Malayalam
ഇനി ഒരു തിരിച്ചുവരവുണ്ടെങ്കില്‍ അത് മോഹന്‍ലാലിന്റെ നായികയായി, തുറന്ന് പറഞ്ഞ് നടി ഇന്ദ്രജ
ഇനി ഒരു തിരിച്ചുവരവുണ്ടെങ്കില്‍ അത് മോഹന്‍ലാലിന്റെ നായികയായി, തുറന്ന് പറഞ്ഞ് നടി ഇന്ദ്രജ
ഒരു കാലത്ത് തെന്നിന്ത്യയില്‍ നിറഞ്ഞ് നിന്ന നടിയായിരുന്നു ഇന്ദ്രജ. സിനിമയില്‍ സജീവമല്ലെങ്കിലും താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ ആരാധകര്‍ അരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. ഇപ്പോഴിതാ ഇനിയൊരു തിരിച്ചുവരവ് ഉണ്ടെങ്കില്‍ അതെങ്ങനെ ആയിരിക്കണമെന്ന് പറയുകയാണ് ഇന്ദ്രജ. കൈരളി ടിവിയിലെ ജെ ബി ജംങ്ക്ഷന്‍ പരിപാടിയില്‍ പങ്കെടുക്കുമ്പോഴായിരുന്നു താരം ഇതേകുറിച്ച് പറഞ്ഞത്. മോഹന്‍ലാലിനൊപ്പം നായിക വേഷം ചെയ്തു കൊണ്ട്, ഗുരുവിനൊപ്പം ഒരു മാസത്തെ ഡാന്‍സ് ഷോ, മമ്മൂട്ടിക്കൊപ്പം പോലീസ് വേഷം, അല്ലെങ്കില്‍ ഭര്‍ത്താവിനൊപ്പം ഒരു സീരിയല്‍ എന്നിങ്ങനെ ആയിരുന്നു ഓപ്ഷന്‍സ്.
മോഹന്‍ലാലിന്റെ നായിക ആയാല്‍ മതിയെന്നായിരുന്നു ഇന്ദ്രജ പറഞ്ഞത്. സൂപ്പര്‍ ഹിറ്റ് സിബി മലയില്‍ ചിത്രമായ ഉസ്താദിലാണ് ഇന്ദ്രജ ആദ്യമായി മോഹന്‍ലാലിന്റെ നായികയായി എത്തുന്നത്. ശേഷം ശ്രദ്ധ എന്ന ഐവി ശശി ചിത്രത്തിലും ഇന്ദ്രജ മോഹന്‍ലാലിന് ഒപ്പം അഭിനയിച്ചു. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങി മലയാളത്തിലെ സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായിരുന്നു ഇന്ദ്രജ. മലയാളത്തിന് പുറമെ തെലുങ്കു, തമിഴ്, കന്നഡ ചിത്രങ്ങളിലും സജീവസാന്നിധ്യമായിരുന്നു ഇന്ദ്രജ.
കെ മധു സംവിധാനം ചെയ്ത ദ ഗോഡ്മാന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ഇന്ദ്രജ ആദ്യമായി മലയാളത്തില്‍ എത്തുന്നത്. മമ്മൂട്ടിക്കൊപ്പം ഗോഡ് മാന്‍, ക്രോണിക് ബാച്ചിലര്‍ എന്നീ ചിത്രങ്ങളിലും സുരേഷ് ഗോപിക്ക് ഒപ്പം എഫ് ഐ, അഗ്‌നി നക്ഷത്രം, ആര്‍ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. കൂടാതെ ഇന്‍ഡിപെന്‍ഡന്‍സ്, ഉന്നതങ്ങളില്‍, കൃഷ്ണാ ഗോപാലകൃഷ്ണ, ചേരി, അച്ഛന്റെ കൊച്ചുമോള്‍, റിലാക്‌സ്, വാര്‍ ആന്‍ഡ് ലവ്, താളമേളം, മയിലാട്ടം, ലോകനാഥന്‍ ഐ എ എസ്, ബെന്‍ ജോണ്‍സന്‍, ഹൈവെ പോലീസ്, നരകാസുരന്‍, ഇന്ദ്രജിത് എന്നിവയാണ് ഇന്ദ്രജ അഭിനയിച്ച മറ്റു മലയാള ചിത്രങ്ങള്‍.
