക്ഷേ പരിധി വിടുമ്പോള്‍ അത് സങ്കടകരമാകും. ‘ജീവിക്കാന്‍ വേണ്ടിയാണ് അദ്ദേഹം ഇങ്ങനെ കഷ്ടപ്പെടുന്നത്. കോടീശ്വരനായ കൈലാഷിനെ ഞാന്‍ കണ്ടിട്ടില്ല. വളരെ സാധാരണക്കാരനായ ഒരു നടന്‍. അതെനിക്ക് വ്യക്തിപരമായി അറിയാം. ഇതൊരു അടിച്ചമര്‍ത്തല്‍ പോലെ തോന്നി. അത് തെറ്റാണെന്ന് തോന്നുന്നുണ്ടെങ്കില്‍ സ്വയം മാറിനില്‍ക്കാന്‍ നിങ്ങള്‍ തയാറാകണം. സിനിമ മോശമാകുമോ നല്ലതാകുമോ എന്ന് ചിത്രം പുറത്തിറങ്ങി കഴിഞ്ഞ് തീരുമാനിക്കുക. അതിനു മുമ്പ് തന്നെ വിധി എഴുതരുത് എന്നുമായിരുന്നു വിനോദ് ഗുരുവായൂരിന്റെ പ്രതികരണം.