Malayalam
അനുവാദം വാങ്ങിയ ശേഷമാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയത്, മരയ്ക്കാര്‍ അടക്കം അടുത്ത അഞ്ച് മോഹന്‍ലാല്‍ ചിത്രങ്ങളും ഒടിടിയ്ക്ക് തന്നെ; തുറന്ന് പറഞ്ഞ് ആന്റണി പെരുമ്പാവൂര്‍
അനുവാദം വാങ്ങിയ ശേഷമാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയത്, മരയ്ക്കാര്‍ അടക്കം അടുത്ത അഞ്ച് മോഹന്‍ലാല്‍ ചിത്രങ്ങളും ഒടിടിയ്ക്ക് തന്നെ; തുറന്ന് പറഞ്ഞ് ആന്റണി പെരുമ്പാവൂര്‍
പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രം മരയ്ക്കാര്‍ അടക്കം അടുത്ത അഞ്ച് മോഹന്‍ലാല്‍ ചിത്രങ്ങളും ഒ.ടി.ടിയില്‍ തന്നെ റിലീസ് ചെയ്യുമെന്ന് ആന്റണി പെരുമ്പാവൂര്‍. മരക്കാര്‍ അറബിക്കടലിന്റെ സിംഹം തിയേറ്ററില്‍ തന്നെ കാണിക്കണം എന്നാഗ്രഹിച്ച് എടുത്ത സിനിമയാണെന്നും എന്നാല്‍ തിയേറ്റര്‍ റിലീസ് നടക്കാത്തതിന് ഒരുപാട് കാരണങ്ങളുണ്ടെന്നും അദ്ദേഹം പറയുന്നു. വാര്‍ത്താ സമ്മേളനത്തിനിടെയാണ് ആന്റണി പെരുമ്പാവൂര്‍ ഇതേ കുറിച്ച് വ്യക്തമാക്കിയത്.
സാധാരണ ബജറ്റിലുള്ള സിനിമ ആണെങ്കില്‍ ഇങ്ങനെയുണ്ടാകില്ല. ഇത് വലിയ ബജറ്റാണ്. മുന്നോട്ടു പോകണമെങ്കില്‍ പണം തിരിച്ച് കിട്ടണം. കാണുന്ന സ്വപ്നം നേടണമെങ്കില്‍ നമുക്ക് ബലം വേണം എന്നാണ് ഈ വിഷയം ചര്‍ച്ച ചെയ്തപ്പോള്‍ ലാല്‍ സാര്‍ എന്നോട് പറഞ്ഞത്. എല്ലാവരുടെയും അനുവാദം വാങ്ങിയ ശേഷമാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയത്.
ഒരു ലക്ഷം രൂപയുടെ നഷ്ടം പോലും സഹിക്കാന്‍ തിയേറ്ററുകാര്‍ തയാറല്ല. ആന്റണി കോടികളുടെ നഷ്ടം സഹിച്ചോണം എന്ന് പറയുന്നതിനെ അംഗീകരിക്കാനാകില്ല. തിയേറ്ററുകാര്‍ ഒരുകോടി രൂപയ്ക്ക് അടുത്ത് ഇപ്പോഴും എനിക്ക് തരാനുണ്ട്. 20 മാസത്തോളം സിനിമ കയ്യില്‍ വച്ചത് തിയേറ്ററില്‍ കളിക്കാമെന്ന വിചാരത്തില്‍ തന്നെയാണ്. പക്ഷേ ആവശ്യപ്പെടുന്ന സ്ക്രീനുകള്‍ കിട്ടേണ്ട.
നഷ്ടം വന്നാല്‍ മുന്നോട്ടു പോകാന്‍ കഴിയില്ല. അത്രമാത്രം പണം മുടക്കിയ സിനിമയാണിത്. അധ്വാനിച്ചുണ്ടാക്കിയ പണമാണ്. ജീവിത പ്രശ്നമാണ്. തിയേറ്ററില്‍ റിലീസ് നടക്കാത്തതിന് ഒരുപാട് കാരണങ്ങളുണ്ട്. തിയേറ്ററുകളെ സഹായിക്കണമെന്ന് ആഗ്രഹമുണ്ട്. എന്നാല്‍ അവര്‍ നേരിട്ടുളള ചര്‍ച്ചയ്ക്ക് തയാറായില്ല, പിന്തുണ നല്‍കിയില്ല.
മോഹന്‍ലാലിന്റെയും പ്രിയദര്‍ശന്റെയും നിര്‍ദേശം തേടിയിട്ടാണ് തന്റെ തീരുമാനം. 40 കോടി അഡ്വാന്‍സ് വാങ്ങിയിട്ടില്ല, വാങ്ങിയത് 4.89 കോടിമാത്രം. വൈശാഖ് സംവിധാനം ചെയ്യുന്ന അടുത്ത മോഹന്‍ലാല്‍ ചിത്രവും ഒ.ടി.ടിയില്‍ റിലീസ് ചെയ്യും. എലോണ്‍, ട്വല്‍ത്ത് മാന്‍, ബ്രോ ഡാഡി എന്നീ സിനിമകളും ഒ.ടി.ടിയില്‍ തന്നെ അദ്ദേഹം പറഞ്ഞു.
