Malayalam
‘രാഷ്ട്രീയം എനിക്ക് പണ്ടേ താല്പര്യമില്ലാത്ത കാര്യമാണ്’; അതിന്റെ പ്രധാന കാരണം എന്റെ വാപ്പയാണ്!; തുറന്ന് പറഞ്ഞ് ആസിഫ് അലി
‘രാഷ്ട്രീയം എനിക്ക് പണ്ടേ താല്പര്യമില്ലാത്ത കാര്യമാണ്’; അതിന്റെ പ്രധാന കാരണം എന്റെ വാപ്പയാണ്!; തുറന്ന് പറഞ്ഞ് ആസിഫ് അലി
നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമാ ലോകത്ത് തന്റേതായ സ്ഥാനം നേടിയെടുത്ത താരങ്ങളില്‍ ഒരാളാണ് ആസിഫ് അലി. ഏറെ ആരാധകരാണ് ആസിഫിന് ഇന്നുള്ളത്. ഇപ്പോഴിതാ രാഷ്ട്രീയം തനിക്ക് ചേരുന്ന പണിയല്ലെന്ന് വളരെ മുമ്പേ മനസ്സിലാക്കിയിരുന്നുവെന്ന് പറയുകയാണ് ആസിഫ് അലി. വാപ്പയില്‍ നിന്ന് തന്നെയാണ് താന്‍ അത് മനസ്സിലാക്കിയതെന്നും അദ്ദേഹം പറയുന്നു.
‘രാഷ്ട്രീയം എനിക്ക് പണ്ടേ താല്പര്യമില്ലാത്ത കാര്യമാണ്. അതിന്റെ കാരണം എന്റെ വാപ്പ ഒരു രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നു എന്നതാണ്. തൊടുപുഴ മുനിസിപ്പല്‍ ചെയര്‍മാനായിരുന്നു. ഞാന്‍ വാപ്പയുടെ തിരക്കൊക്കെ കണ്ടു വളര്‍ന്ന ആളാണ്.
എനിക്ക് എന്തോ അതൊക്കെ കണ്ടപ്പോള്‍ വലിയ താല്പര്യം തോന്നിയില്ല. പൊതുപ്രവര്‍ത്തനം വളരെ ക്ഷമ വേണ്ടുന്ന ഒരു കാര്യമാണ്. എല്ലാവര്ക്കും ചാടി കയറി ചെയ്യാവുന്ന കാര്യങ്ങളല്ല ഒരു രാഷ്ട്രീയക്കാരന്റേത്. അതിന് മറ്റേത് മേഖലയെക്കാളും ചിന്തയും ആര്‍ജ്ജവും ആവശ്യമാണ്.
‘മക്കള്‍ രാഷ്ട്രീയം’ കേരളത്തില്‍ പൊതുവേയുണ്ടെങ്കിലും എനിക്ക് എന്തോ അതിലേക്ക് തിരിയാന്‍ തോന്നിയിട്ടില്ല. സിനിമയില്‍ കടന്നു കയറുക എന്നത് തന്നെയായിരുന്നു ആദ്യം തൊട്ടേയുള്ള മോഹം. അത് വീട്ടുകാരറിയാതെ സാധിക്കുകയും ചെയ്തു. എന്റെ ആദ്യ സിനിമയായ ശ്യാമപ്രസാദ് സാറിന്റെ ഋതുവില്‍ ഞാന്‍ അഭിനയിക്കുമ്പോള്‍ എനിക്കത് വീട്ടുകാരറിയാത്ത രഹസ്യമായിരുന്നു’ എന്നാണ് ആസിഫ് അലി പറയുന്നത്.
അതേസമയം, കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് നിവിന്‍ പോളി- ആസിഫ് അലി ചിത്രമായ മഹാവീര്യറിന്റെ ചിത്രീകരണം പൂര്‍ത്തിയായത്. സിനിമയുടെ ചിത്രീകരണ ഇടവേളകളിലെ രസകരമായ ഒരു ചിത്രവും ആസിഫ് അലി പങ്കുവെച്ചിരുന്നു. നിവിനും ആസിഫും ഒരു കണ്ണാടിയില്‍ മുഖം ചേര്‍ത്ത് വെച്ചിരിക്കുന്നതാണ് ചിത്രം. ‘നല്ല സുഹൃത്തുക്കള്‍ നിങ്ങളെ മണ്ടത്തരങ്ങള്‍ ഒറ്റയ്ക്ക് ചെയ്യാന്‍ സമ്മതിക്കില്ല. എന്റെ പാര്‍ട്ണര്‍ ഇന്‍ ക്രൈമിനെ പരിചയപ്പെടുക.. നിവിന്‍ പോളി. എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും ഒന്നിക്കുന്നത് എന്ന് തോന്നുന്നേയില്ല എന്നും ആസിഫ് കുറിച്ചു.
കന്നഡ നടി ഷാന്‍വി ശ്രീവാസ്തവ ആണ് ചിത്രത്തില്‍ നായിക. ലാല്‍, സിദ്ദീഖ് എന്നിവര്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തും. എം. മുകുന്ദന്റെതാണ് കഥ. പോളി ജൂനിയറിന്റെ ബാനറില്‍ നിവിന്‍ പോളിയും ഇന്ത്യന്‍ മൂവി മേക്കേഴ്സിന്റെ ബാനറില്‍ ഷംനാസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. പത്തു വര്‍ഷത്തിന് ശേഷം നിവിന്‍ പോളിയും ആസിഫ് അലിയും ഒന്നിച്ച് അഭിനയിക്കുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. ട്രാഫിക്, സെവന്‍സ് എന്നീ ചിത്രങ്ങളില്‍ നിവിനും ആസിഫും ഒന്നിച്ച് അഭിയിച്ചിരുന്നു.