സിനിമകളില്‍ സജീവമായി തുടരുന്നതിനിടെയായിരുന്നു ഇന്ദ്രജ വിവാഹിതയാകുന്നത്. തുടര്‍ന്ന് സിനിമാ ജീവിതത്തില്‍ നിന്നും താല്‍കാലികമായ ഇടവേള എടുത്ത താരം പിന്നീട് മിനിസ്‌ക്രീനില്‍ സീരിയലുകളിലൂടെയും അല്ലാതെയുമായി നടി തിരിച്ചെത്തി. തുളു ബ്രഹ്മാണ കുടുംബത്തില്‍ ജനിച്ച ഇന്ദ്രജ വിവാഹം ചെയ്തിരിക്കുന്നത് അബ്സര്‍ എന്ന ബിസിനസുകാരനായ മുസ്ലിമിനെയായിരുന്നു. ഈ വിവാഹത്തെ വീട്ടുകാര്‍ ശക്തമായി എതിര്‍ത്തെങ്കിലും ഇന്ദ്രജ അത് വകവെച്ചിരുന്നില്ല. തന്റേത് ഒരു വിപ്ലവകരമായ പ്രണയ വിവാഹമായിരുന്നുവെന്നും പ്രണയത്തെ കുറിച്ചുമെല്ലാം താരം ഒരു അഭിമുഖത്തില്‍ തുറന്ന് പറഞ്ഞിരുന്നു.
വിവാഹം ഒരു എടുത്ത് ചാട്ടമായിരുന്നില്ല. ആറ് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമായിരുന്നു വിവാഹം. പരിചയം സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും വഴി മാറുകയായിരുന്നു. അദ്ദേഹം എനിക്ക് പറ്റിയ ആളാണെന്ന് തോന്നി. ഞാനിന്നും പക്കാ വെജിറ്റേറിയനാണ്. ഞങ്ങളുടെ വീട്ടില്‍ നോണ്‍വെജ് പാകം ചെയ്യാറില്ല. കഴിക്കേണ്ടവര്‍ പുറത്ത് നിന്നും കഴിക്കും. പരസ്പരം മനസിലാക്കിയും ബഹുമാനിച്ച് കൊണ്ടുമുള്ള ജീവിതം. വീണ്ടും സിനിമയിലേക്ക് ഇറങ്ങുമ്പോള്‍ ആറാം ക്ലാസില്‍ പഠിക്കുന്ന മകളെ കുറിച്ചായിരുന്നു ടെന്‍ഷന്‍. ഇപ്പോള്‍ അവളും അമ്മയെ പ്രോത്സാഹിപ്പിക്കാന്‍ മുന്‍പന്തിയിലുണ്ടെന്നാണ് ഇന്ദ്രജ പറയുന്നത്.
താന്‍ സിനിമയില്‍ നിന്നും വലിയ ഇടവേള എടുത്തിട്ടില്ലെന്നാണ് നേരത്തെ ഒരു അഭിമുഖത്തില്‍ ഇന്ദ്രജ പറഞ്ഞത്. ഇത്രയും കാലം തെലുങ്കിലും തമിഴിലും താന്‍ അഭിനയിക്കുന്നുണ്ടായിരുന്നു. അതിനിടയില്‍ മലയാള സിനിമയില്‍ അഭിനയിക്കാന്‍ സാധിച്ചില്ല. ഇപ്പോള്‍ എനിക്ക് ലഭിച്ചിരിക്കുന്നത് നല്ല കഥാപാത്രത്തെയാണ്. അത് കൊണ്ട് തന്നെ ഈ അവസരം കളയണ്ടെന്ന് തോന്നിയെന്നും നടി പറയുന്നു. നവാഗതനായ ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ട്വല്‍ത്ത് സി എന്ന ചിത്രത്തിലൂടെയാണ് ഇന്ദ്രജയുടെ മടങ്ങി വരവ്. ചിത്രത്തില്‍ പ്രധാനപ്പെട്ടൊരു വേഷമാണ് നടി അവതരിപ്പിക്കുന്നത്.
