Malayalam
നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ ദിലീപ് കണ്ടു!? ബാലചന്ദ്രകുമാറിന്റെ മൊഴി ശരിയെന്ന് വിലയിരുത്തി അന്വേഷണ സംഘം,
നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ ദിലീപ് കണ്ടു!? ബാലചന്ദ്രകുമാറിന്റെ മൊഴി ശരിയെന്ന് വിലയിരുത്തി അന്വേഷണ സംഘം,
ദിനം പ്രതി നടന്‍ ദിലീപിനെതിരെ നിരവധി വെളിപ്പെടുത്തലുകളാണ് വാര്‍ത്തകളില്‍ നിറയുന്നത്. ജനപ്രിയ നായകന്‍ വീണ്ടും ജയിലിലേയ്ക്ക് തന്നെ പോകുമോ ഇല്ലയോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്. കേസില്‍ എട്ട് സാക്ഷികളെ വിസ്തരിക്കാന്‍ പ്രോസിക്യൂഷന് അനുമതി നല്‍കിയിരിക്കുകയാണ് ഹൈക്കോടതി. 12 സാക്ഷികളെ വിസ്തരിക്കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ ഹര്‍ജി. ഇതില്‍ എട്ട് പേരെ വിസ്തരിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. അഞ്ച് പുതിയ സാക്ഷികളെയും നേരത്തെ വിസ്തരിച്ച മൂന്ന് സാക്ഷികളെയും വിസ്തരിക്കാനാണ് അനുമതി. കേസിലെ പ്രധാനപ്പെട്ട ഫോണ്‍ രേഖകള്‍ കോടതി വിളിച്ചു വരുത്തണമെന്ന് ഹര്‍ജിയും ഹൈക്കോടതി അംഗീകരിച്ചു.
ഇതിന് പിന്നാലെ ഈ കേസില്‍ ബാലചന്ദ്രകുമാറിന്റെ മൊഴി ശരിയെന്ന് വിലയിരുത്തിയ അന്വേഷണ സംഘം തുടരന്വേഷണത്തിന് കൂടുതല്‍ സമയം ആവശ്യപ്പെട്ടേക്കും. നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ ദിലീപ് കണ്ടു എന്ന ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ സത്യമാണെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം. കേസില്‍ വിഐപിയെന്ന് സ്ഥിരീകരിച്ച ശരത് ജി നായര്‍ ഒളിവിലായതിനാല്‍ ചോദ്യം ചെയ്യാന്‍ കഴിഞ്ഞില്ലെന്നും ഗൂഡാലോചന കേസിലെ അന്വേഷണ വിശദാംശങ്ങളും ക്രൈംബ്രാഞ്ച് സംഘം നാളെ വിചാരണ കോടതിയെ അറിയിക്കും.
കേസുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ പള്‍സര്‍ സുനിയെ വീണ്ടും ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച്. പള്‍സര്‍ സുനിയെ ജയിലിലെത്തിയാകും ചോദ്യം ചെയ്യുക.
പള്‍സര്‍ സുനിയുടെ അമ്മയുടെ രഹസ്യമൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നില്ല. ആലുവ മജിസ്‌ട്രേറ്റിന് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് മൊഴി രേഖപ്പെടുത്തുന്നത് മാറ്റിവച്ചത്. തന്റെ ജീവന്‍ അപകടത്തിലായിരുന്നെന്നും ഒളിവില്‍ കഴിഞ്ഞിരുന്ന സമയത്ത് തനിക്കുനേരെ വധശ്രമം നടന്നതായും പള്‍സര്‍ സുനി തന്നോട് പറഞ്ഞതായി അമ്മ ശോഭന പറഞ്ഞിരുന്നു.
2018 മെയ് മാസത്തില്‍ അമ്മയ്‌ക്കെഴുതിയ കത്തിലാണ് സുനി ഇക്കാര്യം പറഞ്ഞത്. മകന്റെ ജീവന് ഭീഷണിയുള്ളതിനാലാണ് 2018 മെയ് മാസം എഴുതിയ കത്ത് ഇപ്പോള്‍ പുറത്തുവിട്ടതെന്ന് അമ്മ ശോഭന പറഞ്ഞിരുന്നു. പ്രതി ദിലീപ് പറഞ്ഞിട്ടാണ് എല്ലാം ചെയ്തതെന്ന് മകന്‍ പറഞ്ഞതായും അവര്‍ വെളുപ്പെടുത്തിയിരുന്നു.
