Malayalam
‘ഇത്തവണ അദ്ദേഹം സ്വര്‍ഗത്തിലിരുന്ന് ആശംസ നേരുന്നുണ്ടാകും’; പിറന്നാള്‍ ദിനത്തില്‍ സച്ചിയുടെ പഴയ ആശംസ വീഡിയോ പങ്കുവെച്ച് ബാദുഷ
‘ഇത്തവണ അദ്ദേഹം സ്വര്‍ഗത്തിലിരുന്ന് ആശംസ നേരുന്നുണ്ടാകും’; പിറന്നാള്‍ ദിനത്തില്‍ സച്ചിയുടെ പഴയ ആശംസ വീഡിയോ പങ്കുവെച്ച് ബാദുഷ
മലയാള സിനിമാ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതനായ പ്രൊഡക്ഷന്‍ കണ്ട്രോളറും നിര്‍മ്മാതാവുമാണ് ബാദുഷ. അദ്ദേഹത്തിന്റെ പിറന്നാള്‍ ദിനമായ ഇന്ന്, അന്തരിച്ച സംവിധായകന് സച്ചി പണ്ട് നേര്‍ന്ന പിറന്നാള്‍ ആശംസ പങ്കുവെച്ചിരിക്കുകയാണ് ബാദുഷ. ഇത്തവണ അദ്ദേഹം സ്വര്‍ഗത്തിലിരുന്ന് ആശംസ നേരുന്നുണ്ടാകും എന്ന കുറിപ്പോടെയാണ് ബാദുഷ പിറന്നാള്‍ ആശംസ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ജന്മദിനാശംസ. കഴിഞ്ഞ വര്‍ഷം ഒരു ദിനം കഴിഞ്ഞ ശേഷമാണ് സച്ചിയേട്ടന് എന്റെ ജന്മദിനമാണെന്ന് അറിഞ്ഞത്. ഇത്തവണ അദ്ദേഹം സ്വര്‍ഗത്തിലിരുന്ന് എനിക്ക് ആശംസ നേരുന്നുണ്ടാകും. ഈ ദിനത്തില്‍ സച്ചിയേട്ടാ നിങ്ങളെ എനിക്ക് വല്ലാതെ മിസ് ചെയ്യുന്നു എന്നാണ് ബാദുഷ പറഞ്ഞത്.
‘ബാദു മോനെ നീ വീണ്ടും വയസ്സറിയിച്ചു എന്ന വിവരം ഞാന്‍ കുറച്ച് വൈകിയാണ് അറിഞ്ഞത്. സുബൈര്‍ വിളിച്ചപ്പോള്‍ ആണ് ഇന്ന് നിന്റെ പിറന്നാളാണ് എന്ന് പറയുന്നത്. നിനക്ക് അറിയാല്ലോ ഞാന്‍ ഈ ഫേസ്ബുക്ക് ഒന്നും അങ്ങനെ തൊടാറില്ല. അല്ലെങ്കില്‍ നേരത്തെ അറിഞ്ഞേനെ. അപ്പോള്‍ ആശംസിക്കാന്‍ വൈകിയതില്‍ സോറി, ക്ഷമിക്കുക. നീ ഇനിയും ഒരുപാട് വര്‍ഷങ്ങളില്‍ ഒരുപാട് സിനിമകള്‍ ചെയ്യട്ടെ. എല്ലാ സിനിമകളും ഗംഭീരമാകട്ടെ’, എന്നാണ് സച്ചിയുടെ വാക്കുകള്‍.
‘അയ്യപ്പനും കോശിയും’ എന്ന തന്റെ സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ ആഘോഷങ്ങള്‍ തീരും മുന്‍പാണ് സച്ചി ലോകത്തോട് വിടവാങ്ങിയത്. 2020 ജൂണ്‍ 18 ന് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം സംഭവിച്ചത്. സച്ചിയുടെ ആദ്യ സംവിധാനത്തില്‍ പുറത്തിറങ്ങിയ അനാര്‍ക്കലി കഴിഞ്ഞ് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അയ്യപ്പനും കോശിയും പുറത്തിറങ്ങുന്നത്.
