Malayalam
മൂന്ന് വര്‍ഷത്തെ യാത്രയുടെ അവസാനത്തെ ദിവസം, ഞങ്ങളുടെ കുഞ്ഞിനെ അവസാനം നെറ്റ്ഫ്ലിക്സിന് കൈമാറി; മിന്നല്‍ മുരളി തനിക്ക് ഒരു സിനിമ മാത്രമല്ലെന്ന് ബേസില്‍ ജോസഫ്
മൂന്ന് വര്‍ഷത്തെ യാത്രയുടെ അവസാനത്തെ ദിവസം, ഞങ്ങളുടെ കുഞ്ഞിനെ അവസാനം നെറ്റ്ഫ്ലിക്സിന് കൈമാറി; മിന്നല്‍ മുരളി തനിക്ക് ഒരു സിനിമ മാത്രമല്ലെന്ന് ബേസില്‍ ജോസഫ്
ബേസില്‍ ജോസഫിന്റെ സംവിധാനത്തില്‍ ടൊവിനോ നായകനാവുന്ന ചിത്രമാണ് മിന്നല്‍ മുരളി. മൂന്ന് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം നെറ്റ്ഫ്ലിക്സില്‍ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രിവ്യൂ ഇന്നലെ മുംബൈയില്‍ വെച്ച് നടന്നിരുന്നു. ഇപ്പോഴിതാ മിന്നല്‍ മുരളിയെ കുറിച്ച് പറഞ്ഞിരിക്കുകയാണ് സംവിധായകന് ബേസില്‍ ജോസഫ്. കുഞ്ചാക്കോ ബോബനും ചിത്രത്തിന്റെ പ്രിവ്യൂവിന് എത്തിയിരുന്നു. മിന്നല്‍ മുരളിയെ കുറിച്ച് മികച്ച അഭിപ്രായമാണ് താരം പങ്കുവെച്ചത്.
‘ഇന്നലെയായിരുന്നു മിന്നല്‍ മുരളിയുമായുള്ള മൂന്ന് വര്‍ഷത്തെ യാത്രയുടെ അവസാനത്തെ ദിവസം. ഞങ്ങളുടെ കുഞ്ഞിനെ അവസാനം നെറ്റ്ഫ്ലിക്സിന് കൈമാറി. ഇത്രയധികം സമയം ഒരു സിനിമയ്ക്കൊപ്പം ചിലവഴിച്ചതിനാല്‍ മിന്നല്‍ മുരളി എനിക്ക് ഒരു സിനിമ മാത്രമല്ല. ഞങ്ങളുടെ എല്ലാവരുടെയും ജീവിതത്തില്‍ മറക്കാനാവാത്ത ഒരു ഭാഗം കൂടിയാണ്. ഈ സിനിമയ്്ക്കൊപ്പം ഉണ്ടായിരുന്നു ഓരോ നിമിഷവും അതിയിപ്പിക്കുന്നതും വളരെ ബുദ്ധിമുട്ടള്ളുതുമായിരുന്നു.
കൊവിഡ് വ്യാപനത്താല്‍ വന്ന നീണ്ട കാത്തിരിപ്പ് പ്രതിസന്ധികള്‍ കൂട്ടിയെങ്കിലും ഞങ്ങള്‍ എല്ലാവരും ഒരു നല്ല സിനിമ നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തില്‍ ഉറച്ച് തന്നെ മുന്നോട്ട് പോവുകയായിരുന്നു. ഈ സിനിമയുമായി മുന്നോട്ട് പോവാന്‍ എന്നെ വിശ്വസിച്ച നിര്‍മ്മാതാവ് സോഫിയ പോളിനോട് നന്ദി പറയുകയാണ്. പിന്നെ സൂപ്പര്‍ ഹീറോ ഇല്ലാതെ എന്ത് സൂപ്പര്‍ ഹീറോ സിനിമ. സൂപ്പര്‍ ഹീറോയുടെ എല്ലാ പരിവേഷങ്ങളും ടൊവിനോ നിനക്ക് ഉണ്ടായിരുന്നു. ഒരു നടന് സംവിധായകന് എന്ന ബന്ധത്തിലുപരി നീ എനിക്ക് സഹോദരനും സുഹൃത്തുമാണ്.’
അതോടൊപ്പം തന്നെ ചിത്രത്തിന്റെ മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കും ബേസില്‍ നന്ദി അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ചിത്രം നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്യുന്നു എന്ന ഔദ്യോഗിക പ്രഖ്യാപനം നടന്നത്. എന്നാണ് ചിത്രം റിലീസ് ചെയ്യുന്നത് എന്ന് താമസിയാതെ പ്രഖ്യാപിക്കുന്നതായിരിക്കും. അജു വര്‍ഗീസ്, ഹരിശ്രീ അശോകന്, ബൈജു, ഫെമിന എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ജിഗര്‍തണ്ട, ജോക്കര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ ഗുരു സോമസുന്ദരവും മിന്നല്‍ മുരളിയില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
സമീര്‍ താഹിറാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്. ഷാന്‍ റഹ്മാന് സംഗീത സംവിധാനം നിര്‍വഹിക്കുന്നു.സംഘട്ടനരംഗങ്ങള്‍ സംവിധാനം ചെയ്തിരിക്കുന്നത് ബാറ്റ്മാന്, ബാഹുബലി, സുല്‍ത്താന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ച വ്ലാഡ് റിംബര്‍ഗ് ആണ്. കലാസംവിധാനം മനു ജഗത്. ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് അരുണ്‍ അനിരുദ്ധന്, ജസ്റ്റിന് മാത്യു എന്നിവര്‍ ചേര്‍ന്നാണ് . വിഎഫ്എക്സിനും ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ വിഎഫ്എക്സ് സൂപ്പര്‍വൈസര്‍ ആന്‍ഡ്രൂ ഡിക്രൂസ് ആണ്. ഗോദയ്ക്ക് ശേഷം ടൊവീനോയും ബേസില്‍ ജോസഫും ഒരുമിക്കുന്ന ചിത്രമാണ് മിന്നല്‍ മുരളി. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് നിര്‍മ്മാണം.