അതേസമയം, നടിയെ ആക്രമിച്ച കേസിലെ ‘മാസ്റ്റര്‍ ബ്രെയിന്‍’ ആയാണ് ഇതുവരെയും പുറത്തെത്താത്ത മാഡത്തെ വിലയിരുത്തുന്നത്. ഇവരെ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് പോലീസ്. എന്നാല്‍ ആദ്യത്തെ അന്വേഷണത്തില്‍ തന്നെ പോലീസ് മാഡത്തെ തിരിച്ചറിഞ്ഞു എന്നാണ് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പ്രസിഡന്റും ചലച്ചിത്ര നിര്‍മ്മാതാവുമായ ലിബര്‍ട്ടി ബഷീര്‍ പറയുന്നത്. കേസിന്റെ തുടക്കകാലത്ത് തന്നെ ഈ കേസിലെ മാഡത്തെ തിരിച്ചറിഞ്ഞിരുന്നുവെന്നാണ് ലിബര്‍ട്ടി ബഷീര്‍ ഒരു ചാനല്‍ ചര്‍ച്ചിയില്‍ വഴി തുറന്ന് പറഞ്ഞിരിക്കുന്നത്.
നേരത്തേ അന്വേഷണ സംഘം മാഡത്തിലേക്ക് എത്തിയതാണെന്നും എന്നാല്‍ ഭരണകക്ഷിയിലെ ഒരു എം പി ഇടപെട്ട് ആ മാഡത്തെ ഒഴിവാക്കാന്‍ സര്‍ക്കാരിനോട് അപേക്ഷിക്കുകയായിരുന്നുവെന്നും പറയുകയാണ് ലിബര്‍ട്ടി ബഷീര്‍. എംപി ഇടപെട്ടതിനെ തുടര്‍ന്ന് അവരെ കേസില്‍ നിന്നും ഒഴിവാക്കുകയായിരുന്നു. ഇപ്പോഴും ആ മാഡത്തിലേക്ക് അന്വേഷണം എത്താനുള്ള സാധ്യത ഇല്ലെന്നും ദിലീപില്‍ തന്നെ കേസ് അവസാനിക്കുമെന്നും എന്നാല്‍ ആ മാഡത്തിന്റെ പേര് ഞാന്‍ പറയില്ലെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.
കേസില്‍ ഒരു സ്ത്രീയാണ് യഥാര്‍ത്ഥത്തില്‍ ശിക്ഷ അനുഭവിക്കേണ്ടതെന്നും താന്‍ കുടുങ്ങിയതാണെന്നുമാണ് ബാലചന്ദ്രകുമാര്‍ നല്‍കിയ ശബ്ദ സാമ്പിളുകളില്‍ ദിലീപ് പറയുന്നത്. നേരത്തേ തന്നെ കേസില്‍ ഒരു സ്ത്രീക്ക് പങ്കുണ്ടെന്ന തരത്തിലുള്ള ആരോപണങ്ങള്‍ ഉണ്ടായിരുന്നു. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയും ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു.
ഇതോടെ സ്ത്രീയുടെ പങ്കിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ വിവാദമായെങ്കിലും പിന്നീട് അവര്‍ക്ക് കേസില്‍ വലിയ പങ്കില്ലെന്ന് പള്‍സര്‍ സുനി തിരുത്തി പറയുകയും ചെയ്തു. ഇതോടെ ഇത് സംബന്ധിച്ചുള്ള അന്വേഷണം നടന്നിരുന്നില്ല. അതേസമയം ദിലീപിന്റെ വീട്ടില്‍ വെച്ച് നടത്തിയ ചര്‍ച്ചയിലാണ് ഇപ്പോള്‍ മാഡത്തിന്റെ പങ്കിനെ കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നിരിക്കുന്നത്.